പടക്കമേറ് നടന്ന സ്ഥലം ഇ.പി ജയരാജനും ഫോറൻസിക് വിദഗ്ധരും പരിശോധിക്കുന്നു.
തിരുവനന്തപുരം; കഴിഞ്ഞ ജൂണ്‍ 30 ന് രാത്രി 11.30ന് സിപിഎം സംസ്ഥാന കമ്മിറ്റിയോഫീസായ എ.കെ.ജി സെന്ററിനെതിരേ ആക്രമണം നടന്നതിന് പിന്നാലെ ഉയര്‍ന്ന ചോദ്യം. ആരാണ് ഇതിന് പിന്നില്‍. കോണ്‍ഗ്രസോ അതോ ബിജെപിയോ? കോണ്‍ഗ്രസാണ് ബോംബെറിഞ്ഞതെന്ന് സിപിഎം നേതാക്കളെല്ലാം ആവര്‍ത്തിച്ചു. ആദ്യ പ്രസ്താവന വന്നത് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ പി.കെ ശ്രീമതിയില്‍ നിന്ന്. ഇടിവെട്ടുന്നതിനുമപ്പുറം, കെട്ടിടം തകരുന്ന പോലുള്ള ശബ്ദം. പുസ്തകം വായിക്കുന്നതിനിടെ ശബ്ദത്തിന്റെ മുഴക്കം കൊണ്ട് ഞാനൊന്ന് ഇളകിപ്പോയി. പിന്നെ കണ്ടത് കേരളമൊട്ടാകെ സി.പി.എമ്മിന്റെ പ്രതിഷേധമാണ്.
ബോംബേറ് നടന്നൂവന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തതിന് കണക്കില്ല. നഗരവും ഗ്രാമങ്ങളുമെല്ലാം പ്രതിഷേധക്കടലായി. കോണ്ഗ്രസ്സകാരാണ് ചെയ്തതെന്ന ആരോപണമുയര്‍ത്താന്‍ എല്‍ഡിഎഫ് കണ്‍വീനിര്‍ ഇ.പി ജയരാജന് മറ്റൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇത് പ്രതിഷേധത്തിന് എണ്ണയൊഴിക്കുയും ചെയ്തു.
സിസിടവിയും വാഹന പരിശോധനയും എന്നുവേണ്ട ഫെയ്സ്ബുക്കില്‍ സി.പി.എമ്മിനെ വിമര്ശിച്ചവന് വരെ പോലീസിന്റെ ചോദ്യം ചെയ്യലുകള്‍ക്ക് ഇരയായപ്പോള്‍ ഇപ്പോള്‍ പ്രതികള്‍ വലയിലാവുമെന്ന പ്രതീതിയായിരുന്നു പൊതുസമൂഹത്തിനുണ്ടായിരുന്നത്. എന്തിന് എതിരാളികളുടെ ഓഫീസ് ആക്രമിക്കപ്പെട്ടതിന് ആരോപണ വിധേയര്‍ തന്നെ സഭയില്‍ അടിയന്തര പ്രമേയം കൊണ്ടുവന്നതും അതിന്മേലുള്ള ചര്‍ച്ച അനുവദിച്ചതുമായ വിചിത്രമായ സംഭവങ്ങള്‍ക്കും കേരളം സാക്ഷ്യം വഹിച്ചു. പക്ഷെ സംഭവം നടന്ന് 24 ദിവസം പിന്നിടുമ്പോഴും ബോംബേറ് പടക്കമേറായപ്പോഴും പ്രതിയെ കിട്ടാതെ അന്വേഷണം അവസാനിപ്പാക്കാനൊരുങ്ങുകയാണ് പോലീസ്.
കേരളം തുടര്‍ച്ചയായി രണ്ട് തവണ ഭരിച്ച രാഷ്ട്രീയ ചരിത്രമെഴുതിച്ചേര്‍ത്ത സി.പി.എമ്മിന് വിദഗ്ധന്മാരായ പോലീസ് സന്നാഹങ്ങളും ശാസ്ത്രീയ വിദഗ്ധരും കയ്യിലുള്ള ആഭ്യന്തരവകുപ്പിന് ഇത് ചെറിയ നാണക്കേടൊന്നുമല്ല ബാക്കി വെക്കുന്നത്. പിടിക്കും പിടിക്കുമെന്ന് പറഞ്ഞ് മടത്തുപ്പോള്‍ പിടിച്ചോ വെന്ന് ചോദിച്ച് പ്രതിപക്ഷം വരെ ദിവസങ്ങളോര്‍മപ്പെടുത്തി സോഷ്യല്‍മീഡിയ കാര്‍ഡുകളിട്ട് സര്‍ക്കാരിനെ ട്രോളാന്‍ തുടങ്ങി.
കോണ്‍ഗ്രസ്സുകാര്‍ക്ക് മാത്രമേ ഇത്തരം ആക്രമത്തിന് കഴിയൂവെന്ന് ഉറച്ച നിലപാടെടുത്ത ഇ.പി ജയരാജന് പിന്നീട് ന്യായീകരിച്ചത് സുകുമാരക്കുറുപ്പിനെ പിടിച്ചോവെന്ന് ചോദിച്ചാണ്. ആരെയെങ്കിലും പിടിക്കാനാവുമോയെന്ന് ചോദിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിഷയത്തില്‍ നിന്ന് തലയൂരി. വലിയ ആവേശം മുഖ്യമന്ത്രിയും കാണിച്ചില്ല. യുവജനസംഘടനകള്‍ പ്രതികള പിടിച്ചില്ലെന്ന് ആരോപിച്ച് പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തിയില്ല. കെട്ടിടം തകരുന്ന ശബ്ദം കേട്ട ഇരുന്നയിടത്ത് നിന്ന് ഞെട്ടിത്തെറിച്ച പി.കെ ശ്രീമതി പിന്നീട് അക്കാര്യത്തില്‍ മിണ്ടിയിട്ടില്ല.
24 മണിക്കൂറും പോലീസ് കാവലുള്ള സ്ഥലമാണ് എ.കെ.ജി. സെന്റര്‍. മാത്രമല്ല നാല് പോലീസ് സ്റ്റേഷനുകളുടെ വലയത്തിനുള്ളിലുള്ള സ്ഥലം. ഇവിടെ സ്ഫോടനം നടത്തി ഒരു അക്രമിക്ക് എങ്ങനെ രക്ഷപ്പെടാനാവുമെന്ന ചോദ്യമാണ് ആദ്യം ഘട്ടം മുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. പക്ഷെ ഉത്തരിമില്ല.
കിട്ടിയ സി.സി.ടി.വി ദൃശ്യവും കൊണ്ട് കേരള പോലീസ് ഡല്‍ഹി വരെ പോയി. സിഡാക്കിലും ഫോറന്‍സിക്ക് ലാബിലും കയറിയിറങ്ങി. ഇരുചക്ര വാഹനത്തിന്റെ പുറകെ പോയി. പക്ഷെ നിരാശമാത്രമായിരുന്നു ഫലം. ഇനിയൊരു തെളിവും ബാക്കിയില്ലെന്ന് പറഞ്ഞ് പോലീസ് അന്വേഷണത്തിന് അടിയറവ് പറയുമ്പോള്‍ രാഷ്ട്രീയ കേസ് ഡയറിയുടെ ഉത്തരം കിട്ടാത്ത താളുകളില്‍ പുതിയ അധ്യായമെഴുതിച്ചേര്‍ക്കുകയാണ് എ.കെ.ജി സെന്ററിലെ പടക്കമേറ് കേസും.
കട്ടവനെപ്പോയിട്ട് കണ്ടവനെപ്പോലും കണ്ടെത്താനാകാത്ത രാഷ്ട്രീയകേസുകള് ഒന്നുംരണ്ടുമല്ല സമീപകാലകേരളത്തില്‍. കുറച്ചുദിവസം ആളിക്കത്തും. ആരോപണ, പ്രത്യാരോപണങ്ങള്‍ മുറയ്ക്കുനടക്കും. കൊഴുപ്പുകൂട്ടാന്‍ ഹര്‍ത്താലും പ്രകടനവും. ആരോപണവിധേയരായ പാര്‍ട്ടിയുടെ ഓഫീസ് ആക്രമിക്കുന്നതിലേക്കുവരെ അതു നീണ്ടിട്ടുണ്ട്. ഒറ്റപ്രതിയെപ്പോലും കിട്ടാതെ അന്വേഷണം നിലയ്ക്കുന്നതാണ് പിന്നത്തെ കാഴ്ച.
പാര്‍ട്ടി ആസ്ഥാനത്ത് ഏതായാലും(ബോംബോ പടക്കമോ) ഉണ്ടായാല്‍ അത് ചെയ്തവരെ കണ്ടെത്താന്‍ പാര്‍ട്ടി ഭരിച്ചിട്ട് കഴിയുന്നില്ല എന്നത് സിപിഎമ്മിനെ വല്ലാതെ അലോസരപ്പെടുത്തും. പ്രത്യേകിച്ച് ചെയ്തത് സിപിഎമ്മുകാര്‍ തന്നെയെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..