ആലപ്പുഴ: പ്രളയബാധിത പ്രദേശമായിട്ടും കുട്ടനാടിനെ മന്ത്രിമാരോ ജനപ്രതിനിധികളോ തിരിഞ്ഞുനോക്കാത്തതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ദുരിതകാലത്ത് ജനങ്ങളോടൊപ്പം നില്‍ക്കുക എന്നതാണ് ഏറ്റവും മികച്ച രാഷ്ട്രീയപ്രവര്‍ത്തനമെന്ന് രമേശ് ചെന്നിത്തല ഫെയ്ബുക്കില്‍ കുറിച്ചു. 

ആലപ്പുഴയില്‍ നിന്ന് ജി സുധാകരന്‍, ഡോ. ടി എം തോമസ് ഐസക്, പി തിലോത്തമന്‍ എന്നിങ്ങനെ മൂന്ന് മന്ത്രിമാരുണ്ടായിട്ടും കുട്ടനാട്ടിലേക്ക് ആരും തിരിഞ്ഞുനോക്കിയില്ല എന്ന ആരോപണം ഉയരവേയാണ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വന്നത്. സേവ് കുട്ടനാട്, എന്നും കൂടെയുണ്ട്, റെയിന്‍ ഹിറ്റ് കേരള തുടങ്ങിയ ഹാഷ്ടാഗോടുകൂടിയാണ് ചെന്നിത്തലയുടെ സര്‍ക്കാരിനെതിരെയുള്ള പോസിറ്റുകള്‍. 

പ്രതിസന്ധി ഘട്ടത്തില്‍ കുറ്റംപറയാതെ സര്‍ക്കാരിനോട് തോളോടുതോള്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്താനാണ് താന്‍ കുട്ടനാട്ടിലെത്തിയതെന്നും എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്രയും കെട്ടകാലം ചരിത്രിത്തിലുണ്ടായിട്ടില്ലെന്നും ചെന്നിത്തല പറയുന്നു.

പകര്‍ച്ച വ്യാധി ഭീഷണിയുണ്ടായിട്ടും ആരോഗ്യ രക്ഷാ സംവിധാനങ്ങളില്ല, വൈദ്യുതിയും, ഭക്ഷണവുമില്ല തുടങ്ങി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ചെന്നിത്തല നടത്തിയത്. പിടിപ്പുകേടുകള്‍ അവസാനിപ്പിച്ച് സര്‍ക്കാര്‍ കുട്ടനാട്ടുകാരെ സഹായിക്കാന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.