നിമിഷ രാജു, പി.എം. ആർഷോ | Photo: Screen grab/ Mathrubhumi News, Mathrubhumi
കൊച്ചി: ജാതി അധിക്ഷേപ കേസില്‍ ജാമ്യം ലഭിക്കാന്‍ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം വ്യാജമാണെന്ന ആരോപണവുമായി കേസിലെ പരാതിക്കാരിയായ എ.ഐ.എസ്.എഫ്. നേതാവ് നിമിഷ രാജു. ആര്‍ഷോ സമര്‍പ്പിച്ച സത്യവാങ്മൂലം വ്യാജമാണെന്ന് അന്നു തന്നെ കോടതിയെ തന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നു. ജാമ്യം കിട്ടാന്‍ വ്യാജ സത്യവാങ്മൂലവും കാരണമായിട്ടുണ്ടാവാമെന്നും അവര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിക്കെതിരായ പരാതിയില്‍നിന്ന് നിമിഷ പിന്മാറിയെന്നും സംഭവം നടക്കുമ്പോള്‍ ആര്‍ഷോ സ്ഥലത്തുണ്ടായിരുന്നു എന്നതിനപ്പുറം മറ്റൊരു പരാതിയുമുണ്ടായിരുന്നില്ലെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, താന്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി നിമിഷ വ്യക്തമാക്കി. ആര്‍ഷോയ്‌ക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു. തനിക്കെതിരായ ആക്രമണം നടക്കുമ്പോള്‍ സ്ഥലത്തില്ലായിരുന്നുവെന്നാണ് ആര്‍ഷോ ആദ്യം വാദിച്ചത്. ആക്രമണം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികള്‍ പകര്‍ത്തിയ ദൃശ്യം പുറത്തുവന്നപ്പോഴാണ് അവിടെയുണ്ടായിരുന്നുവെന്നതെങ്കിലും അംഗീകരിക്കാന്‍ ആര്‍ഷോ തയ്യാറായത്. പിന്നീട് തന്റെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. അതാണ് ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുള്ളതെന്നും നിമിഷ പറഞ്ഞു.
'ഞാന്‍ ആര്‍ഷോയെ തെറ്റായി തിരിച്ചറിഞ്ഞുവെന്നാണ് പ്രചാരണം. എന്റെ കൂടെ അഞ്ചുവര്‍ഷം പഠിച്ച ഒരാളെ എങ്ങനെയാണ് തെറ്റായി തിരിച്ചറിയുക. ആര്‍ഷോയുമായും അമലുമായി സംസാരിച്ചതിനെത്തുര്‍ന്നാണ് അന്ന് ആ സംഭവം ഉണ്ടാവുന്നത് തന്നെ', നിമിഷ പറഞ്ഞു.
കേസില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിരുന്നതായും അവര്‍ പറഞ്ഞു. കേസിലെ സാക്ഷികളുടെ മൊഴികള്‍ പോലീസ് എടുത്തിരുന്നില്ല. പകരം പോലീസുകാരെ തന്നെ സാക്ഷികളാക്കി അവര്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് കേസ് തള്ളിയത്. ആറാം സാക്ഷി തനിക്കെതിരെ അതിക്രമം നടന്നെന്ന് വ്യക്തമാക്കി മൊഴി നല്‍കിയിട്ടും അത് തെറ്റാണെന്ന് രേഖപ്പെടുത്തിയാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും നിമിഷ കുറ്റപ്പെടുത്തി.
തന്റെ ആരോപണങ്ങളും പരാതിയും എസ്.എഫ്.ഐ. പ്രസ്ഥാനത്തിനെതിരല്ലെന്ന് വ്യക്തമാക്കിയ നിമിഷ, എസ്.എഫ്.ഐ. എന്നാല്‍ ആര്‍ഷോയാണെന്നും അതിന്റെ അവസാന വാക്കാണെന്നും താന്‍ വിശ്വസിക്കുന്നില്ലെന്നും അടിവരയിട്ടു. എസ്.എഫ്.ഐ. എന്ന പ്രസ്ഥാനത്തെ കടന്നാക്രമിക്കാന്‍ താന്‍ തയാറല്ല. തനിക്കെതിരായി ഇപ്പോള്‍ പ്രചാരണം നടത്തുന്നത് ഒരു പബ്ലിക് പ്രോസിക്യൂട്ടര്‍ തന്നെയാണെന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: aisf lady leader nimisha raju against sfi state secretary pm arsho caste abuse case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..