കിട്ടിയോ എന്ന ചോദ്യത്തിന് മറുപടി; എകെജി സെന്റര്‍ പടക്കമേറില്‍ 84 ദിവസത്തിന് ശേഷം ഉത്തരം


ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജിതിനെയാണ് എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്

പോലീസ് കസ്റ്റഡിയിലെടുത്ത ജിതിൻ, ആക്രമണമുണ്ടായ സ്ഥലം ഇ.പി ജയരാജൻ പരിശോധിക്കുന്നു(ഫയൽ ചിത്രം)

തിരുവനന്തപുരം: പ്രതിയെ കിട്ടാന്‍ സിസിടിവി ദൃശ്യങ്ങളുമായി ഡല്‍ഹിവരെ പോയി. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ രൂപീകരിച്ചും അന്വേഷണം തകൃതി. എന്നിട്ടും എ.കെ.ജി സെന്റര്‍ പടക്കമേറ് കേസില്‍ തുമ്പൊന്നും കിട്ടാത്തതില്‍ ചെറുതായൊന്നുമായിരുന്നില്ല കേരള പോലീസും സി.പി.എമ്മും വിയര്‍ത്തത്. കിട്ടിയോ എന്ന് ചോദിച്ച് കോണ്‍ഗ്രസുകാര്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞപ്പോള്‍ എന്ത് പറയണമെന്നറിയില്ലായിരുന്നു സര്‍ക്കാരിനും പോലീസിനും. ഒടുവില്‍ 84 ദിവസത്തിന് ശേഷം പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ അത് പോലീസിനും സിപിഎമ്മിനും ആശ്വാസമാകുന്നു.

ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജിതിനെയാണ് എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ജിതിനാണ് സ്‌ഫോടക വസ്തുവെറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കിട്ടിയോ, കിട്ടോയോ എന്ന് ചോദിച്ച് കളം നിറഞ്ഞുനിന്ന യൂത്ത് കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തകനെ തന്നെ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ പറഞ്ഞതെല്ലാം വിഴുങ്ങേണ്ട അവസ്ഥയിലുമായി യൂത്ത് കോണ്‍ഗ്രസ്.

വി.ടി ബല്‍റാമിനേയും ശബരിനാഥിനേയും പോലുള്ള നേതാക്കളുടെ പ്രസ്താവനകള്‍ അതാണ് വ്യക്തമാക്കുന്നത്. അറസ്റ്റ് നാടകമാണെന്ന വാദമാണ് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. കിട്ടി, അറിഞ്ഞില്ലേയെന്ന് ചോദിച്ച് സി.പി.എം പ്രവര്‍ത്തകര്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളുടെ സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോമുകളില്‍ പൊങ്കാലയിടുന്നുമുണ്ട്.

ഇനിയൊരു തെളിവും പരിശോധിക്കാന്‍ ബാക്കിയില്ലെന്ന നിലപാട് പോലീസ് മുന്നോട്ടുവെച്ചപ്പോല്‍ കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു കേസ് കൂടി തെളിയാക്കേസിന്റെ ചരിത്രത്താളുകളിലേക്ക് എഴുതിച്ചേര്‍ക്കപ്പെടുമോയെന്ന സംശയമായിരുന്നു ഉയര്‍ന്ന് കേട്ടിരുന്നത്. ഇതിന് കൂടിയാണ് ഇന്നത്തെ അറസ്റ്റിലൂടെ പരിഹാരമായത്.

കഴിഞ്ഞ ജൂണ്‍ 30-ന് രാത്രി 11.30-ന് സിപിഎം സംസ്ഥാന കമ്മിറ്റിയോഫീസായ എ.കെ.ജി സെന്ററിനെതിരേ ആക്രമണം നടന്നതിന് പിന്നാലെ ഉയര്‍ന്ന ചോദ്യം. ആരാണ് ഇതിന് പിന്നിലെന്നായിരുന്നു. കോണ്‍ഗ്രസോ അതോ ബിജെപിയോ? കോണ്‍ഗ്രസാണ് ബോംബെറിഞ്ഞതെന്ന് സിപിഎം നേതാക്കളെല്ലാം ആവര്‍ത്തിച്ചു. ആദ്യ പ്രസ്താവന വന്നത് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ പി.കെ ശ്രീമതിയില്‍ നിന്ന്. ഇടിവെട്ടുന്നതിനുമപ്പുറം, കെട്ടിടം തകരുന്ന പോലുള്ള ശബ്ദമായിരുന്നു കേട്ടതെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. പിന്നെ കണ്ടത് കേരളമൊട്ടാകെ സി.പി.എമ്മിന്റെ പ്രതിഷേധമായിരുന്നു.

ബോംബേറ് നടന്നുവന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തതിന് കണക്കില്ല. നഗരവും ഗ്രാമങ്ങളുമെല്ലാം പ്രതിഷേധക്കടലായി. കോണ്‍ഗ്രസ്സുകാരാണ് ചെയ്തതെന്ന ആരോപണമുയര്‍ത്താന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് മറ്റൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇത് പ്രതിഷേധത്തിന് എണ്ണയൊഴിക്കുകയും ചെയ്തു.

സിസിടിവിയും വാഹന പരിശോധനയും തുടങ്ങി, ഫെയ്‌സ്ബുക്കില്‍ സി.പി.എമ്മിനെ വിമര്‍ശിച്ചവന്‍ വരെ പോലീസിന്റെ ചോദ്യം ചെയ്യലുകള്‍ക്ക് ഇരയായപ്പോള്‍ പ്രതികള്‍ വലയിലാവുമെന്ന പ്രതീതിയായിരുന്നു പൊതുസമൂഹത്തിനുണ്ടായിരുന്നത്. എതിരാളികളുടെ ഓഫീസ് ആക്രമിക്കപ്പെട്ടതിന് ആരോപണ വിധേയര്‍ തന്നെ സഭയില്‍ അടിയന്തര പ്രമേയം കൊണ്ടുവന്നതും അതിന്‍മേലുള്ള ചര്‍ച്ച അനുവദിച്ചതുമായ വിചിത്രമായ സംഭവങ്ങള്‍ക്കും കേരളം സാക്ഷ്യംവഹിച്ചു.

കോണ്‍ഗ്രസ്സുകാര്‍ക്ക് മാത്രമേ ഇത്തരം ആക്രമത്തിന് കഴിയൂവെന്ന് ഉറച്ച നിലപാടെടുത്ത ഇ.പി ജയരാജന്‍, സുകുമാരക്കുറുപ്പിനെ പിടിച്ചോ എന്ന് ചോദിച്ചാണ് പിന്നീട് ന്യായീകരിച്ചത് . ആരെയെങ്കിലും പിടിച്ചാല്‍ മതിയോ എന്നുചോദിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും വിഷയത്തില്‍ നിന്ന് തലയൂരിയിരുന്നു. വലിയ ആവേശം മുഖ്യമന്ത്രിയും കാണിച്ചില്ല.

24 മണിക്കൂറും പോലീസ് കാവലുള്ള സ്ഥലമാണ് എ.കെ.ജി. സെന്റര്‍. മാത്രമല്ല നാല് പോലീസ് സ്റ്റേഷനുകളുടെ വലയത്തിനുള്ളിലുള്ള സ്ഥലം. ഇവിടെ സ്‌ഫോടനം നടത്തി ഒരു അക്രമിക്ക് എങ്ങനെ രക്ഷപ്പെടാനാവുമെന്ന ചോദ്യമാണ് ആദ്യം ഘട്ടം മുതല്‍ ഉയര്‍ന്നത്. പക്ഷെ, പോലീസിന് ഉത്തരമുണ്ടായിരുന്നില്ല.

കിട്ടിയ സി.സി.ടി.വി ദൃശ്യവുംകൊണ്ട് കേരള പോലീസ് ഡല്‍ഹി വരെ പോയി. സിഡാക്കിലും ഫോറന്‍സിക് ലാബിലും കയറിയിറങ്ങി. ഇരുചക്ര വാഹനത്തിന്റെ പുറകെ പോയി. പക്ഷെ നിരാശമാത്രമായിരുന്നു ഫലം. കട്ടവനെപ്പോയിട്ട് കണ്ടവനെയെങ്കിലും പ്രതിയാക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഒന്നും നടന്നിരുന്നില്ല. ഈ നാണക്കേടിനെല്ലാമാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.

Content Highlights: akg center attack


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented