കേരളം ആവേശപൂര്‍വ്വം നെഞ്ചിലേറ്റിയ ആലപ്പുഴ ബൈപാസിലൂടെ കാറോടിക്കുമ്പോള്‍ മനസ്സ് 14 വര്‍ഷങ്ങള്‍ക്ക് പിന്നോട്ടോടുകയായിരുന്നു. അവിടെ തെളിഞ്ഞത് കഷ്ടിച്ച് രണ്ടു വയസ്സു തോന്നിക്കുന്ന കുരുന്നിന്റെ  നിഷ്‌കളങ്കമായ ചിരി. ആലപ്പുഴ ഐശ്വര്യ ഓഡിററോറിയത്തില്‍ 2007 നവംബര്‍ ഒന്‍പതിന്  ബൈ പാസ് വൈകുന്നതില്‍ പ്രതിഷേധിച്ച് നടന്ന ബഹുജന കണ്‍വെന്‍ഷന്‍ നടക്കുന്നു. സ്ഥലമെടുപ്പ്കഴിഞ്ഞ് 30 വര്‍ഷമായിട്ടും ബൈപാസ് യാഥാര്‍ഥ്യമാകാത്തതില്‍ പ്രതിഷേധിച്ച് ജനകീയ പ്രമേയം പാസാക്കാനാണ് യോഗം ചേര്‍ന്നത്. വേദിയില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കന്‍മാരും ഉണ്ടായിരുന്നു.അപ്പോളാണ് സദസ്സില്‍നിന്നും രണ്ടോ മൂന്നോ വയസ്സ് തോന്നിക്കുന്ന ഒരു കുരുന്ന്... 

അവന്‍ വേദിക്ക് മുന്നില്‍ നിന്ന് കൈകള്‍ പിന്നില്‍കെട്ടി  വേദിയിലെ ഗൗരവമായ പ്രസംഗങ്ങള്‍ കേട്ടു തുടങ്ങിയത്. ഇടയ്ക്ക്  നിലത്ത കിടന്നും,കസേരക്കള്‍ക്കിടയിലൂടെ  ഓടിയുമെല്ലാം അവന്‍ യോഗത്തിലെ താരമായി. അടുത്തദിവസം കണ്‍വെന്‍ഷന്‍ വാര്‍ത്തയ്‌ക്കൊപ്പം 'പിച്ചവയ്ക്കുമോ ബൈപാസ്' എന്ന ചേദ്യത്തിനൊപ്പം ആ കുരുന്ന് പ്രസംഗംകേള്‍ക്കുന്ന ചിത്രം മാതൃഭൂമി പ്രസിദ്ധീകരിച്ചു. ചിത്രത്തില്‍ അവന്റെ മുഖമില്ല . പക്ഷേ, കൗതുകത്തിനായി മുഖം ഉള്ള ഒരു ചിത്രവും സൂക്ഷിച്ചു വെച്ചു .

2007 ഒക്ടോബറില്‍ ആണ് ഞാന്‍ കൊച്ചിയില്‍ നിന്നും ആലപ്പുഴയിലേക്ക്  സ്ഥലം മാറി വന്നത്. കൊച്ചിയുടെ വലിയ തിരക്കില്‍ നിന്നും ചെറുപട്ടണമായ ആലപ്പുഴയില്‍ എത്തുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം  ഉടക്കിയത്  പഴയ തുരുമ്പ് പിടിച്ച ഒരു മഞ്ഞ ബോര്‍ഡ്ആണ്  ...ആലപ്പുഴജില്ലക്കാരനായ എന്റെ മനസ്സില്‍ കുട്ടികാലം മുതലേ പതിഞ്ഞതാണ് ആ മഞ്ഞ ബോര്‍ഡ്... പിന്നീട് ബിരുദനന്തര പഠനത്തിനായി എസ്.ഡി കോളേജില്‍ എത്തിയപ്പോഴും, വര്‍ഷങ്ങള്‍ക്കിപ്പുറം മാതൃഭൂമിയുടെ ന്യൂസ് ഫോട്ടോഗ്രാഫറായി വന്നപ്പോളും കളര്‍കോട് ജംഗ്ഷനില്‍  മഞ്ഞ ബോര്‍ഡിലെ  കാലപ്പഴക്കത്താല്‍ മാഞ്ഞുതുടങ്ങിയ കറുത്ത അക്ഷരങ്ങള്‍ 'ആലപ്പുഴ ബൈപാസ് ഇവിടെ തുടങ്ങുന്നു '. അന്ന് ആ ചിത്രം പകര്‍ത്തുമ്പോള്‍ സത്യത്തില്‍ ആ  കുട്ടിയോടൊപ്പം എന്റെ മനസ്സും വര്‍ഷങ്ങള്‍ പുറകോട്ടു സഞ്ചരിക്കുകയായിരുന്നു .

ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ബൈപാസ് എന്ന  ആലപ്പുഴക്കാരുടെ വിദൂര സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു . അന്ന് കഥയറിയാതെ ബൈപാസിനുവേണ്ടിയുള്ള സമരത്തില്‍ കണ്ണിയായ ആ കുരുന്ന് ഇന്ന് വളര്‍ന്ന് പത്താംക്ലാസ്സുകാരനെങ്കിലുമായിട്ടുണ്ടാകും .ഒരുപക്ഷെ അവനും ഉദ്ഘാടന സ്ഥലത്തു ആള്‍ക്കൂട്ടത്തിനിടയില്‍ കൈകള്‍ പുറകില്‍ കെട്ടി ഗൗരവത്തോടെ നിന്നിട്ടുണ്ടാവാം...

Content Highlights: Alappuzha bypass Mathrubhumi photographer B Muralikrishnan share a memory