കോഴിക്കോട്:  ഇടതിന്റെ ഉറച്ച കോട്ടയായ എലത്തൂരില്‍നിന്ന് ചരിത്രഭൂരിപക്ഷമായ 38,502 വോട്ട് നേടി ഹാട്രിക് കുറിച്ചാണ് എ.കെ. ശശീന്ദ്രന്‍ എലത്തൂരില്‍നിന്ന് രണ്ടാം പിണറായി സര്‍ക്കാരിലും മന്ത്രിപദവിയിലേക്കെത്തുന്നത്. 1980-ല്‍ പെരിങ്ങളത്ത് നിന്നും ആരംഭിച്ച ജൈത്രയാത്രയാണ് ഹാട്രിക് തിളക്കത്തോടെ ഇന്ന് എലത്തൂരില്‍ തഴച്ച് വളര്‍ന്ന നേതാവായി ഈ കണ്ണൂരുകാരന്‍ മാറിയത്. 

കണ്ണൂര്‍ എളയാവൂര്‍ സ്വദേശിയായ ശശീന്ദ്രന്‍ 1962-ല്‍ കെ.എസ്.യുവിലുടെയാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത് . കോണ്‍ഗ്രസിന്റെ  വിവിധ തലങ്ങളില്‍ ഭാരവാഹിയായി. 65-ല്‍ കെ.എസ്.യു. കോഴിക്കോട് ജില്ലാ പ്രസിഡന്റായി. 67-ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി.1969 ല്‍ സംസ്ഥാന യൂത്ത്‌കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി. 78-ല്‍ സംസ്ഥാനപ്രസിഡന്റ്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് എസ്സിലെത്തി. കെ.പി. ഉണ്ണികൃഷ്ണന്‍, എ.സി. ഷണ്‍മുഖദാസ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തനം. 82 മുതല്‍ 98 വരെ കോണ്‍ഗ്രസ് (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 99 മുതല്‍ 2004 വരെ എന്‍.സി.പി. സംസ്ഥാന സെക്രട്ടറി, 2004 മുതല്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, 2006 മുതല്‍ നിയമസഭാ കക്ഷി നേതാവ്, എന്‍.സി.പി. ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗം.

കോഫിബോര്‍ഡ് അംഗം ഹൗസിങ് ബോര്‍ഡ് അംഗം തുടങ്ങിയ നിലയിലും പ്രവര്‍ത്തിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 1980-ല്‍ പെരിങ്ങളം മണ്ഡലത്തിലായിരുന്നു  കന്നിയങ്കം. തുടര്‍ന്ന് 82-ല്‍ എടക്കാട് മണ്ഡലത്തില്‍നിന്ന് വിജയിച്ചു. 87-ല്‍ കണ്ണൂരില്‍ പരാജയപ്പെട്ടു. 2006-ല്‍ ബാലുശ്ശേരിയില്‍നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2011 മുതല്‍ 2021 വരെ എലത്തൂരില്‍ നിന്ന് വിജയിച്ചു. എന്‍.ടി അനിത കൃഷ്ണനാണ് ഭാര്യ. വരുണ്‍ ശശീന്ദ്രന്‍ മകനും ഡോ. സോന മരുമകളുമാണ്.