തൃപ്പൂണിത്തുറ : തന്ത്രി ശമ്പളക്കാരനെന്ന് മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ കടുത്ത പ്രതിഷേധമുണ്ടെന്ന് യോഗക്ഷേമ സഭ മുന്‍ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്. തൃപ്പൂണിത്തുറയില്‍ സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലെ പ്രധാന തന്ത്രി പ്രതിനിധികള്‍ പങ്കെടുത്ത തന്ത്രി സമാജം യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈന്ദവ ക്ഷേത്രങ്ങളിലെ പുരോഹിതന്‍മാരെ ആക്ഷേപിക്കുകയാണ് മുഖ്യമന്ത്രി പ്രസ്താവനയിലൂടെ ചെയ്തത്. മുഖ്യമന്ത്രിക്ക് ക്ഷേത്രാചാരങ്ങളും തന്ത്രിശാസ്ത്രവും അറിയില്ല. അദ്ദേഹത്തിന് വ്യക്തമായ ധാരണയില്ല. വിശ്വാസികള്‍ തന്നെയാണ് ക്ഷേത്രം നടത്തിക്കൊണ്ടു പോകേണ്ടത്. ദേവന്റെ കര്‍മങ്ങള്‍ കൃത്യമായി നടക്കണം. അതിനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയോട് ബഹുമാനമുണ്ട്. വിധിയെ പാടെ നിഷേധിക്കുകയല്ല, ആചാരങ്ങള്‍ക്കു കോട്ടം തട്ടാത്ത രീതിയില്‍ നിയമങ്ങള്‍ വരണം. 

തന്ത്ര ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ക്ഷേത്രാരാധന ചിട്ടപ്പെടുത്തിയിട്ടുള്ളത്. മുമ്പൊരിക്കല്‍ ശബരിമല കേറിയിട്ടുണ്ടെന്നു നടി ജയമാല പറഞ്ഞതു പോലും വിശ്വസനീയമില്ല. ഇനി സ്ത്രീകള്‍ കേറിയിട്ടുണ്ടെങ്കില്‍ തന്നെ പ്രായശ്ചിത്തം ചെയ്തിട്ടുണ്ട്. അശുദ്ധമായാല്‍ അതിനു പ്രതിവിധി ഉടനെ ചെയ്യണമെന്നാണ് ക്ഷേത്രധര്‍മ്മം.

ശബരിമല വിഷയത്തില്‍ വിശദമായ അവലോകത്തിന് ഉടന്‍ തന്നെ ഒരു ആചാര്യ സദസ്സ് വിളിച്ചു ചേര്‍ക്കുന്നുണ്ടെന്നും കാളിദാസന്‍ ഭട്ടതിരിപ്പാട് അഭിപ്രായപ്പെട്ടു.