സിസിടിവി ദൃശ്യം
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതികളെ കണ്ടെത്താനാകാതെ പോലീസ്. അന്വേഷണ സംഘം ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഉള്ള ഒരാള്‍ അക്രമിയല്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന സ്കൂട്ടറുകാരന് അക്രമിയല്ലെന്നാണ് വ്യക്തമായിരിക്കുന്നത്. അക്രമം ഉണ്ടാകുന്നതിന് മുമ്പ് രണ്ട് തവണ ഈ സ്കൂട്ടര്‍ എകെജി സെന്ററിന് മുന്നിലൂടെ പോയിരുന്നു. എന്നാല്‍, നഗരത്തില്‍ തട്ടുകട നടത്തുന്ന ഒരാളാണ് ഇതെന്നാണ് പോലീസ് പറയുന്നത്.
എകെജി സെന്റര്‍ ആക്രമണക്കേസില്‍ രണ്ടു ദിവസം പിന്നിടുമ്പോഴും അന്വേഷണം വഴിയടഞ്ഞ അവസ്ഥയിലാണ് പോലീസ്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്ന പറഞ്ഞിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയിലേക്കെത്താനുള്ള സൂചനകള്‍ ലഭിക്കാതായതോടെ അന്വേഷണം വഴിമുട്ടി. സ്ഫോടക വസ്തുവെറിഞ്ഞ പ്രതിക്ക് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം.
അതേസമയം എകെജി സെന്റിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കസ്റ്റഡിയിലെടുത്തയാള്‍ക്ക് ആക്രമണവുമായി ബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കലാപാഹ്വാന വകുപ്പ് അടക്കമുളള ജാമ്യമില്ലാ വകുപ്പ് ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തു. അന്തിയൂര്‍കോണം സ്വദേശി റിച്ചു സച്ചുവിനെയാണ് അറസ്റ്റ് ചെയ്തത്.
സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നവരുടെ ഫോണ്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. മൊബൈല്‍ ടവറിന് കീഴില്‍ വന്ന ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയാനാകുമെന്ന് പോലീസ് പ്രതീക്ഷിക്കുന്നു. മാത്രമല്ല സംഭവം നടന്ന സമയത്തെ ഫോണ്‍വിളികളുടെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..