കൊച്ചി: ഇടതു മന്ത്രി സഭയില്‍നിന്ന് തോമസ് ചാണ്ടി പുറത്തേക്കെന്ന നിലയില്‍ കാര്യങ്ങള്‍ നീങ്ങുമ്പോള്‍ മുന്‍ മന്ത്രി എ.കെ. ശശീന്ദ്രനെതിരെയുള്ള ഫോണ്‍ വിളി കേസ് ഒത്തുതീര്‍പ്പിലേക്ക്. തര്‍ക്കം കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയെന്നും കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും പരാതിക്കാരി ഹൈക്കോടതിയെ അറിയിച്ചു.

ഫോണ്‍വിളിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് മുന്‍മന്ത്രി എ.കെ.ശശീന്ദ്രനെതിരെ പോലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനായിരുന്നു കേസ്. 

ഇതിനിടെയാണ് ഫോണ്‍ വിളിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. പരാതിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ല. തന്റേത് വ്യക്തിപരമായ പരാതിയാണ്. വിഷയം കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയതാണെന്നും കേസ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ പരാതിക്കാരി ആവശ്യപ്പെട്ടു.

ഈ കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഹാജരാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, തോമസ് ചാണ്ടിയുടെ രാജിയും തന്റെ കേസ് ഒത്തുതീര്‍പ്പായതും തമ്മില്‍ ബന്ധമില്ലെന്ന് എ.കെ.ശശീന്ദ്രന്‍ പ്രതികരിച്ചു.

കേസ് റദ്ദാക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടെങ്കിലും മറ്റെല്ലാ വശങ്ങളും കൂടി പരിഗണിച്ചാകും ഹൈക്കോടതി തീരുമാനമെടുക്കുക. മജിസ്ട്രേറ്റിന് പരാതിക്കാരി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരുന്നത്.

വാര്‍ത്താ ചാനലിന്റെ ലോഞ്ചിംഗ് ദിവസത്തേക്കുള്ള വാര്‍ത്ത ശേഖരിക്കുന്നതിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തക മന്ത്രിയെ സമീപിക്കുകയും ഹണിട്രാപ്പില്‍ പെടുത്തുകയുമായിരുന്നു. എന്നാല്‍, സഹായം അഭ്യര്‍ത്ഥിച്ച് മന്ത്രിക്കു മുന്നിലെത്തിയ വീട്ടമ്മയോട് ശശീന്ദ്രന്‍ അശ്ലീലം പറഞ്ഞെന്നായിരുന്നു വാര്‍ത്ത സംപ്രേഷണം ചെയ്യുമ്പോള്‍ ചാനല്‍ പറഞ്ഞിരുന്നത്. പിന്നീടാണ് മാധ്യമപ്രവര്‍ത്തകയാണ് വാര്‍ത്തയ്ക്കു പിന്നിലെന്നു തെളിഞ്ഞത്. തുടര്‍ന്ന് വന്‍വിവാദമാവുകയും മന്ത്രി രാജി വെക്കുകയും ചെയ്തു. കേസില്‍ ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു.