ആലപ്പുഴ : കേന്ദ്രവും കേരളവും തമ്മില്‍ യോജിച്ച് പ്രവര്‍ത്തിച്ചതിന്റെ നേട്ടമാണ് ആലപ്പുഴ ബൈപ്പാസ് എന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന വര്‍ഷമാണ് ആലപ്പുഴ ബൈപ്പാസിന്റെ ഡിപിആര്‍ തയ്യാറാക്കിയത്. ബൈപാസിന്റെ 15 ശതമാനം പണി അതായത് ഭൂമിയുടെ അടിയിലുള്ള പണികള്‍ അവര്‍ ചെയ്തിരുന്നു. അത് നന്ദിയോടെ ഓര്‍ക്കുന്നു. ബാക്കിയുള്ള പണികളാണ് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം പൂര്‍ത്തിയാക്കിയത്. 15 ശതമാനം പണി അവര്‍ ചെയ്തിരുന്നില്ലെങ്കില്‍ ബൈപ്പാസ് നിര്‍മാണം ഇനിയും വൈകിയേനെയെന്നും സുധാകരൻ പറഞ്ഞു.
"174 കോടി വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ബൈപ്പാസ് നിര്‍മാണത്തിന് വേണ്ടി ചെലവഴിച്ചു. ഇതിന് പുറമേ റെയില്‍വേയുടെ അനുമതിക്കായി 7.5 കോടി രൂപയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ചെലവാക്കിയിട്ടുണ്ട്. നാലരവര്‍ഷം കൊണ്ട് പിണറായി സര്‍ക്കാരിന്റെ നിര്‍മാണചാതുരിയും ശുഷ്‌കാന്തിയും പ്രതിബദ്ധതയും അസാധ്യമെന്ന് തോന്നുന്നതുപോലും ചെയ്തുകാണിക്കുന്ന രീതിയുമാണ് ഇവിടെ കണ്ടത്. ആര്‍ക്കു വേണമെങ്കിലും ഇതേ പ്രതിബദ്ധത കാണിച്ചാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കാനാവും. എന്നാല്‍ രാഷ്ട്രീയ പ്രചരണങ്ങള്‍ മാത്രം കാണിച്ച് നടന്നാല്‍ ഇത് ചെയ്യാനാവില്ല.
ആലപ്പുഴ ബൈപ്പാസ് എല്ലാവരുടേയും വിജയമാണ്. കേരളവും കേന്ദ്രവും ഒരേ പാര്‍ട്ടി ഭരിച്ചിട്ടും എന്താണ് ഇത് നടക്കാതിരുന്നത്. ഇപ്പോള്‍ കേരളവും കേന്ദ്രവും വ്യത്യസ്ത പാര്‍ട്ടി ഭരിച്ചാലും ഇത് നടക്കുമെന്ന് മനസ്സിലായല്ലോ. ഒരേ കൂട്ടര്‍ കേന്ദ്രവും സംസ്ഥാനവും ഭരിച്ചപ്പോള്‍ ബൈപ്പാസ് നിര്‍മാണം എന്തുകൊണ്ട് നടന്നില്ലെന്നാണ് പരിശോധിക്കേണ്ടത്. അല്ലാതെ ഇപ്പോള്‍ സമരം നടത്തുകയല്ല ചെയ്യേണ്ടത്. കോടിക്കണക്കിന് കൊണ്ടുവന്ന് പാലത്തില്‍ ഫ്‌ലക്സ് വയ്ക്കാനേ അവര്‍ക്കാവൂ, ജനഹൃദയങ്ങളില്‍ ഫ്ളക്സ് വെയ്ക്കാന്‍ അവര്‍ക്കാവില്ല.
സര്‍ക്കാര്‍ പോലും നിയമാനുസൃതമായ ഫ്ളക്സുകള്‍ മാത്രമേ സ്ഥാപിച്ചിട്ടുള്ളൂ, ബാക്കിയെല്ലാം ജനങ്ങള്‍ സ്ഥാപിച്ച ബോര്‍ഡുകളാണ്. അത്ഭുതപ്പെടുത്തുന്ന തരത്തില്‍ മാധ്യമങ്ങളും സര്‍ക്കാരിനെ പിന്തുണച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴ ബൈപ്പാസിന് വേണ്ടി കുറച്ചധികം പോരാട്ടങ്ങള്‍ നടത്തേണ്ടി വന്നിട്ടുണ്ട്. പലതരം പ്രശ്‌നങ്ങളേയും അതിജീവിച്ചുകൊണ്ടാണ് ബൈപ്പാസ് യാഥാര്‍ഥ്യമായത്. ബൈപ്പാസിന് വേണ്ടി 174 കോടിയും അപ്രോച്ച് റോഡിനും റെയില്‍വേ അനുമതിക്കായി 25 കോടിയിലധികവും ചെലവഴിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 200 കോടിയോളം രൂപ സംസ്ഥാനം ചെലവഴിച്ചു. പൂര്‍ണമായും പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. എല്ലാവരുടേയും കൂട്ടായ പരിശ്രമമാണ് ബൈപ്പാസ് നിര്‍മാണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..