തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ മുട്ടില്‍ മരംമുറി വിവാദത്തില്‍ വീഴ്ചയുണ്ടായെന്ന് തുറന്ന് സമ്മതിച്ച് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നും ഇവര്‍ക്കെതിരെ നടപടിയെടുത്തുവെന്നും അദ്ദേഹം നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മറുപടിയായി പറഞ്ഞു.

ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുവെന്നും കൂടുതല്‍ നടപടികള്‍ ആലോചിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥരെ കൂടുതല്‍ നടപടിക്ക് വിധേയരാക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്നും സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. നിലവിലെ നടപടികള്‍ക്ക് പുറമേ ചട്ടങ്ങളില്‍ ഭേദഗതി വരുത്തേണ്ടതുണ്ടോയെന്നും പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മരം മുറി വിവാദം സംബന്ധിച്ച് ഒരു ഉത്തരവും വനം വകുപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്ന് പറഞ്ഞ് മന്ത്രി കയ്യൊഴിയുകയും ചെയ്തു.

റവന്യൂ വകുപ്പുമായി ഒരു ഭിന്നതയും ഈ വിഷയത്തില്‍ ഇല്ല. കാര്യങ്ങളെല്ലാം രണ്ട് വകുപ്പുകളും ആലോചിച്ചാണ് തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. മരംമുറി വിവാദവുമായി ബന്ധപ്പെട്ടുള്ള ഒരു തീരുമാനവും റവന്യൂ വകുപ്പുമായി ആലോചിക്കാതെ സ്വീകരിച്ചിട്ടില്ലെന്നും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

Content Highlights: AK Saseendran on Muttil tree cutting scam