ഷാനവാസ്, എ.പി. സോണ
അശ്ലീലവീഡിയോ, ലഹരിക്കടത്ത്, നഗ്നതാപ്രദര്‍ശനം, കുട്ടനാട്ടിലെ കൂട്ടരാജി... ആലപ്പുഴയിലെ സി.പി.എമ്മില്‍ ഒന്നിനുപിറകെ ഒന്നായി വിവാദങ്ങളുടെ ഘോഷയാത്രയാണ്. പാര്‍ട്ടിയിലെ വിഭാഗീയത അതിരുവിട്ടതോടെ ഓരോരുത്തരെയും ലക്ഷ്യംവെച്ച് പരസ്പരം ചെളിവാരിയെറിയാന്‍ മത്സരിക്കുകയാണ് ഇരുപക്ഷവും. കഴിഞ്ഞ സമ്മേളന കാലത്ത് ആരംഭിച്ച വിഭാഗീയത പാര്‍ട്ടിക്കാകെ നാണക്കേടുണ്ടാക്കുന്നരീതിയില് വളര്‍ന്നിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് നേതൃത്വം. വിവാദങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ നടപടി സ്വീകരിച്ചെന്നും പാര്‍ട്ടി പറയുന്നു. അതേസമയം, പെണ്‍കുട്ടിയെ കയറിപിടിക്കുന്ന സംഭവം ഉള്‍പ്പെടെയുണ്ടായിട്ടും ഇതൊന്നും പോലീസില്‍ ഇതുവരെ പരാതിയായി എത്തിയിട്ടില്ല. അന്വേഷണവും തീര്പ്പുകല്പ്പിക്കലുമെല്ലാം 'പാര്‍ട്ടിയാണ്'.
കഴിഞ്ഞ സമ്മേളന കാലയളവ് മുതല്‍ ആലപ്പുഴയിലെ സി.പി.എമ്മില്‍ 'കലാപം' പൊട്ടിപ്പുറപ്പെട്ടിരുന്നെങ്കിലും നാണക്കേടുണ്ടാകുന്നരീതിയില് അതെല്ലാം മാറിയത് അടുത്തിടെയാണ്. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി. സോണയുടെ അശ്ലീലവീഡിയോ വിവാദമായിരുന്നു തുടക്കം. ജില്ലാ സെക്രട്ടറി ആര്.നാസറിന്റെയും ചിത്തരഞ്ജന്റെയും പക്ഷക്കാരനായ ഏരിയ കമ്മിറ്റി അംഗത്തെ അശ്ലീലവീഡിയോകളുമായി നാട്ടുകാര്‍ പിടികൂടിയ കഥ മറുപക്ഷം നാടാകെ പരത്തി. ഇതിനിടെയാണ് സജി ചെറിയാന് പക്ഷത്തുള്ള ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റി അംഗം ഷാനവാസ് ലഹരിക്കടത്ത് വിവാദത്തില്‍ ഉള്‍പ്പെട്ടത്. ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയില്‍നിന്നാണ് ലക്ഷങ്ങള്വിലവരുന്ന പുകയില ഉത്പന്നങ്ങള്‍ കരുനാഗപ്പള്ളിയില്‍നിന്ന് പിടികൂടിയത്. ലഹരിക്കടത്ത് കേസില്‍ സി.പി.എം. ആലപ്പുഴ സീവ്യൂ ബ്രാഞ്ച് അംഗമായ ഇജാസ് പിടിയിലാവുകയും ചെയ്തു. എന്നാല്‍ തനിക്ക് ഇതില്‍ പങ്കില്ലെന്നും ലോറി വാടകയ്ക്ക് നല്‍കിയതാണെന്നുമായിരുന്നു ഷാനവാസിന്റെ വിശദീകരണം. പക്ഷേ, എതിര്‍വിഭാഗം ഈ സംഭവം നല്ലതുപോലെ ഉപയോഗിച്ചു.
ഒരുവിവാദം ഉയരുമ്പോള്‍ അതിന് തടയിടാന്‍ മറുവിഭാഗം മറ്റൊരു വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നതാണ് ആലപ്പുഴയില്‍ നടക്കുന്നത്. കഴിഞ്ഞ സമ്മേളന കാലയളവില്‍തന്നെ ജില്ലയിലെ ഏരിയ കമ്മിറ്റികള്‍ പിടിച്ചെടുക്കാന്‍ നാസര്‍-ചിത്തരഞ്ജന്, സജി ചെറിയാന് പക്ഷം വന്‍നീക്കങ്ങള്‍ നടത്തിയിരുന്നു. ഈ നീക്കങ്ങളെ സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന നേതൃത്വം, ജില്ലാ സമ്മേളനത്തില്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമായി പറയുകയും ചെയ്തു.
ആലപ്പുഴ സൗത്ത്, നോര്‍ത്ത്, തകഴി, കാര്‍ത്തികപ്പള്ളി, കായംകുളം, മാന്നാര്‍ ഏരിയ കമ്മിറ്റികളില്‍ വിഭാഗീയതയുടെ അടിസ്ഥാനത്തിലാണ് സമ്മേളനങ്ങള്‍ നടന്നതെന്നും ഭാരവാഹി തിരഞ്ഞെടുപ്പില്‍ മുന്‍പൊന്നും ഇല്ലാത്തവിധം വെട്ടിനിരത്തലും പിടിച്ചെടുക്കലും നടന്നതായും നേതൃത്വം കണ്ടെത്തിയിരുന്നു. തകഴി ഏരിയ കമ്മിറ്റിക്ക് കീഴിലെ കൈനകരിയില്‍ ലോക്കല്‍ സമ്മേളനം നിര്‍ത്തിവെക്കേണ്ടിവന്നതും വിഭാഗീയതയുടെ തെളിവായിരുന്നു. ഇവിടെ പ്രതിനിധികളെ പോലും തിരഞ്ഞെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
.jpg?$p=d607ec7&&q=0.8)
ഏരിയ കമ്മിറ്റികള്‍ പിടിച്ചെടുക്കാന്‍ നടത്തിയ നീക്കങ്ങളും രൂക്ഷമായ വിഭാഗീയതയും ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ചയായി. പിന്നാലെ സംസ്ഥാന സമ്മേളനത്തിലും ആലപ്പുഴയിലെ വിഷയങ്ങള്‍ എത്തി.
തിരഞ്ഞെടുപ്പ് സമയത്ത് വിഭാഗീയത ഉടലെടുത്തപ്പോള്‍ ടി.പി. രാമകൃഷ്ണന്, എളമരം കരീം എന്നിവരടങ്ങിയ കമ്മീഷന് അന്വേഷണത്തിനെത്തി. ഈ അന്വേഷണത്തിനൊടുവില്‍ ചില നടപടികളും സ്വീകരിച്ചു. പിന്നീട് ഏരിയ കമ്മിറ്റികളിലെ വിഭാഗീയത അന്വേഷിക്കാനായി മറ്റൊരു കമ്മീഷനെയും പാര്‍ട്ടി നിയോഗിച്ചു. പി.കെ. ബിജു, കെ.ജെ. തോമസ് എന്നിവരായിരുന്നു അന്വേഷണ കമ്മീഷന് അംഗങ്ങള്‍. എന്നാല്‍ കമ്മീഷന് പലവട്ടം സിറ്റിങ് നടത്തിയെങ്കിലും ഇതുവരെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. ഇതിനിടെ ജില്ലയിലെ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത കൂടുതല്‍ രൂക്ഷമാവുകയും അത് മുന്‍പൊന്നും ഇല്ലാത്തവിധം പൊട്ടിത്തെറിയിലേക്ക് എത്തുകയുമായിരുന്നു.
കുട്ടനാട്ടിലെ പ്രതിസന്ധി....
രൂക്ഷമായ വിഭാഗീയതയും നേതൃത്വത്തോടുള്ള അസംതൃപ്തിയുമാണ് കുട്ടനാട്ടില്‍ പ്രവര്‍ത്തകര്‍ കൂട്ടമായി പാര്‍ട്ടിവിടാനും വഴിവെച്ചത്. നേതാക്കള്‍ കുട്ടനാട്ടില്‍നിന്ന് അകന്നതും നിയമസഭ സീറ്റ് കൈമാറിയതും താഴെത്തട്ടിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനിടയാക്കി.
വി.എസ്. അച്യുതാനന്ദനും വര്‍ഗീസ് വൈദ്യനും അടക്കമുള്ള നേതാക്കള്‍ പ്രവര്‍ത്തിച്ചിരുന്ന, സി.പി.എമ്മിന് വലിയ അടിത്തറയുള്ള മേഖലയാണ് കുട്ടനാട്. എന്നാല്‍ കുട്ടനാട് നിയമസഭ സീറ്റ് എന്‍.സി.പിക്ക് നല്‍കിയത് മുതല്‍ ഇവിടെ പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ട്. വലിയൊരുവിഭാഗം ഈ നീക്കത്തില്‍ അസംതൃപ്തരായിരുന്നു. മാത്രമല്ല, കുട്ടനാട് സീറ്റ് 'വിറ്റതാണെന്നും' ഒരുവിഭാഗം ആരോപിക്കുന്നുണ്ട്. ഇതിനെല്ലാംപുറമേ പാര്‍ട്ടി നേതാക്കള്‍ താഴെത്തട്ടില്‍നിന്ന് അകന്നതും അസംതൃപ്തിക്ക് ആക്കംകൂട്ടി. പാര്‍ട്ടി സമ്മേളനങ്ങളിലും തദ്ദേശ, സഹകരണബാങ്ക് തിരഞ്ഞെടുപ്പുകളിലും ഈ അസംതൃപ്തി പ്രതിഫലിച്ചു.
ഏരിയ കമ്മിറ്റി പിടിച്ചെടുത്തു...
സജി ചെറിയാന്, നാസര്‍-ചിത്തരഞ്ജന് പക്ഷങ്ങള്‍ തമ്മിലുള്ള വിഭാഗീയത വളര്‍ന്നപ്പോള്‍ ഏരിയ കമ്മിറ്റികള്‍ പിടിച്ചെടുക്കുന്നത് ഇരുവിഭാഗങ്ങള്‍ക്കും ശരിക്കും 'പോരാട്ട'മായിരുന്നു. നേരത്തെ ജി.സുധാകരന്റെയും തോമസ് ഐസക്കിന്റെയും നേതൃത്വത്തിലുള്ള രണ്ട് ശക്തികളാണ് ആലപ്പുഴയിലുണ്ടായിരുന്നത്. ഇരുവരും നേതൃനിരയില്‍നിന്ന് മാറിയതോടെ പുതിയ ചേരികള്‍ രൂപംകൊണ്ടു. സജി ചെറിയാന്റെ കീഴില്‍ ഒരുവിഭാഗവും ജില്ലാ സെക്രട്ടറി നാസര്‍, ചിത്തരഞ്ജന് എന്നിവര്‍ക്കൊപ്പം മറുവിഭാഗവും നിലയുറപ്പിച്ചു.
ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റി സജി ചെറിയാന് വിഭാഗം പിടിച്ചെടുത്തപ്പോള്‍ സൗത്ത് ഏരിയ കമ്മിറ്റി ചിത്തരഞ്ജന് വിഭാഗത്തിന്റെ കൈകളിലായി. വ്യക്തമായ ഉദ്ദേശലക്ഷ്യങ്ങളോടെയായിരുന്നു ഇരുവിഭാഗവും ഏരിയ കമ്മിറ്റികള്‍ പിടിച്ചെടുത്തത്.
സോണയുടെ അശ്ലീലവീഡിയോ
ചിത്തരഞ്ജന് വിഭാഗം പിടിച്ചെടുത്ത ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയിലെ അംഗമായ എ.പി. സോണ വിവാദനായകനായത് അപ്രതീക്ഷിതമായിട്ടായിരുന്നു. ഒരു സ്ത്രീയുടെ വീട്ടിലെത്തിയ സോണയെ പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതിനാണ് നാട്ടുകാര്‍ 'കൈകാര്യം' ചെയ്തത്. നേതാവ് പരിചയമുള്ള സ്ത്രീയുടെ വീട്ടിലെത്തിയപ്പോള്‍ സ്ത്രീ അവിടെ ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് സ്ത്രീയുടെ മകള്‍ കുളിക്കുന്നത് നേതാവിന്റെ കണ്ണില്‍പ്പെട്ടത്. പെണ്‍കുട്ടിയെ കയറിപിടിക്കാന്‍ ശ്രമിച്ചതോടെ കുട്ടി ബഹളംവെയ്ക്കുകയും നാട്ടുകാരെ വിളിച്ചുകൂട്ടുകയും ചെയ്തു. നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നതിനിടെ സോണയുടെ മൊബൈല്‍ഫോണ്‍ തെറിച്ചുപോയി. തുടര്‍ന്ന് കുട്ടിയുടെ കുളിമുറി ദൃശ്യം പകര്‍ത്തിയിട്ടുണ്ടോ എന്ന് നോക്കാനായി നാട്ടുകാര്‍ ഫോണ്‍ പരിശോധിച്ചതോടെയാണ് ഒട്ടേറെ സ്ത്രീകളുടെ അശ്ലീലവീഡിയോകള്‍ കണ്ടെത്തിയത്. ഏകദേശം 34 സ്ത്രീകളുടെ അശ്ലീലവീഡിയോകളാണ് സോണയുടെ ഫോണിലുണ്ടായിരുന്നത്. ഇതോടെ സോണയുടെ അശ്ലീലവീഡിയോകള്‍ എതിര്‍പക്ഷം നാട്ടിലാകെ പാട്ടാക്കി. ഒപ്പം പാര്‍ട്ടിയിലും പരാതി എത്തി. തുടര്‍ന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം അന്വേഷണകമ്മീഷനെ നിയോഗിച്ചത്. കമ്മീഷന് വീഡിയോകള്‍ ഉള്‍പ്പെടെ പരിശോധിച്ചതിന് പിന്നാലെ സോണയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു.
.jpg?$p=ea79d92&&q=0.8)
അതേസമയം, വീഡിയോയില്‍ ഉള്‍പ്പെട്ട ഒരു സ്ത്രീക്ക് പോലും നേതാവിനെതിരേ പരാതി ഇല്ലാതിരുന്നിട്ടും പാര്‍ട്ടിയിലെ എതിര്‍വിഭാഗമാണ് അശ്ലീലവീഡിയോ വിവാദം ചര്‍ച്ചയാക്കിയത്. പെണ്‍കുട്ടിയെ കയറിപിടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍പോലും ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി എത്തിയിട്ടില്ല.
നേരത്തെ സോണയ്ക്കെതിരേ ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഇതെല്ലാം മറികടന്നാണ് ഏരിയ കമ്മിറ്റിയിലെത്തിയത്. അടുപ്പംസ്ഥാപിക്കുന്ന സ്ത്രീകള്‍ക്ക് ഡിസൈനര്‍ ഉള്‍വസ്ത്രങ്ങള്‍ വാങ്ങിനല്‍കുന്നത് നേതാവിന്റെ പതിവായിരുന്നു. പിന്നീട് ഈ ഉള്‍വസ്ത്രങ്ങള്‍ മാത്രം ധരിച്ച് വീഡിയോ കോള്‍ വിളിക്കാന്‍ ആവശ്യപ്പെടുകയും അത് റെക്കോഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തു. ഇതിനുപുറമേ സ്ത്രീകള്‍ക്കൊപ്പമുള്ള രഹസ്യവീഡിയോകളും നേതാവിന്റെ ഫോണിലുണ്ടായിരുന്നു. സ്ത്രീകളില്‍നിന്ന് പണം കൈപ്പറ്റിയതായും ആരോപണമുയര്‍ന്നു.
ഒരുകോടിയുടെ പുകയില ഉത്പന്നങ്ങള്‍, കടത്തിയത് നേതാവിന്റെ വണ്ടിയില്‍...
അശ്ലീലവീഡിയോ വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് ആലപ്പുഴയിലെ സി.പി.എമ്മിനെ വെട്ടിലാക്കിയ മറ്റൊരു സംഭവമുണ്ടായത്. ഒരുകോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി മൂന്നുപേര്‍ കരുനാഗപ്പള്ളിയില്‍ പോലീസിന്റെ പിടിയിലായപ്പോള്‍ അതിലൊരു പ്രതിയായ ഇജാസ് സി.പി.എം. ബ്രാഞ്ച് അംഗമായിരുന്നു. പുകയില ഉത്പന്നങ്ങള്‍ കടത്തിയത് ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയിലും. ഇതോടെ പാര്‍ട്ടി വീണ്ടും പ്രതിരോധത്തിലായി.
കരുനാഗപ്പള്ളിയില്‍ അറസ്റ്റിലായ ഇജാസ് കഴിഞ്ഞ ഓഗസ്റ്റിലും സമാനകേസില്‍ പിടിയിലായിരുന്നു. 55 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളുമായി പിടിയിലായിട്ടും ഇജാസിനെ അന്ന് പാര്‍ട്ടി പുറത്താക്കിയിരുന്നില്ല. ഒരിക്കല്‍ ലഹരിക്കടത്തിന് പിടിക്കപ്പെട്ടിട്ടും ബ്രാഞ്ച് അംഗമായി തുടര്‍ന്ന ഇജാസ് പുറത്തിറങ്ങിയിട്ടും പഴയ കച്ചവടം തുടരുകയായിരുന്നു.
അതിനിടെ, പുകയില ഉത്പന്നങ്ങള്‍ കടത്തിയ ലോറി താന്‍ വാടകയ്ക്ക് നല്‍കിയതാണെന്നാണ് സി.പി.എം. നേതാവായ ഷാനവാസിന്റെ വിശദീകരണം. 35 ലക്ഷം രൂപയുടെ ലോറി സുഹൃത്തായ ജയന് പച്ചക്കറി കൊണ്ടുവരാനായി അടുത്തിടെ വാടകയ്ക്ക് നല്‍കിയെന്നാണ് ഇദ്ദേഹത്തിന്റെ വാദം. എന്നാല്‍ ഈ ജയനെ കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല, പ്രതികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലോ ആരോപണവിധേയനായ നേതാവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലോ പരിശോധന പോലും നടന്നില്ല. കരുനാഗപ്പള്ളി കേസില്‍ അറസ്റ്റിലായ പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്. കേസിന്റെ അന്വേഷണവും ദുര്‍ബലമായി.
ഒടുവിലായി നഗ്നതാപ്രദര്‍ശനം...
വിഭാഗീയത രൂക്ഷമായി ഇരുവിഭാഗവും പരസ്പരം ചെളിവാരിയെറുന്നനിലയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ബ്രാഞ്ച് സെക്രട്ടറിയുടെ നഗ്നതാപ്രദര്‍ശനം. ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ കളപ്പുര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പ്രകാശിനെതിരേയാണ് കഴിഞ്ഞദിവസം പാര്‍ട്ടി നടപടി സ്വീകരിച്ചത്. സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്ന് നീക്കിയാണ് പാര്‍ട്ടി പരാതിയില്‍ നടപടിയെടുത്തത്. സംഭവം കുടുബപ്രശ്നമാണെന്നും പാര്‍ട്ടി നേതൃത്വം പറയുന്നു. എന്നാല്‍ ഈ പരാതിയും വിഭാഗീയതയുടെ ഭാഗമായി ഉയര്‍ന്നുവന്നതാണെന്നാണ് സൂചന.
ഇരുവിഭാഗങ്ങളിലെയും നേതാക്കളെ ലക്ഷ്യമിട്ട് പലരീതിയിലുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളുമാണ് സാമൂഹികമാധ്യമങ്ങളില്പ്രചരിക്കുന്നത്. ഒരു ലോക്കല്‍ കമ്മിറ്റി അംഗം മറ്റൊരു ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യയുമായി കടന്നുകളഞ്ഞെന്ന് വരെ പ്രചാരണമുണ്ടായി. വിഭാഗീയത മൂത്ത് പരസ്പരം ചെളിവാരിയെറുന്നനിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ ആലപ്പുഴയിലെ പാര്‍ട്ടിയില്‍ അടിയന്തര 'ശുദ്ധികലശ'ത്തിന് വഴിയൊരുങ്ങുമെന്നും സൂചനയുണ്ട്.
Content Highlights: alappuzha cpm controversies sex video clip pan masala smuggling
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..