ന്യൂഡല്‍ഹി:  നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം ടാക്സി വേയില്‍നിന്ന് തെന്നിമാറി കാനയില്‍ കുടുങ്ങിയ സംഭവത്തില്‍ കുറ്റക്കാരന്‍ പ്രധാന പൈലറ്റെന്ന് കണ്ടെത്തല്‍. തന്നേക്കാള്‍ 30 വയസ് കുറവുള്ള ജൂനിയറായ വനിതാ പൈലറ്റിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ച് വിമാനം ലാന്‍ഡ് ചെയ്യിച്ചതാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 2017 സെപ്റ്റംബര്‍ രണ്ടിനായിരുന്നു വിമാനം ടാക്സിവേയില്‍നിന്ന് തെന്നിമാറി കാനയില്‍ കുടുങ്ങിയത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ വിഷയത്തില്‍ വിശദമായ അന്വേഷണം പൂര്‍ത്തിയായപ്പോഴാണ് പ്രധാന പൈലറ്റിന്റെ അഹങ്കാരവും അപകടത്തിന് കാരണമായി എന്ന് കണ്ടെത്തിയത്. 

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബി- കൊച്ചി വിമാനമാണ് 2017 സെപ്റ്റംബറില്‍ കാനയില്‍ കുടുങ്ങിയത്. അന്നത്തെ അപകടത്തില്‍ യാത്രക്കാരില്‍ ചിലര്‍ക്ക് പരിക്കേല്‍ക്കുകയും വിമാനത്തിന് സാരമായ തകരാര്‍ സംഭവിക്കുകയും ചെയ്തിരുന്നു. ലാന്‍ഡിങ് സമയത്ത് പ്രധാന പൈലറ്റ് എടുത്ത തെറ്റായ തീരുമാനങ്ങളാണ് അപകടത്തിന് കാരണമായതെന്ന് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ നടത്തിയ അന്വേഷണത്തില്‍ പറയുന്നു. 

സംഭവം നടന്ന ദിവസം ശക്തമായ മഴയായിരുന്നു വിമാനത്താവള പരിസരത്ത് പെയ്തിരുന്നത്. ഇതേതുടര്‍ന്ന് കാഴ്ച വ്യക്തമായിരുന്നില്ല. അതിനാല്‍ വിമാനത്തിലെ സഹപൈലറ്റായിരുന്ന യുവതി ഫോളോ മീ വാഹനം ഉപയോഗപ്പെടുത്തി വേഗം കുറച്ച് ലാന്‍ഡിങ് നടത്താമെന്ന് പ്രധാന പൈലറ്റിനോട് അഭിപ്രായം അറിയിച്ചു. 

എന്നാല്‍ തന്നേക്കാള്‍ 30 വയസ് കുറവും പരിചയ സമ്പത്ത് കുറവുമുള്ള സഹപൈലറ്റിന്റെ നിര്‍ദ്ദേശം പ്രധാന പൈലറ്റ് പാടെ അവഗണിച്ചു. അതുകൊണ്ട് നിര്‍ദ്ദിഷ്ട ദിശയില്‍നിന്ന് 90 മീറ്റര്‍ മുമ്പായി വിമാനം തിരിക്കേണ്ടി വരികയും അപകടമുണ്ടാവുകയും ചെയ്തു. 

പ്രധാന പൈലറ്റ് മദ്യപിച്ചിരുന്നതായും നേരത്തെ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഇയാളുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക്‌ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. കൂടുതല്‍ പ്രായവ്യത്യാസവും വിമാനം പറത്തിയ സമയത്തില്‍ കൂടുതല്‍ അന്തരവും പൈലറ്റുമാര്‍ തമ്മില്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പിന്നീട് ഡിജിസിഎ വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഈ നിര്‍ദ്ദേശം.

Content Highlights: Air India Express Pilot Didn’t Listen to Female Co-pilot, Flight Ended up in a Drain