കെ സുധാകരൻ, ഇ.പി ജയരാജൻ, വി.ഡി സതീശൻ | ഫോട്ടോ: മാതൃഭൂമി
കണ്ണൂർ: എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ നാടകമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ ആരോപിച്ചു. വിമാനത്തിൽ വെച്ച് മുഖ്യമന്ത്രിയ്ക്കെതിരെ നടന്നതും ഇ.പി ജയരാജന്റെ തിരക്കഥയായിരുന്നുവെന്നും കെ സുധാകരൻ കണ്ണൂരിൽ വെച്ച് മാധ്യമങ്ങളോട് ആരോപണമുന്നയിച്ചു.
പാർട്ടിയുടെ ദേശീയ നേതാവ് സംസ്ഥാനം സന്ദർശിക്കുന്ന ദിവസം, അദ്ദേഹത്തിന്റെ ഓഫീസ് തകർത്തിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തിൽ ആദ്യമായി കേരളത്തിൽ കടന്നു വരുന്ന ദിവസം അതിന്റെ പ്രചരണവും ഗാംഭീര്യവും തകർക്കാൻ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു അക്രമണം ഉണ്ടാകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവരാണ് മണ്ടന്മാർ.
കോൺഗ്രസുകാരാണ് ഇതിന് പിന്നിലെന്ന് ആദ്യം പറഞ്ഞത് ഇ.പി ജയരാജനാണ്. എകെജി സെന്ററിന് എല്ലാ സ്ഥലത്തും സി.സി.ടി.വി ക്യാമറകളുണ്ട്. എകെജി സെന്ററുമായി പരിചയം ഇല്ലാത്ത ഒരാൾക്ക് ഇത്തരത്തിൽ ഒരു ആക്രമണം നടത്തി തിരിച്ചു പോകാൻ സാധിക്കുമോ?
വിമാനത്തിലെ പ്രതിഷേധത്തിന്റെ കഥയും തിരക്കഥയും അദ്ദേഹത്തിന്റേതാണ്. എകെജി സെന്ററിലേയും തിരക്കഥ അദ്ദേഹത്തിന്റേതാണ്. അതുകൊണ്ട് ഇത് കോൺഗ്രസിന്റെ പുറത്ത് കെട്ടിവെക്കാനും രാഹുൽ ഗാന്ധിയുടെ ഇന്നത്തെ വരവിന്റെ പ്രതിച്ഛായ തകർക്കാനും ഇ.പി ജയരാജൻ പേഴ്സണലായി നടത്തിയ നാടകമാണ് എന്ന് കെ സുധാകരൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതിനുള്ള തിരിച്ചടി ആണ് ഇത് എന്നാണ് പറയുന്നത്, എങ്കിൽ അത് നേരത്തെ തന്നെ ആകാമായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് എ.കെ.ജി സെന്റർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണ് എന്ന് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചു. ആരാണ്, എന്താണ് എന്ന് അറിയാതെ കോൺഗ്രസ് ആണ്, യുഡിഎഫ് ആണ് ആക്രമത്തിന് പിന്നിൽ എന്ന് പറയുന്നത് ശരിയല്ല. സംഭവം പോലീസ് അന്വേഷിക്കട്ടെ. പോലീസ് അന്വേഷിച്ച് തീരുമാനം എടുക്കുന്നതിന് മുമ്പ് കുറ്റവാളി കോൺഗ്രസ് ആണെന്ന് തീരുമാനിക്കുന്നത് ശരിയല്ല. ഇപ്പോഴുള്ള സമരത്തിൽ നിന്ന് വഴിമാറി പോകില്ലെന്നും സർക്കാർ പ്രതിരോധത്തിലാണെന്നും വി.ഡി സതീശൻ പറഞ്ഞു.
Content Highlights: akg center attack - vd satheesan, k sudhakaran statement


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..