
വിധിപകർപ്പിൽ നിന്ന് | ഫൊട്ടോ: മാതൃഭൂമി
കോഴിക്കോട്: പത്ത് മാസത്തിന് ശേഷം പന്തീരങ്കാവ് യു.എ.പി.എ കേസിൽ അലനും താഹയ്ക്കും ജാമ്യം ലഭിക്കുമ്പോൾ എങ്ങനെയാണ് ഒരു വ്യക്തിയെ ഭരണകൂടം മാവോയിസ്റ്റുകളാക്കുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ലഭിക്കുന്നത്. ജാമ്യം അനുവദിച്ചുകൊണ്ടുള്ള എൻ.ഐ.എ കോടതിയുടെ 64 പേജുള്ള ഉത്തരവില്‍ പോലീസിനേയും അന്വേഷണ ഉദ്യോഗസ്ഥരേയും ശക്തമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. പുസ്തകം വായിച്ചതുകൊണ്ട് മാത്രം ഒരാളെ മാവോയിസ്റ്റ് ആക്കാന്‍ ആവില്ലെന്ന് ഒരിക്കൽകൂടി കോടതി ചൂണ്ടിക്കാണിക്കുകയാണ്. 2015-ലെ വയനാട് സ്വദേശിയായ ശ്യാം ബാലകൃഷ്ണന്റെ കേസ് ചൂണ്ടിക്കാട്ടിയായിരുന്നു അലൻ താഹ കേസിലും കോടതി ഇക്കാര്യം പറഞ്ഞത്.
കമ്യൂണിസ്റ്റ്, മാവോയിസ്റ്റ് ആശയങ്ങൾ വായിക്കുന്നതുകൊണ്ട് മാത്രം ഒരാൾക്കെതിരേ കുറ്റം ചുമത്താനാവില്ല. മാവോയിസ്റ്റ് ആവുകയെന്നതും കുറ്റകരമല്ല. ഇതൊക്കെ നമ്മുടെ ഭരണഘടനയ്ക്ക് എതിരാവുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. ഏതെങ്കിലും അക്രമത്തില്‍ ഇവര്‍ പങ്കെടുത്തതായി തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. ഇതോടെ രണ്ട് പേരും മാവോയിസ്റ്റുകളാണെന്നതിന് തെളിവ് ലഭിച്ചുവെന്ന മുഖ്യമന്ത്രിയുടെയും പോലീസിന്റെയും വാദം അസ്ഥാനത്തായി.
പ്രോസിക്യൂഷൻ ഇവർക്കെതിരേ ആരോപിച്ച ഓരോ കാര്യങ്ങളേയും തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ട ആവശ്യവും കോടതി മുന്നോട്ടുവെക്കുന്നുണ്ട്. നിരവധി ഡിജിറ്റൽ ഉപകരണങ്ങൾ വീട്ടിൽ നിന്ന് പിടിച്ചെടുത്തെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നതെങ്കിലും വിദ്യാർഥികളായ ഇവർ പഠനത്തിനായി ഉപയോഗിക്കുന്ന ഉപകരണമല്ലാതെ മറ്റൊന്നും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. രണ്ട് പേരും പൂർണമായും പഠനത്തിൽ മുഴുകിയിരിക്കുന്ന വിദ്യാർഥികളാണെന്നും നിരോധിത സംഘടനകളല്ല ഇവരെ നിയന്ത്രിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

അലനും താഹയും നിരവധി ഗൂഡാലോചനാ മീറ്റിങ്ങുകളില്‍ പങ്കെടുത്തെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ പറഞ്ഞ മറ്റൊരു കാര്യം. ഇത് ചൂണ്ടിക്കാട്ടുന്ന കൃത്യമായ ഫോൺ രേഖയോ മറ്റ് രേഖകളോ പ്രോസിക്യൂഷന് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും കോടതി വിലയിരുത്തി.
സ്വന്തം പാർട്ടി പ്രവർത്തകരെതന്നെ പോലീസ് ഭാഷ്യം മാത്രം അടിസ്ഥാനമാക്കി, മാവോയിസ്റ്റ് മുദ്രകുത്തി പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന്റെ പേരില്‍ വലിയ വിമർശനമാണ് സി.പി.എമ്മിന് നേരിടേണ്ടി വന്നത്. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ ഇവരെ പിന്തുണച്ചിരുന്നെങ്കിലും അലനും താഹയും മാവോയിസ്റ്റുകളാണെന്ന് ഉറപ്പിച്ചുപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നതോടെ നിലപാട് മാറ്റാന്‍ ജില്ലാ കമ്മിറ്റി നിർബന്ധിതമായതും ചർച്ചയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..