കൊച്ചി: ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല ഐക്യം ഉണ്ടാവുമെന്ന് എകെ ആന്റണി. കോണ്‍ഗ്രസും സോണിയ ഗാന്ധിയും കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കും. മതേതരത്വം സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ കൂട്ടായ്മയ്ക്ക് രൂപം നല്‍കുന്നതെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. 

താല്‍ക്കാലികമായി എന്തെല്ലാം തിരിച്ചടികള്‍ ഉണ്ടായാലും വര്‍ഗീയ ശക്തികളില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കുന്നതിനും ഭരണഘടന മുന്നോട്ട് വയ്ക്കുന്ന മൂല്യങ്ങളെ കാത്തുസൂക്ഷിക്കുന്നതിനുമായി അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പോടെ അതി വിശാലമായ ഒരു കൂട്ടായ്മ ഇന്ത്യയില്‍ വളര്‍ത്തിയെടുക്കും, കോണ്‍ഗ്രസും സോണിയ ഗാന്ധിയും ഈ കൂട്ടായ്മ വളര്‍ത്തിയെടുക്കുന്നതിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനായുള്ള തന്ത്രങ്ങള്‍ക്ക് കോണ്‍ഗ്രസ് ദേശീയതലത്തില്‍ രൂപം നല്‍കുന്നതിനിടെയാണ് മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ പ്രസ്താവന. 

പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകോപന സമിതി രൂപീകരിക്കാനും അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. 14 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തുകൊണ്ട് കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് ബിജെപിക്കും ആര്‍എസ്എസിനുമെതിരെ ഐക്യം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. സോണിയ ഗാന്ധി ഇക്കാര്യം മറ്റ് പ്രതിപക്ഷ കക്ഷികളുടെ അധ്യക്ഷന്മാരുമായി ചര്‍ച്ച ചെയ്തു. 

അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ സംയുക്ത റാലി അടക്കമുളള പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും നീക്കമുണ്ട്. ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്ത് ആവും പ്രതിപക്ഷ ശക്തിപ്രകടനത്തിന് ആദ്യം വേദിയാവുക. പിന്നീട് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും റാലികള്‍ നടക്കും.