ആലപ്പുഴ : അരനൂറ്റാണ്ട് കാലത്തെ ജനങ്ങളുടെ സ്വപ്നമായ ആലപ്പുഴ ബൈപ്പാസ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നാടിന് സമര്‍പ്പിച്ചു. 

കേരളത്തിലെ ജനങ്ങള്‍ക്ക് ആശംസകളര്‍പ്പിക്കുന്നതായി ബൈപ്പാസ് നാടിന് സമര്‍പ്പിച്ചുകൊണ്ട് നിതിന്‍ ഗഡ്കരി പറഞ്ഞു. കേരളത്തിന്റെ അടിസ്ഥാന വികസന സൗകര്യത്തിന് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. റോഡ് ഗതാഗതം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങളും അദ്ദേഹം നല്‍കി. രാജ്യത്തെ പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്ന് വാഹനാപകടങ്ങളാണ്. പ്രതിവര്‍ഷം 5 ലക്ഷം വാഹനാപകടങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനാല്‍ വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് നിതിന്‍ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ഥിച്ചു. 

കേരളത്തിന് അഭിമാനം പകരുന്ന പദ്ധതിയാണ് ആലപ്പുഴ ബൈപ്പാസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അരനൂറ്റാണ്ട് കാത്തിരുന്ന പദ്ധതി ഇപ്പോള്‍ പൂര്‍ത്തിയാവുന്നത് ഏറെ സന്തോഷം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

70കളിലാണ് ബൈപ്പാസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍  ആരംഭിച്ചത്. 17 കോടിയായിരുന്നു അന്നത്തെ എസ്റ്റിമേറ്റ്. ഇന്ന് 348 കോടി രൂപ ചെലവിലാണ് ബൈപ്പാസ് നിര്‍മാണ് പൂര്‍ത്തിയാക്കിയത്. നിര്‍മാണം പൂര്‍ണമായും പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് നടത്തിയത്. എത്ര വലിയ പദ്ധതിയും മനോഹരമായി പൂര്‍ത്തീകരിക്കാന്‍ പൊതുമാരമാത്ത് വകുപ്പിന് സാധിക്കുമെന്നത് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. കേന്ദ്രമന്ത്രി പറഞ്ഞതുപോലെ വാഹനാപകടങ്ങള്‍ കുറയ്ക്കാനായുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ ഉടന്‍ നീങ്ങും. വാഹനാപകടങ്ങള്‍ 50 ശതമാനമായി കുറയ്ക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും. അതിന് കേന്ദ്രവുമായി വിശദമായി ചര്‍ച്ച നടത്തും. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട റിങ് റോഡ് പദ്ധതിക്ക് സഹായം നല്‍കുന്ന കാര്യവും മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. 

174 കോടി വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും 7.5 കോടി രൂപ പൊതുമരാമത്ത് വകുപ്പ് റെയില്‍വേ അനുമതിക്ക് വേണ്ടിയും ചെലവഴിച്ചുവെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. "ബൈപ്പാസിന്റെ 15 ശതമാനം പണി (മണ്ണിനടിയിലുള്ള പണികള്‍) മുന്‍പുള്ള സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ ചെയ്തിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ബാക്കിയുള്ള പണികളാണ് പൂര്‍ത്തിയാക്കിയത്". അത് നന്ദിയോടെ ഓര്‍ക്കുന്നുവെന്നും സുധാകരൻ പറഞ്ഞു. 

"കേരളവും കേന്ദ്രവും ഒരേ പാര്‍ട്ടി ഭരിച്ചിട്ടും നടക്കാത്ത കാര്യമാണ് ഈ ബൈപ്പാസ്. കേരളവും കേന്ദ്രവും വ്യത്യസ്ത പാര്‍ട്ടി ഭരിച്ചാലും ഇത് നടക്കുമെന്ന് മനസ്സിലായല്ലോ. ഒരേ കൂട്ടര്‍ കേന്ദ്രവും സംസ്ഥാനവും ഭരിച്ചപ്പോള്‍ ബൈപ്പാസ് നിര്‍മാണം എന്തുകൊണ്ട് നടന്നില്ലെന്നാണ് പരിശോധിക്കേണ്ടത്. അല്ലാതെ ഇപ്പോള്‍ സമരം നടത്തുകയല്ല ചെയ്യേണ്ടത്. കോടിക്കണക്കിന് കൊണ്ടുവന്ന് പാലത്തില്‍ ഫ്‌ളക്‌സ് വയ്ക്കാനേ അവര്‍ക്കാവൂ, ജനഹൃദയങ്ങളില്‍ ഫ്‌ളക്‌സ് വയ്ക്കാന്‍ അവര്‍ക്കാവില്ല. സര്‍ക്കാര്‍ പോലും നിയമാനുസൃതമായ ഫ്‌ളക്‌സുകള്‍ മാത്രമേ സ്ഥാപിച്ചിട്ടുള്ളൂ, ബാക്കിയെല്ലാം ജനങ്ങള്‍ സ്ഥാപിച്ച ബോര്‍ഡുകളാണ്". അത്ഭുതപ്പെടുത്തുന്ന തരത്തില്‍ മാധ്യമങ്ങളും സര്‍ക്കാരിന് പിന്തുണച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴ ബൈപ്പാസ്- പതിറ്റാണ്ടുകള്‍ നീണ്ട സ്വപ്ന പദ്ധതി 

ദേശീയപാത 66-ല്‍ (പഴയ എന്‍.എച്ച്.-47) കളര്‍കോടുമുതല്‍ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ബൈപ്പാസ്. ഇതില്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 4.8 കിലോമീറ്റര്‍ ആകാശപാത(എലിവേറ്റഡ് ഹൈവേ)യാണ്. മേല്‍പ്പാലംമാത്രം 3.2 കി.മീ. വരും. കേരളത്തിലെ ഏറ്റവും വലുതും കടല്‍ത്തീരത്തിനുമുകളിലൂടെ പോകുന്നതുമായ ആദ്യ എലിവേറ്റഡ് ഹൈവേയും ഇതാണ്. ദേശീയപാതയിലൂടെ തെക്കോട്ടും വടക്കോട്ടും പോകുന്ന വാഹനങ്ങള്‍ക്ക് ഇനി ആലപ്പുഴ നഗരത്തിലെത്താതെ എളുപ്പത്തില്‍ യാത്രചെയ്യാം.

Alappuzha Bypass

കേന്ദ്രസര്‍ക്കാര്‍ 174 കോടിയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 174 കോടിയും ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ലൈറ്റ് സ്ഥാപിക്കാനും റെയില്‍വേയ്ക്ക് നല്‍കിയതും കൂടി ചേര്‍ത്ത് 25 കോടി രൂപകൂടി സംസ്ഥാനം അധികമായി ചെലവഴിച്ചു. കേന്ദ്രപദ്ധതിയില്‍ 92 വഴിവിളക്കുകള്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ 412 വിളക്കുകളുണ്ട്.

1990ലാണ് ബൈപ്പാസ് നിര്‍മാണം ആരംഭിച്ചത്. പല കാരണങ്ങളാല്‍ പണി നീളുകയായിരുന്നു. 35 വര്‍ഷം കൊണ്ട് ബൈപാസ് നിര്‍മാണത്തിന്റെ 20 ശതമാനമാണ് തീര്‍ന്നതെങ്കില്‍ 5 കൊല്ലം കൊണ്ടാണ് ബൈപാസ് നിര്‍മാണം 100 ശതമാനം പൂര്‍ത്തിയായതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.