കോഴിക്കോട്: വിവാദങ്ങള്‍ ആഘോഷങ്ങള്‍ മാത്രമാണെന്നും ജനങ്ങള്‍ക്ക് അതിനോടൊന്നും താല്‍പര്യമില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയം ഇടതുപക്ഷത്തിന് തന്നെയായിരിക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലായിരിക്കും ഇത്തവണത്തെ ജനവിധി. മുന്‍കാല സാഹചര്യത്തേക്കാൾ കാര്യങ്ങള്‍ അനുകൂലമാണ്  ഇപ്പോള്‍ ഇടതുപക്ഷത്തിന്. വിവാദങ്ങളേക്കാൾ യഥാര്‍ഥ ജീവിത അനുഭവങ്ങള്‍ വോട്ടാകുന്ന തിരഞ്ഞെടുപ്പായിരിക്കും ഈ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച തദ്ദേശം 2020 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശശീന്ദ്രന്‍. 

വികസന പ്രവര്‍ത്തനങ്ങളാണ് എല്‍.ഡി.എഫ് മുന്നോട്ട് വെക്കുന്ന രാഷ്ടീയം. അതിനെ വിവാദങ്ങള്‍ക്കൊണ്ട് തോല്‍പിക്കാനാവില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. വിവാദങ്ങളല്ലാതെ യു.ഡി.എഫിനും ബി.ജെപിക്കും മുന്നോട്ട് വെക്കാന്‍ മറ്റ് അജണ്ടകളില്ല. ആയുധരഹിതരായത് കൊണ്ടാണ് അവര്‍ വിവാദങ്ങളുമായി മുന്നോട്ട് വരുന്നത്. എല്‍.ഡി.എഫിനെ നേരിടാന്‍ അവിശുദ്ധ കൂട്ടുകെട്ടിനാണ് ഇത്തവണ യു.ഡി.എഫ് തുടക്കമിട്ടിരിക്കുന്നത്. യു.ഡി.എഫിനെ നയിക്കുന്നത് ജമാഅത്ത ഇസ്ലാമിയാണ്. കോണ്‍ഗ്രസിന്റെ അപചയത്തിന്റെ തെളിവാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ധാരണയെന്നും ശശീന്ദ്രന്‍ പറഞ്ഞു.

എല്‍.ഡി.എഫിലേക്ക് പുതിയ കക്ഷികള്‍ വന്നത് മുന്നണിയുടെ നിലവിലെ ശക്തി വര്‍ധിപ്പിക്കും. മലബാറിലും തെക്കന്‍ കേരളത്തിലും ഇതിന്റെ ഫലം എല്‍.ഡി.എഫിന് ലഭിക്കും. ഇതില്‍ മറ്റ് ഘടക കക്ഷികള്‍ക്ക് ക്ഷീണമുണ്ടാക്കിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.