ആലപ്പുഴ:  കളര്‍കോട് വാഹനാപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ വൈകാരിക പ്രതികരണവുമായി വാഹന ഉടമ ഷമീല്‍ ഖാന്‍. സിനിമയ്ക്ക് പോകാന്‍ വാഹനം ചോദിച്ചപ്പോള്‍ കൊടുത്തതാണോ താൻ ചെയ്ത തെറ്റെന്ന് ഷമീൽ ഖാൻ ചോദിച്ചു. വണ്ടി ഓടിക്കാന്‍ അറിയാത്തവന് ലൈസന്‍സ് കൊടുത്ത ഉദ്യോഗസ്ഥര്‍ക്ക് ഒരു കുഴപ്പവുമില്ലേയെന്നും പോക്കറ്റ് നിറയെ കാശ് മേടിച്ച് വെച്ചിട്ടല്ലേ ലൈസന്‍സ് കൊടുത്തതെന്നും ഷമീൽ ഖാൻ പറഞ്ഞു. ലൈസന്‍സ് അനുവദിച്ച സര്‍ക്കാരിനും ഇതില്‍ ഉത്തരവാദിത്തമില്ലേയെന്നും ഷമീല്‍ ഖാന്‍ ചോദിച്ചു. 

To advertise here,

ഭക്ഷണം കഴിക്കാനും എണ്ണയടിക്കാനും കൈയില്‍ പൈസയില്ല, മൊബൈല്‍ ഇപ്പോള്‍ ഓഫാകുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒരു ആയിരം രൂപ അവര്‍ക്ക് കൊടുത്തു. അതിനുപകരമായി അവര്‍ ആ പണം എന്റെ ​ഗൂ​ഗിൾ പേയില്‍ ഇട്ടുതന്നു. ഇവിടെ വന്നതില്‍ മുഹമ്മദ് ജബ്ബാറിനെ മാത്രമാണ് എനിക്ക് അറിയുന്നത്. നല്ല കുട്ടികളായിട്ട് തോന്നിയത് കൊണ്ടാണ് കൊടുത്തത്. വെള്ളമടിച്ച് നടക്കുന്നവര്‍ ആയിരുന്നെങ്കില്‍ പൈസയും വണ്ടിയുമൊന്നും കൊടുക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഇപ്പോള്‍ വണ്ടിയും പോയി, ചീത്തപ്പേരും ആയ അവസ്ഥയാണിലെന്നും ഷമീൽ ഖാൻ പറഞ്ഞു. ഞാന്‍ നാട്ടുകാരെ കൊല്ലാന്‍ വിട്ടെന്നാണ് ഇപ്പോള്‍ പറയുന്നത്. എന്റെ ഉപയോഗത്തിന് വാങ്ങിയ വണ്ടിയാണ്. ഞാന്‍ അത് സൂക്ഷിച്ചാണ് കൊണ്ടുനടക്കുന്നത്. അതുകൊണ്ടാണ് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുത്തത്. വണ്ടി വാടകയ്ക്ക് കൊടുക്കുന്നത് ആയിരുന്നെങ്കില്‍ ഫുള്‍ കവര്‍ ഇന്‍ഷുറന്‍സ് എടുക്കുമായിരുന്നു. മുമ്പ് വണ്ടി വാടകയ്ക്ക് കൊടുത്തിരുന്ന കാലത്ത് ബംമ്പര്‍ ടു ബംമ്പര്‍ ഇന്‍ഷുറന്‍സ് ആയിരുന്നു എടുത്തിരുന്നതെന്നും ഷമീല്‍ പറയുന്നു. 

വാഹനം വാടകയ്ക്ക് നല്‍കിയിട്ടില്ലെന്നും ആവര്‍ത്തിക്കുകയാണ് ഷമീല്‍ ഖാന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് വണ്ടി വാടകക്ക് കൊടുത്തിരുന്നു. നിരന്തരം പ്രശ്നങ്ങളുണ്ടായതുകൊണ്ട് അത് നിര്‍ത്തിവെച്ചതാണ്. ആര്‍.ടി.ഒ വന്ന് ആര്‍.സി ബുക്കും അക്കൗണ്ട് ബുക്കും തന്റെ ഗൂഗിള്‍ പേ വിവരങ്ങളും ചോദിച്ചു. താന്‍ അത് നല്‍കുകയും ചെയ്തു. മുഹമ്മദ് ജബ്ബാറിന്റെ ചേട്ടനുമായി ഒന്നരമാസത്തെ പരിചയമുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് കാറ് നല്‍കിയതെന്നും അദ്ദേഹം മുമ്പ് വ്യക്തമാക്കിയിരുന്നു.