തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തില്ല. ചടങ്ങില്‍ എത്താന്‍ അസൗകര്യം ഉളളതായി പ്രധാനമന്ത്രി അറിയിച്ചു. പകരം മുഖ്യമന്ത്രിയും കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്ന് ബൈപ്പാസ് ഉദ്ഘാടനം ചെയ്യും. ജനുവരി 28-നാണ് ഉദ്ഘാടനം.
നാലുപതിറ്റാണ്ടു നീണ്ട കാത്തിരിപ്പിന് ശേഷമാണ് ആലപ്പുഴ ബൈപ്പാസ് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായ വേളയില്‍ ഉദ്ഘാടനം വേഗം നടത്തണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തുനല്‍കിയിരുന്നു. ബൈപ്പാസ് ഉദ്ഘാടന്തിന് താല്പര്യം പ്രകടിപ്പിച്ച പ്രധാനമന്ത്രിയുടെ സമയം എത്രയും പെട്ടെന്ന് ലഭ്യമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു ജി.സുധാകരന്റെ ഇടപെടല്‍.
എന്നാല്‍ ഈ മാസം പ്രധാനമന്ത്രിക്ക് ഉദ്ഘാടന ചടങ്ങില്‍ എത്താന്‍ അസൗകര്യമുളളതായാണ് അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ബൈപ്പാസ് ഉദ്ഘാടനം ചെയ്യും ഈ മാസം 28-ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങുകള്‍. പൊതുമരാമത്ത് മന്ത്രി ജി സുധാകരനടക്കമുളളവര്‍ ഈ ചടങ്ങില്‍ പങ്കെടുക്കും.
വര്‍ഷങ്ങളായി ആലപ്പുഴക്കാര്‍ ബൈപ്പാസിനായി കാത്തിരിക്കുന്നു. നിര്‍മാണത്തിനിടെ പലതവണ തടസ്സങ്ങളുണ്ടായി. അതെല്ലാം തരണംചെയ്താണ് ബൈപ്പാസ് ഉദ്ഘാടനത്തിലെത്തിനില്‍ക്കുന്നത്.
കൊമ്മാടി മുതല്‍ കളര്‍കോടുവരെ 6.5 കിലോമീറ്ററാണ് ബൈപ്പാസിന്റെ നീളം. ഇതില്‍ 3.2 കിലോമീറ്റര്‍ എലിവേറ്റഡ് ഹൈവേയാണ്. ആലപ്പുഴ ബീച്ചിന്റെ സൗന്ദര്യം നഷ്ടമാകാതിരിക്കാനാണ് എലിവേറ്റഡ് ഹൈവേ ഉള്‍പ്പെടുത്തിയത്.
1990 ഡിസംബറിലാണ് ആലപ്പുഴ ബൈപ്പാസിന്റെ ഒന്നാംഘട്ടത്തിനു തറക്കല്ലിട്ടത്. 17 കോടിയില്‍ തുടങ്ങിയ എസ്റ്റിമേറ്റ് എത്തിനിന്നത് 347 കോടിയില്‍. കേന്ദ്രവും സംസ്ഥാനവും 50 ശതമാനം തുക വീതം ചെലവഴിച്ചാണ് ബൈപ്പാസ് യാഥാര്‍ഥ്യമാക്കിയത്.പ്രധാനകടമ്പകളായ കുതിരപ്പന്തി, മാളികമുക്ക് മേല്‍പ്പാലം പൂര്‍ത്തിയായതോടെയാണ് ബൈപ്പാസ് നിര്‍മാണത്തിനു വേഗംവെച്ചത്.