‘പ്രിയ കുട്ടികളേ, ആദ്യ ഉത്തരവ് നിങ്ങൾക്കു വേണ്ടി’; വൈറലായി കളക്ടറുടെ പോസ്റ്റ്, കമന്റ് ബോക്സ് തുറന്നു


കളക്ടറുടെ ഫെയ്സ്ബുക്ക് പേജിലെ കമന്റ് ബോക്സ് വീണ്ടും തുറന്നു. ശ്രീറാം വെങ്കിട്ടരാമൻ ചുമതലയേറ്റപ്പോൾ ഇതു പൂട്ടിയിരുന്നു. ബുധനാഴ്ച രാവിലെമുതൽ തന്നെ കൃഷ്ണതേജയ്ക്ക് ആശംസാപ്രവാഹമാണ്.

വി.ആർ. കൃഷ്ണതേജ, ഇൻസൈറ്റിൽ കളക്ടറുടെ ഫെയ്സ്ബുക്ക് കുറിപ്പ് Photo: https://www.facebook.com/districtcollectoralappuzha

ആലപ്പുഴ: പുതിയ കളക്ടർ വി.ആർ. കൃഷ്ണതേജ ചുമതലയേറ്റശേഷം ഇറക്കിയ ആദ്യ ഉത്തരവ് കുട്ടികൾക്കായി. വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിക്കുന്നതായിരുന്നു ഇത്. ഇതേപ്പറ്റി കളക്ടർ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ കുറിക്കുകയും ചെയ്തു. മൂന്നുമണിക്കൂറിനുള്ളിൽ 34000പേരാണ് കുറിപ്പ് ലൈക്ക് ചെയ്തത്.

വൈറലായ കളക്ടറുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

‘പ്രിയ കുട്ടികളേ,

ഞാൻ ആലപ്പുഴ ജില്ലയിൽ കളക്ടറായി ചുതമല ഏറ്റെടുത്തത് നിങ്ങൾ അറിഞ്ഞുകാണുമല്ലോ. എന്റെ ആദ്യ ഉത്തരവു തന്നെ നിങ്ങൾക്കുവേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻവേണ്ടിയാണ്. നാളെ നിങ്ങൾക്ക് ഞാൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നുകരുതി വെള്ളത്തിൽ ചാടാനോ ചൂണ്ടയിടാനോ പോകല്ലേ. നമ്മുടെ ജില്ലയിൽ നല്ല മഴയാണ്. എല്ലാവരും വീട്ടിൽത്തന്നെ ഇരിക്കണം. അച്ഛനമ്മമാർ ജോലിക്കു പോയിട്ടുണ്ടാകും. അവരില്ലെന്നു കരുതി പുറത്തേക്കൊന്നും പോകരുത്. പകർച്ചവ്യാധി പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം.

കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്നു കരുതി മടിപിടിച്ച് ഇരിക്കാതെ പാഠഭാഗങ്ങൾ മറിച്ചുനോക്കണം. നന്നായി പഠിച്ചു മിടുക്കരാകൂ... സ്നേഹത്തോടെ.’

പുതിയ കളക്ടർ ചുമതലയേറ്റു

: കുറച്ചുദിവസങ്ങൾക്കു മുമ്പ് ടൂറിസവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ ഒരു യോഗത്തിൽ പങ്കെടുക്കാൻ കൃഷ്ണതേജയെത്തി. ഇതറിഞ്ഞ് ഒരു കുടുംബം കാണാൻ കളക്ടറേറ്റിലെത്തി. യോഗംതീരാൻ മണിക്കൂറുകൾ കാത്തുനിന്നു. യോഗം കഴിഞ്ഞെത്തിയ കൃഷ്ണതേജയോട് വീടുവരെ വരാമോയെന്ന് അവർ അഭ്യർഥിച്ചു. അദ്ദേഹം കുട്ടനാട്ടിലുള്ള അവരുടെ വീട്ടിലെത്തി.

ചുറ്റും വെള്ളം കെട്ടിക്കിടക്കുന്ന ഒരു പ്രദേശത്ത് ‘നെഞ്ചുവിരിച്ച്’ അവരുെട സുന്ദരമായ കൊച്ചുഭവനം. ‘ഐ ആം ഫോർ ആലപ്പി’ പദ്ധതിവഴി കുടുംബത്തിനു കൃഷ്ണതേജയിലുടെ ലഭിച്ച വീടാണത്. അദ്ദേഹത്തെ വീടു കാണിച്ചു നന്ദിപറയാനും സന്തോഷം പങ്കിടാനുമാണ് ആ കുടുംബമെത്തിയത്.

ഏതു വെള്ളപ്പൊക്കത്തെയും അതീജിവിക്കുന്നതാണ്‌ വീടിന്റെ നിർമിതി. ആ പ്രദേശത്തെ വീടുകളെല്ലാം ഇപ്പോൾ വെക്കുന്നത് ഐ ആം ഫോർ ആലപ്പി മാതൃകയിലാണ്. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവർക്കു വീടുകൾ, കന്നുകാലികൾ, വള്ളം, തുടങ്ങി നഷ്ടപ്പെട്ട സർവതും സാധ്യമായ രീതിയിൽ തിരിച്ചുനൽകി ഈ പദ്ധതിയിലൂടെ തേജ. ഇങ്ങനെ ആലപ്പുഴക്കാരുടെ ജീവിതത്തിന്റെ ഭാഗമായ ഒരാൾ കളക്ടറായി ചുമതലയേൽക്കുമ്പോൾ പ്രതീക്ഷകൾ ഏറെ വലുതാണ്. തന്റെ പദ്ധതികളെക്കുറിച്ച് കൃഷ്ണതേജ ‘മാതൃഭൂമി’യോടു സംസാരിക്കുന്നു.

ഐ ആം ഫോർ ആലപ്പിക്ക് രണ്ടാംഭാഗം

: പ്രളയത്തിൽ ഏറെ ദുരിതമനുഭവിച്ച ജനങ്ങൾക്കു വലിയ സഹായങ്ങൾ നൽകിയ ഐ ആം ഫോർ ആലപ്പി പദ്ധതിക്കു തുടർച്ചയുണ്ടാകും. അർഹരായവരെ കണ്ടെത്തി ആവശ്യമായ സഹായം നൽകുന്നതിനു പരമാവധി പരിശ്രമിക്കും. അതിന് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

വരുന്നതു വള്ളംകളിക്കാലം

: നെഹ്റുട്രോഫി നടത്തിപ്പിന്റെ പൂർണചുമതല സബ് കളക്ടർ സൂരജ് ഷാജിക്കാണ്. അദ്ദേഹത്തിന് എല്ലാ പിന്തുണയും സഹായവും നൽകും. വിജയകരമായി നെഹ്റുട്രോഫിയും സി.ബി.എലും നടത്തിയ മുൻ പരിചയം സഹായകമാകുമെന്നാണു പ്രതീക്ഷ. രണ്ടുവർഷത്തിനുശേഷം നടക്കുന്ന ആലപ്പുഴയുടെ ആഘോഷമായ വള്ളംകളി ജനകീയമാക്കി കുറ്റമറ്റരീതിയിൽ നടത്താൻ പരിശ്രമിക്കും.

ടൂറിസംരംഗത്തു മാറ്റങ്ങൾ

ടൂറിസം ഡയറക്ടർ സ്ഥാനത്തിരുന്നതിനാൽ ആലപ്പുഴയുടെ ടൂറിസംസാധ്യതകൾ ഏറെ അറിയാൻ സാധിച്ചിട്ടുണ്ട്. ഇതു പരമാവധി പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ ആവിഷ്കരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ട്. പുരവഞ്ചി മേഖലകളിലും മറ്റു വിനോദസഞ്ചാരമേഖലകളിലും സഞ്ചാരികളെ ആകർഷിക്കാൻ പരിപാടികൾ ആസൂത്രണം ചെയ്യും.

എന്താണ് ഐ ആം ഫോർ ആലപ്പി?

: ആളുകളെ സഹായിക്കാനാരംഭിച്ച ഈ പദ്ധതിയുടെ വഴികാട്ടിയും ഉപജ്ഞാതാവുമാണ് കൃഷ്ണതേജ. കേവലം ഒരു ഫെയ്സ്ബുക്ക് പോസ്റ്റിൽനിന്നു തുടങ്ങിയ ആശയമാണ് ആയിരക്കണക്കിനു പ്രളയബാധിതകർക്കു സഹായംലഭിക്കാൻ കാരണമായത്. പ്രളയത്തിൽ തകർന്ന അങ്കണവാടിയുടെ നവീകരണവുമായി ബന്ധപ്പെട്ട് ആദ്യ പോസ്റ്റിട്ട് ആറുമണിക്കൂറിനകം അതിന്റെ നിർമാണച്ചെലവുകളേറ്റെടുക്കാൻ സന്നദ്ധരായി ആളുകൾ വന്നു.

പ്രളയത്തിൽ സർവതും വെള്ളം കവർന്നെടുക്കുന്നതു കണ്ടുനിൽക്കേണ്ടിവന്നവർക്കു നഷ്ടപ്പെട്ടതെല്ലാം തിരികെ നൽകിക്കൊണ്ടാണ് പദ്ധതി മുന്നോട്ടുപോയത്. വീട്, പശു, മറ്റു ജീവനോപാധികൾ എന്നിവയെല്ലാം നൽകി. സംസ്ഥാനത്തിനകത്തും പുറത്തുംനിന്നുള്ള ഒട്ടേറെപ്പേരും സംഘടനകളും സെലിബ്രിറ്റികളുമുൾപ്പെടെ നൂറുകണക്കിനാളുകളുടെ സഹായത്തോടെയാണ് ഇവയെല്ലാം പൂർത്തിയാക്കിയത്.

ആന്ധ്രാ സ്വദേശിയായ സബ് കളക്ടറുടെ വ്യക്തിബന്ധങ്ങളുടെ ഭാഗമായി സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ഒട്ടേറെപ്പേർ കേരളത്തിലെത്തി. വ്യക്തികൾ നേരിട്ടാണ് ഗുണഭോക്താക്കൾക്കുള്ള സഹായങ്ങൾ കൈമാറുന്നുവെന്നത് പദ്ധതിയെ കൂടുതൽ സുതാര്യമാക്കി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ കൃഷ്ണതേജ 2016 ഒക്ടോബർ 14-നാണ് ആലപ്പുഴയുടെ സബ് കളക്ടറായി ചുമതലയേറ്റെടുത്തത്. 2015 ഐ.എ.എസ്. ബാച്ചുകാരനാണ്.

കമന്റ് ബോക്സ് തുറന്നു

: കളക്ടറുടെ ഫെയ്സ്ബുക്ക് പേജിലെ കമന്റ് ബോക്സ് വീണ്ടും തുറന്നു. ശ്രീറാം വെങ്കിട്ടരാമൻ ചുമതലയേറ്റപ്പോൾ ഇതു പൂട്ടിയിരുന്നു. ബുധനാഴ്ച രാവിലെമുതൽ തന്നെ കൃഷ്ണതേജയ്ക്ക് ആശംസാപ്രവാഹമാണ്. എ.ഡി.എമ്മിൽനിന്നാണ് ഇദ്ദേഹം ചുമതലയേറ്റെടുത്തത്. ചൊവ്വാഴ്ച വൈകീട്ടുതന്നെ ശ്രീറാം വെങ്കിട്ടരാമൻ എ.ഡി.എമ്മിനു ചുമതലനൽകി പോയിരുന്നു.

ആദ്യപരിഗണന ദുരിതാശ്വാസത്തിന്

: മഴയും തുടർന്നുള്ള കെടുതികളും ജനങ്ങളെ ഏറെ വലയ്ക്കുന്ന സമയമാണിത്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് ആദ്യപരിഗണന. എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. കിഴക്കൻവെള്ളത്തിന്റെ വരവു കൂടാൻ സാധ്യതയുണ്ട്. മുന്നൊരുക്കമെന്ന നിലയിൽ അപകടസാധ്യതയുള്ള സ്ഥലത്തെ ജനങ്ങളെ ക്യാമ്പിലേക്കു മാറ്റുന്നുണ്ട്. കിഴക്കൻവെള്ളം വേഗത്തിൽ കടലിലെത്താൻ തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകൾ പരമാവധി ഉയർത്തി. തണ്ണീർമുക്കം ബണ്ട് തുറക്കുകയും അന്ധകാരനഴിയിൽ വെള്ളമൊഴുക്കിനു തടസ്സമായി നിൽക്കുന്ന മണ്ണുമാറ്റുന്ന നടപടി വേഗത്തിലാക്കുകയും ചെയ്തു.

Content Highlights: Alappuzha collector vr krishna teja facebook post viral

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Eldhose Paul

2 min

അന്ന് സ്‌കോളര്‍ഷിപ്പ് നിഷേധിച്ചു; ഇന്ന് സ്വര്‍ണം കൊണ്ട് പിഴ തീര്‍ത്ത് എല്‍ദോസ് 

Aug 7, 2022

Most Commented