കൊച്ചി: രാജ്യദ്രോഹ കേസില്‍ ആയിഷ സുല്‍ത്താനയെ കവരത്തി പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കാക്കനാട്ടെ ആയിഷയുടെ ഫ്‌ളാറ്റിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. 

ഇന്ന് രാവിലെയാണ് കവരത്തി എസ്.ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കൊച്ചിയിലെത്തിയത്. മുന്‍കൂട്ടി അറിയിക്കാതെയാണ് പോലീസ് ചോദ്യം ചെയ്യലിന് എത്തിയതെന്ന് ആയിഷ സുല്‍ത്താന പ്രതികരിച്ചു. 

സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് ആയിഷ സുല്‍ത്താനയ്‌ക്കെതിരെയുള്ള രാജ്യദ്രോഹ കേസിന് ആധാരം. ലക്ഷദ്വീപിലെ ബിജെപി ഘടകമാണ് ആയിഷയ്‌ക്കെതിരെ പരാതി നല്‍കിയത്. നേരത്തെ കേസില്‍ ആയിഷയെ ലക്ഷദ്വീപില്‍ വെച്ച് രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. 

ആയിഷയുടെ സാമ്പത്തിക ഇടപാടുകള്‍, ആയിഷയ്ക്ക് പിന്നില്‍ ഏതെങ്കിലും സംഘടനയുടെ പിന്തുണയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.