എകെജി സെന്ററിൽ മുഖ്യമന്ത്രി സന്ദർശനം നടത്തുന്നു| ഫോട്ടോ: എസ്. ശ്രീകേഷ്/ മാതൃഭൂമി
സഖാവ് എ.കെ. ഗോപാലന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയും. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയാവാന്‍ എ.കെ.ജിയെ ആണ് അന്നത്തെ പാര്‍ട്ടി സെക്രട്ടറി എം. എന്‍. ഗോവിന്ദന് നായര്‍ ക്ഷണിച്ചത്. പാവങ്ങളുടെ പടത്തലവന് അത് നിരസിച്ചു. അദ്ദേഹത്തിന് വലിയ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. കഷ്ടപ്പെടുന്നവര്‍ക്കൊപ്പം നില്ക്കാന് അദ്ദേഹം ആഗ്രഹിച്ചു. കൊടി നോക്കാതെ ചാടി ഇറങ്ങി സമരം ഏറ്റെടുക്കാന്‍ അദ്ദേഹം മടിച്ചില്ല. അവസാനം എ.കെ.ജിയെ പാര്‍ട്ടിക്ക് തന്നെ നിയന്ത്രിക്കേണ്ടി വന്നു. സി.പി. രാമചന്ദ്രനെ ഇതിനായി നിയോഗിക്കുകയും ചെയ്തു.
എ.കെ.ജി. സെന്ററിന് നേരേ സ്ഫോടകവസ്തു എറിഞ്ഞ സിസിടിവി ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് എ.കെ. ഗോപാലനെ ഓര്‍ത്തത്. ഞങ്ങളുടെ തലമുറയ്ക്ക് അദ്ദേഹം വിപ്ലവനേതാവായിരുന്നു. ഏത് പ്രതിസന്ധികളേയും നെഞ്ചുവിരിച്ചു നേരിടുന്ന നേതാവ്. മുഖം നോക്കാതെ സത്യം പറയാന്‍ ഭയക്കാതിരുന്ന നേതാവ്. അടിയന്തിരാവസ്ഥ പിന്‍വലിക്കണമെന്ന് ജവഹര്‍ലാലിന്റെ മകളോട് ചരിത്രം ഓര്‍മ്മിപ്പിച്ച എ.കെ.ജി. എത്രയെത്ര സമരമുഖങ്ങള്‍..!
പാതിരാത്രിയാണ് മണലാരണ്യത്തില്‍നിന്ന് മകളുടെ ഫോണ്‍ വന്നത്, എ.കെ.ജി. ഭവന് നേരേ ആക്രമണം ഉണ്ടായെന്നും നഗരത്തില്‍ കുഴപ്പങ്ങളില്ലല്ലോ എന്നും ചോദിക്കാനായിരുന്നു അന്വേഷണം. ഉറക്കം പോയതില്‍ ശരിക്കും അരിശം വന്നു. ടിവി ഓണ്‍ ചെയ്തു.
ഇ.പി. ജയരാജനും പി.കെ. ശ്രീമതിയും മന്ത്രി ആന്റണി രാജുവും ടിവിയില്‍ നിറഞ്ഞു നില്ക്കുന്നു. കോണ്‍ഗ്രസുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇ.പി. ജയരാജന് സംശയലേശമെന്യേ പറയുന്നു. വലിയ ശബ്ദം കേട്ടെന്നും പുക കണ്ടെന്നും അദ്ദേഹം പറയുന്നു. എ.കെ.ജി. സെന്ററില്‍ താന്‍ ഉണ്ടായിരുന്നെന്നും വലിയ ശബ്ദം കേട്ട് പുറത്തു വന്നെന്നും പി.കെ. ശ്രീമതി പറഞ്ഞു. മന്ത്രി ആന്റണി രാജുവിന് തെല്ലും സംശയമില്ല, നടന്നത് ഭീകരാക്രമണം തന്നെയാണ്.
എത്ര നിരുത്തരവാദപരമാണ് നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ വാക്കുകള്‍ എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇത്. ഗാന്ധിജിയുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന കസേരയില്‍ ഇരുന്ന് കെ. സുധാകരന് അക്രമം പറയുന്നതിനേക്കാള്‍ അപകടകരമല്ലേ മന്ത്രി പാതിരാത്രി വന്ന് യാതൊരു തെളിവുമില്ലാതെ നടന്നത് ഭീകരാക്രമണമെന്ന് പറയുന്നത്?
മറ്റൊരു ചരിത്രസന്ദര്‍ഭം പണ്ട് പാര്‍ട്ടി ക്ലാസുകളില്‍ കേട്ടത് ഓര്‍മ്മ വരികയാണ്. 1933 ഫെബ്രുവരി 27-നാണ്, ബെര്‍ലിനില്‍ റീഷ്സ്റ്റാഗ് ബില്‍ഡിംഗ് ചുട്ടെരിക്കപ്പെട്ടു. പിന്നില്‍ കമ്മ്യണിസ്റ്റുകളാണെന്ന് ഹിറ്റ്ലറും കൂട്ടാളികളും പറഞ്ഞു. വലിയ തോതില്‍ കമ്മ്യൂണിസ്റ്റ് വേട്ട നടന്നു. ഇഷ്ടമില്ലാത്തവരെ തീര്‍ത്തുകളയാനുള്ള എളുപ്പമാര്‍ഗ്ഗം എന്നും ഇത്തരം ആരോപണങ്ങളാണ്.
സംസ്ഥാനത്ത് സി.പി.എമ്മുമായി തര്‍ക്കത്തിലുള്ള സംഘടന കോണ്‍ഗ്രസ് മാത്രമല്ല. കോണ്‍ഗ്രസിനെ അത്തരത്തില്‍ മുഖാമുഖം നില്ക്കുന്ന സംഘടനയായി സി.പി.എമ്മുകാര്‍ പോലും കാണുന്നുണ്ടോ എന്നത് സംശയമാണ്. എസ്.ഡി.പി.ഐയും ആര്.എസ്.എസും മുസ്ലീം ലീഗുമെല്ലാം ചെയ്യുന്ന വിധത്തില്‍ സംഘടിതമായി സി.പി.എമ്മിനോട് മുഖാമുഖം നില്‍ക്കാനുള്ള ശേഷിയും കോണ്‍ഗ്രസിന് ഇല്ല. പ്രത്യേകിച്ചും ഈ ശിശിരകാലത്ത്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതുമായുള്ള താരതമ്യങ്ങളില്‍ ചില കുഴപ്പങ്ങളുണ്ട്. ക്യാമറകള്‍ക്കു മുന്നിലാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് ഇരച്ചു കയറിയും അടിച്ചു തകര്‍ത്തും കുഴപ്പമുണ്ടാക്കിയത്. തെരുവുയുദ്ധത്തിന്റെ ഘട്ടത്തിലേക്ക് പോകുമ്പോള്‍ പോലും പോലീസ് നിഷ്ക്രിയ ആസ്തികളായി നിലകൊണ്ടു. അതിന്റെ പ്രതിഷേധവുമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്. തീര്‍ത്തും വൈകാരികമായ പ്രതികരണങ്ങളാണ്. എന്നിട്ടും, അത്ര വലിയ അക്രമങ്ങള്‍ ആ രാത്രിയും സംഭവിച്ചില്ല എന്ന് ഏതു താരതമ്യത്തിലും കാണാം.

കോണ്‍ഗ്രസുകാരെ മുണ്ടും മടക്കിക്കുത്തി അടിക്കാന്‍ നടക്കുന്നവരായി കാണുന്ന കാലമല്ല ഇത്. അക്രമം അവരില്‍നിന്ന് പൊതുസമൂഹം പ്രതീക്ഷിക്കുന്നുമില്ല. മറിച്ച് ഏറ്റുമുട്ടാന്‍ സജ്ജര്‍ എന്ന പൊതുബോധം എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ നിരന്തരം നല്‍കുന്നുമുണ്ട്- ശരിയായും തെറ്റായും.
നരേന്ദ്ര മോദി എന്ന പൊതുബിംബത്തെ മുന്‍നിര്‍ത്തിയാണ് കേരളത്തില്‍ രണ്ടു മുന്നണികളും ആളെ പിടിക്കുന്നത്. മോദിക്ക് എതിരേ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ പ്രധാനം അക്രമവും വര്‍ഗ്ഗീയതയുമാണ്. സ്വന്തം അടിത്തറ വിപുലീകരിക്കാന്‍ ഇതേ തന്ത്രങ്ങള്‍ തന്നെ രണ്ടു മുന്നണികളും പയറ്റുന്നു എന്നതും കാണേണ്ടതുണ്ട്. ഫലത്തില്‍ അക്രമത്തിന്റെ കൊടിയേന്തുന്നവരായി എല്ലാ സംഘടിത രാഷ്ട്രീയ കക്ഷികളും മാറുന്നു.
സത്യത്തെ സൗകര്യപൂര്‍വം മറക്കേണ്ടി വരുന്നതും ഇതിനാലാണ്. ബഫര്‍സോണ്‍ വിഷയത്തില്‍ നിയമസഭയില്‍ നടന്ന ചര്‍ച്ച പരിശോധിച്ചാല്‍ ഇതിനുളള ഉദാഹരണങ്ങള്‍ കാണാം. എല്ലാവരും, മാത്യു കുഴല്നാടനായാലും മുഖ്യമന്ത്രിയായാലും, അര്‍ദ്ധസത്യങ്ങളുടെ നിറമാലയൊരുക്കിയാണ് പ്രസംഗിച്ചത്. സംസ്ഥാനത്ത് എല്ലാ പാര്‍ട്ടികളും തെറ്റാവരം കിട്ടിയവരാണ്! എതിരാളികള്‍ക്കു മാത്രം സംഭവിക്കുന്നതാണ് പിഴവുകള്‍ എന്ന് ആരോപിക്കപ്പെടുന്നു. വിശ്വസിക്കപ്പെടുന്നു. അക്രമം അക്രമത്തെ പ്രസവിക്കുന്നു. അക്രമം ഉണ്ടാകുമ്പോള്‍ മാത്രം സമരങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു. അക്രമം ഇല്ലെങ്കില്‍ അവഗണിക്കപ്പെടുന്നു. അക്രമത്തെ അടിച്ചമര്‍ത്താന്‍ വീണ്ടും അക്രമം ഉപയോഗിക്കപ്പെടുന്നു. അക്രമങ്ങളുടെ നിലയ്ക്കാച്ചക്രമായി നമ്മുടെ ജീവിതം മാറുന്നു.
പാതിരാത്രി ഇരുചക്രവാഹനത്തില്‍ വന്ന് എ.കെ.ജി. സെന്റര്‍ പോലൊരു ലക്ഷ്യത്തില്‍ ആക്രമണം നടത്താന്‍ ചില്ലറ ആസൂത്രണം പോരാ. അത് ചെയ്തവര്‍ ആരെന്ന് സമൂഹത്തിന് അറിയേണ്ടതുണ്ട്. പന്തെടുത്ത് വിക്കറ്റില്‍ എറിയുന്നതു പോലെ എറിഞ്ഞതിനാല്‍ റിഷഭ് പന്തോ സഞ്ജു സാംസണോ ആവാം എന്ന നിലയ്ക്കുള്ള വിലയിരുത്തലുകളിലേക്ക് വേഗം ചെന്നെത്തരുത്. മന്ത്രി ആന്റണി രാജു പറഞ്ഞതുപോലെ ഭീകരാക്രമണം ആണെങ്കില്‍ അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറുകയാണ് വേണ്ടത്.
വളരെ വൈകാരികമായ പ്രതിഷേധങ്ങളിലേക്ക് സ്വയം വലിച്ചെറിഞ്ഞു കൊടുക്കലല്ല സാമൂഹിക ഉത്തരവാദിത്തം. അക്രമികളെ കണ്ടെത്തുകയും ശിക്ഷിക്കുകയുമാണ് വേണ്ടത്. പണ്ട് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലുണ്ടായ അക്രമമവും കോഴിക്കോട് സി.പി.എം. ജില്ലാ കമ്മറ്റി ഓഫീസിനു നേരേ ഉണ്ടായ അക്രമവും ഓര്‍ക്കുക. ആരോപണങ്ങള്‍ക്ക് പുറമേയുള്ള അക്രമികള്‍ ഇന്നും ഇരുട്ടിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..