ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം സംബന്ധിച്ച വിവാദം ഒഴിയുന്നു. ഉദ്ഘാടന പരിപാടിയില്‍ നിന്ന് ഒഴിവാക്കിയവരെ ഉള്‍പ്പെടുത്തി കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ്. മന്ത്രിമാരായ തോമസ് ഐസക്ക്, പി. തിലോത്തമന്‍, എം.പിമാരായ എ.എം.ആരിഫ്, കെ.സി.വേണുഗോപാല്‍ എന്നിവരെ കേന്ദ്രം ഉള്‍പ്പെടുത്തി. സംസ്ഥാനം നിര്‍ദേശിച്ച തിരുത്തലുകള്‍ വരുത്തിയതായി മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. 

നേരത്തെ, കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഓഫീസില്‍ നിന്നയച്ച പട്ടികയിലാണ് മന്ത്രിമാരേയും എം.പിമാരേയും ഒഴിവാക്കിയത്. പകരം കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രിയെയും കേന്ദ്രസഹമന്ത്രി വി.മുരളീധരനെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് പട്ടികയില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് സംസ്ഥാനം കത്തയച്ചു. 

ജില്ലയില്‍ നിന്നുളള മന്ത്രിമാരായ ടി.എം. തോമസ് ഐസക്, പി.തിലോത്തമന്‍ എന്നിവരെ ചടങ്ങളില്‍ ഉള്‍ക്കൊളളിക്കണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. പ്രൊട്ടോക്കോള്‍ പ്രകാരം സ്ഥലം എം.പി എ.എം. ആരിഫും ചടങ്ങില്‍ പങ്കെടുക്കേണ്ടതുണ്ട്. രാജ്യാസഭാംഗമായ കെ.സി.വേണുഗോപാലിനെയും ചടങ്ങില്‍ പങ്കെടുപ്പിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം.

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന്റെ സംഘാടകരായി വരുന്നത് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയവും ദേശീയപാത അതോറിറ്റിയുമാണ്. സംസ്ഥാനത്തിന് തങ്ങളുടെ നിര്‍ദേശം സമര്‍പ്പിക്കാന്‍ മാത്രമേ സാധിക്കൂ.

Alappuzha bypass inauguration: Centre added names of ministers, MPs who were removeed from list of invitees first