ന്യൂഡല്‍ഹി: കേരളത്തിലെ ആദിവാസി മേഖലയില്‍ നടപ്പാക്കുന്ന ഗോത്ര ബന്ധു, സാമൂഹിക പഠനമുറി, മില്ലറ്റ് വില്ലേജ് തുടങ്ങിയ പദ്ധതികള്‍ക്ക് നൂറ് കോടി രൂപയുടെ അധിക കേന്ദ്ര സഹായം ലഭ്യമാക്കണമെന്ന് മന്ത്രി എ.കെ.ബാലന്‍. കേന്ദ്ര ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി അര്‍ജുന്‍ മുണ്ടയുമായി നടത്തിയ  കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. 

പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രവേശനം ഉറപ്പാക്കുന്ന പദ്ധതിയാണ് ഗോത്ര ബന്ധു. പ്രൈമറി സ്‌കൂളുകളില്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഗോത്രഭാഷകൂടി ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികളുടെ ഭാഷാ പ്രശ്നം പരിഹരിക്കുന്നതിനും മികച്ച വിദ്യാഭ്യാസം നല്‍കി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞ്പോക്ക് കുറക്കുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നു. 

പദ്ധതിയുടെ വിജത്തിനായി അതാത് ഗോത്രവര്‍ഗ്ഗ മേഖലയിലെ ടി.ടി.സി, ബി.എഡ് യോഗ്യതയുള്ള യുവതീ യുവാക്കളെ പ്രൈമറി അധ്യാപകരായും വിദ്യാഭ്യാസ ഉപദേശകരായും നിയമിച്ചിട്ടുണ്ട്. ഇത് പ്രകാരം വയനാട് ജില്ലയിലും അട്ടപ്പാടിയിലും ഇതിനകം 267 ആദിവാസി യുവതി യുവാക്കളെ ഇപ്രകാരം നിയമിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം തന്നെ കേരളത്തിലെ മറ്റുജില്ലകളിലും പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ആദിവാസി വിഭാഗത്തിന്റെ പുരോഗതി ലക്ഷ്യമാക്കിയുള്ള കേരളത്തിന്റെ നൂതനമായ പദ്ധതികളോട് വളരെ അനുകൂലമായ സമീപനമാണ് കേന്ദ്രമന്ത്രിയില്‍ നിന്നും ഉണ്ടായതെന്ന് കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി എ.കെ.ബാലന്‍ വ്യക്തമാക്കി. 

ആദിവാസി കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ഊരുകളോട് ചേര്‍ന്ന് നടപ്പാക്കുന്ന സാമൂഹ്യ പഠനമുറി പദ്ധതി, പഠന സാമഗ്രികൾ, ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂന്നിയ ആധുനിക പഠന സൗകര്യങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്. ഊരിലെ വിദ്യാസമ്പന്നനായ വ്യക്തിയെ ചുമതലക്കാരനായി നിയമിച്ച് 1000 സാമൂഹ്യ പഠനമുറികളാണ് സര്‍ക്കാര്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനകം 100 സാമൂഹ്യ പഠനമുറികളുടെ നിര്‍മ്മാണം പൂര്‍ത്തിയായതായും മന്ത്രി വ്യക്തമാക്കി. 

Content Highlights: AK Balan, Arjun munda