ആക്രമണമുണ്ടായ സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു | Photo - PTI
തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച നിര്‍മാണത്തൊഴിലാളിക്കെതിരേ സ്വമേധയാ മറ്റൊരു കേസെടുത്തത് വിവാദമായതോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അന്തിയൂര്‍ക്കോണം സ്വദേശി റിജുവിന്റെ പേരിലാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്.
എ.കെ.ജി. സെന്ററിന്റെ ചില്ലുകള്‍ എറിഞ്ഞുപൊട്ടിക്കുമെന്ന് റിജു സാമൂഹികമാധ്യമങ്ങളില്‍ കുറിപ്പിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എ.കെ.ജി. സെന്റര്‍ ആക്രമണക്കേസില്‍ കസ്റ്റഡിയില്‍ എടുത്തത്. ആദ്യം കഴക്കൂട്ടം സ്റ്റേഷനിലും പിന്നീട് കന്റോണ്‍മെന്റ് സ്റ്റേഷനിലും 30 മണിക്കൂറോളം ചോദ്യംചെയ്തു. എന്നാല്‍, ആക്രമണക്കേസില്‍ പങ്കില്ലെന്ന് കണ്ടെത്തി.
ഇതോടെ, സാമൂഹികമാധ്യമത്തില്‍ കുറിപ്പിട്ട സംഭവത്തില്‍ കന്റോണ്‍മെന്റ് പോലീസ് സ്വമേധയാ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
ആദ്യം കലാപശ്രമം അടക്കമുള്ള കേസുകള്‍ ചുമത്താന്‍ ശ്രമിച്ചെങ്കിലും വിവാദമായതോടെ പിന്‍വലിച്ചു. ഞായറാഴ്ച ഉച്ചയോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മാതാപിതാക്കളില്ലാത്ത റിജുവിന് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുമായും അടുത്തബന്ധം ഇല്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ദൃശ്യം അവ്യക്തം; അന്വേഷണം വഴിമുട്ടുന്നു
എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതിയെ കണ്ടെത്താനാവാതെ അന്വേഷണ സംഘം. മുപ്പതോളം സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും മെഡിക്കല്‍ കോളേജിനു സമീപം പൊട്ടക്കുഴിവരെയുള്ള ദൃശ്യങ്ങള്‍ മാത്രമാണ് ലഭിച്ചത്.
അതേസമയം, സംഭവസ്ഥലത്തിന് പരിസരത്തെ ക്യാമറ ദൃശ്യങ്ങളില്‍ കണ്ട ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. ആക്രമണം നടന്ന രാത്രിയില്‍ അസ്വാഭാവികമായ രീതിയില്‍ വാഹനവുമായി നില്‍ക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചതെന്നാണ് സൂചന. ഈയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരുകയാണ്
പൊട്ടക്കുഴിക്കുശേഷമുള്ള സ്ഥലങ്ങളില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വാഹനം കടന്നുപോകുന്നത് കണ്ടെത്താനായില്ല. കഴിഞ്ഞദിവസം സംശയാസ്പദസാഹചര്യത്തില്‍ കസ്റ്റഡിയില്‍ എടുത്തയാള്‍ക്ക് ഇതുമായി ബന്ധമില്ലെന്ന് ചോദ്യംചെയ്യലില്‍ കണ്ടെത്തി. ഇയാള്‍ ജനറല്‍ ആശുപത്രിക്കുസമീപം തട്ടുകട നടത്തുകയാണ്. കച്ചവടവുമായി ബന്ധപ്പെട്ട് പോയതാണെന്നും കണ്ടെത്തി. ചുവന്ന സ്‌കൂട്ടറില്‍ കടന്നുപോയത് ഇയാളായിരുന്നു.
സംഭവ സമയത്ത് ഈ ഭാഗത്ത് ഉപയോഗിച്ച മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. സംശയമുള്ള ഇടങ്ങളിലെല്ലാം അന്വേഷണസംഘം ഞായറാഴ്ച പരിശോധന നടത്തി. സൈബര്‍ സെല്ലിലെ അടക്കം മൂന്ന് അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടക്കുന്നത്.
Content Highlights: AKG centre attack police CPM
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..