കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി യില്‍ കൂട്ട പിരിച്ചുവിടല്‍ ഇല്ലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍. നേരത്തെ എടുത്ത തീരുമാനം ഘട്ടം ഘട്ടമായി നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്. അവധിയില്‍ പ്രവേശിച്ചവര്‍ മെയ് 30നകം സര്‍വീസില്‍ തുടരുന്നുണ്ടോ എന്ന് രേഖാമൂലം മറുപടി നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ തീരുമാനം അംഗീകരിക്കാത്തവരെയാണ് പിരിച്ചുവിട്ടതെന്നും മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. പെന്‍ഷന്‍ വാങ്ങാനായി മാത്രം ജീവനക്കാരായി ലിസ്റ്റില്‍  തുടരുകയും ലീവെടുത്ത് മറ്റ് ജോലി ചെയ്യുകയും ചെയ്യുന്നത് ശരിയല്ല. 

മോട്ടോര്‍ വാഹന വകുപ്പിനെതിരെ ലഭിക്കുന്ന പരാതിയിന്‍മേല്‍ അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് വകുപ്പ് തലത്തിലുള്ള  അന്വേഷണം നടത്തണമെന്ന് വിജിലന്‍സ്, ആഭ്യന്തര വകുപ്പുകളോട് ആവശ്യപ്പെടും. മോട്ടോര്‍ വാഹന വകുപ്പിനെതിരേ ലഭിക്കുന്ന പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ പരാതിക്കാരന് നീതികിട്ടണം.

സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ വഴി മരണപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. 18- 38-വയസിനിടയില്‍  നിരവധി പേരാണ് വാഹനപകടങ്ങളില്‍ മരണപ്പെടുന്നത്. ഈ ഒരവസ്ഥ എങ്ങനെയുണ്ടായി എന്നത് ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.  വാഹന വായ്പ്പ ഇളവ് കാരണം ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.  കേരള അസിസ്റ്റന്‍ഡ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന്‍ 50-ാം സംസ്ഥാന സമ്മേളനത്തിനെത്തിന്റെ ഉദ്ഘാടനവും മന്ത്രി നടത്തി.