ആകാശ് തില്ലങ്കേരി കോടതിയിൽ കീഴടങ്ങിയപ്പോൾ
കണ്ണൂർ: ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതി ആകാശ് തില്ലങ്കേരി കോടതിയിൽ കീഴടങ്ങുന്ന സമയം സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ നേതൃത്വത്തിൽ മട്ടന്നൂർ ഏരിയാകമ്മിറ്റി ഓഫീസിൽ തില്ലങ്കേരി ലോക്കൽ കമ്മറ്റി അംഗങ്ങളുടെ യോഗം ചേർന്നു. ആകാശ് തില്ലങ്കേരി വിഷയവും യോഗത്തിൽ ചർച്ചയായി. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം തുടങ്ങിയ യോഗം വൈകീട്ട് അഞ്ചുവരെ തുടർന്നു. അഞ്ചോടെയാണ് ആകാശ് തില്ലങ്കേരി കീഴടങ്ങാനെത്തുന്നത്. ഉടൻതന്നെ ആകാശിന് ജാമ്യം ലഭിക്കുകയും ചെയ്തു.
ആകാശ് തില്ലങ്കേരിയോടുള്ള സമീപനത്തിൽ ഒരു മാറ്റവുമില്ലെന്ന് എം.വി. ജയരാജൻ പറഞ്ഞു. നേരത്തേ ആകാശിനെക്കുറിച്ച് മാധ്യമപ്രവർത്തകരോട് എന്താണോ പറഞ്ഞത് അതുതന്നെയാണ് ഇപ്പോഴും പറയാനുള്ളത് ക്വട്ടേഷൻസംഘാംഗമാണ് ആകാശ് തില്ലങ്കേരി. അയാൾ ഇപ്പോൾ പാർട്ടിക്ക് പുറത്താണ്. അയാളെ പിന്തുണയ്ക്കുകയോ അയാളുടെ പോസ്റ്റിന് പ്രതികരിക്കുകയോ ചെയ്യുന്നത് പാർട്ടിവിരുദ്ധമാണെന്നും ജയരാജൻ പറഞ്ഞു. സാമൂഹികമാധ്യമത്തിൽ എന്തെങ്കിലും പോസ്റ്റിട്ട് പാർട്ടിയെ ഭയപ്പെടുത്താനുള്ള ശ്രമം വിഫലമാണെന്നുംഅദ്ദേഹം പറഞ്ഞു.
എന്നാൽ മട്ടന്നൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ നടന്നത് സാധാരണയോഗം മാത്രമാണെന്ന് സി.പി.എം. നേതാക്കൾ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജാഥ അടുത്ത ആഴ്ച മട്ടന്നൂരിൽ എത്തുന്നുണ്ട്. അതുമായി ബന്ധപ്പട്ട കാര്യം ചർച്ചചെയ്യാനാണ് യോഗം വിളച്ചത്. തില്ലങ്കേരി ലോക്കൽ കമ്മിറ്റിയോഗം മാത്രമല്ല മട്ടന്നൂർ ലോക്കൽ കമ്മിറ്റിയോഗവും നടന്നിട്ടുണ്ട്. പാർട്ടി സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രചാരണജാഥ വരുമ്പോൾ ഇത്തരം പ്രതിസന്ധിയുണ്ടാകുന്നത് ദോഷം ചെയ്യുമെന്നും ജയരാജൻ യോഗത്തിൽ സൂചിപ്പിച്ചു.
പോലീസിന്റെ ഒത്തുകളിയെന്ന് ആരോപണം
അതിനിടെ ആകാശ് തില്ലങ്കേരിക്ക് കീഴടങ്ങാനും ഉടൻ ജാമ്യംകിട്ടാനും സൗകര്യമൊരുക്കിയത് പോലീസിന്റെ ഒത്തുകളിയാണെന്ന് ആരോപണമുയർന്നു. കോടതിയിലെത്തിയ ഇയാളുടെ ഫോട്ടോയെടുക്കാൻ മാധ്യമങ്ങൾ ശ്രമിച്ചപ്പോൾ പിതാവുൾപ്പെടെ കൂടെയുള്ളവർ തടഞ്ഞു.
സുഹൃത്തുക്കൾക്കൊപ്പം കാറിലെത്തിയ ആകാശ് ഒന്നും സംഭവിക്കാത്തമട്ടിൽ കോടതിയിലേക്ക് കയറിപ്പോവുകയായിരുന്നു. പോലീസ് അപ്പോൾ അവിടെയുണ്ടായിരുന്നു. അറസ്റ്റ്‌വഴി ഉണ്ടായേക്കാവുന്ന നാടകീയരംഗങ്ങൾ എല്ലാം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. അറസ്റ്റ് ഒഴിവാക്കാൻ പോലീസിന് വ്യക്തമായ നിർദേശം ലഭിച്ചതായും പറയുന്നു.
ആകാശിന്റെ അറസ്റ്റും ജാമ്യവും നാടകം -ഷാഫി പറമ്പിൽ
ഇരിട്ടി: ആകാശ് തില്ലങ്കേരിയുടെയും കൂട്ടാളികളുടെയും അറസ്റ്റും ജാമ്യവും വെറും നാടകം മാത്രമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ. പരിഹസിച്ചു. മാഫിയ- ക്രിമിനൽ രാഷ്ട്രീയത്തിനെതിരേ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി തില്ലങ്കേരിയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ നാടകത്തിന് കഥയും തിരക്കഥയും എഴുതിയത് സി.പി.എമ്മും സംവിധാനം ചെയ്തത് പോലീസുമാണ്. ആകാശ് നന്നായി അഭിനയിച്ച ഒരാൾ മാത്രമാണ്. കൊലക്കേസ് പ്രതിയും മാഫിയാബന്ധവുമുള്ള ആകാശിനെതിരേ ഒരു ജാമ്യമില്ലാവകുപ്പ് ചേർക്കാനുള്ള നട്ടെല്ല് പോലും മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കുമില്ലാതെ പോയി. ആകാശിനെ ഇനിയും പ്രകോപിപ്പിച്ചാൽ പല നേതാക്കളും തലയിൽ മുണ്ടിട്ട് നടക്കേണ്ടിവരുമെന്ന നല്ല ബോധ്യം സി.പി.എം. നേതൃത്വത്തിനുണ്ട് - ഷാഫി പറമ്പിൽ പറഞ്ഞു.
ഷുഹൈബ് വധക്കേസിൽ ആകാശിന്റെ വെളിപ്പെടുത്തലിൽ പുതുമയൊന്നുമില്ല. ആകാശ് തില്ലങ്കേരിയുമായി ഒരു ബന്ധവുമില്ലെന്ന് പറയുന്ന സി.പി.എമ്മിന് സി.ബി.ഐ. അന്വേഷണത്തിനെതിേര കോടതിയിൽ നൽകിയ തടസ്സഹർജി പിൻവലിക്കാൻ ധൈര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. സി.ബി.ഐ. വരാതിരിക്കാൻ പൊതുഖജനാവിൽനിന്ന് ഒന്നരക്കോടി ചെലവിട്ട് അഭിഭാഷകരെ കൊണ്ടുവന്നത് എന്തിനെന്ന് സി.പി.എം. നേതൃത്വം മറുപടി പറയണം. എത്രകാലം കഴിഞ്ഞാലും ഷുഹൈബിന്റെ കൊലയാളികളെയും കൊല്ലിച്ചവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ യൂത്ത് കോൺഗ്രസും ജനാധിപത്യവിശ്വാസികളും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, റിജിൽ മാക്കുറ്റി, കെ. കമൽജിത്ത്, വിനീഷ് ചുള്ളിയാൻ, സന്ദീപ് പണപ്പുഴ, റോബർട്ട് വെള്ളാർവള്ളി, രാഹുൽ ദാമോദരൻ, രാഗേഷ് തില്ലങ്കേരി, ദിലീപ് മാത്യു തുടങ്ങിയവർ സംസാരിച്ചു.
Content Highlights: akash thillankeri dfyi lady leader verbal abuse case arrest and bail drama says shafi parambil


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..