കൊച്ചി: രാജ്യദ്രോഹക്കേസില്‍ ആയിഷ സുല്‍ത്താനയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മൂന്ന് മണിക്കൂര്‍ നേരം ചോദ്യം ചെയ്യല്‍ നീണ്ടു. അന്വേഷണ സംഘം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഞായറാഴ്ച വൈകീട്ട് നാല് മണിയോടെ അഭിഭാഷകര്‍ക്കൊപ്പമാണ് ആയിഷ കവരത്തി പോലീസ് ഹെഡ്ക്വാട്ടേസില്‍ ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകാനായി കഴിഞ്ഞ ദിവസമാണ് ആയിഷ കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലെത്തിയത്. നാല് ദിവസം കൂടി ആയിഷ ലക്ഷദ്വീപില്‍ തുടരും. 

ജൈവായുധ പരാമര്‍ശങ്ങളുടെ പേരില്‍ ബിജെപി ലക്ഷദ്വീപ് ഘടകം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആയിഷക്കെതിരെ രാജ്യദ്രോഹക്കേസ് എടുത്തത്. താന്‍ വിമര്‍ശനമാണ് ഉന്നയിച്ചതെന്ന വാദഗതിയാണ് ആയിഷ ചോദ്യം ചെയ്യലില്‍ പോലീസിനോടും ആവര്‍ത്തിച്ചതെന്നാണ് സൂചന. 

കേസില്‍ അറസ്റ്റ് ചെയ്താല്‍ ആയിഷയ്ക്ക് ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ കവരത്തി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഒരാഴ്ചയാണ് കോടതിയുടെ ഇടക്കാല ഉത്തരവിന്റെ കാലാവധി. 

ജൈവായുധ പരാമര്‍ശം നടത്തിയത് അബദ്ധത്തിലാണെന്നും അത് തെറ്റാണെന്ന് മനസിലായപ്പോള്‍ തന്നെ ആയിഷ മാപ്പു പറഞ്ഞിരുന്നതായും ആയിഷയുടെ അഭിഭാഷകന്‍ നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു. ഭരണകൂടത്തെ വിമര്‍ശിക്കുകയാണ് ചെയ്തത്. അല്ലാതെ വിദ്വേഷ പ്രചരണമല്ല തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. ജനങ്ങളെ രാജ്യത്തിനെതിരേ അക്രമകത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നും ആയിഷ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

content highlights: aisha sulthana interrogation completed in sedition case