തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. സൗദി അറേബ്യയിലെ ദമാമിലേക്ക് പോയ വിമാനമാണ് സാങ്കേതിക തകരാര്‍ കാരണം തിരിച്ചിറക്കിയത്. വിന്‍ഡ്ഷീല്‍ഡില്‍ വിള്ളല്‍ കണ്ടതിനേത്തുടര്‍ന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയതെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.

രാവിലെ 7.52 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന്, ഒരു മണിക്കൂറിനുള്ളില്‍ വിമാനത്തിന്റെ വിന്‍ഡ്ഷീല്‍ഡില്‍ വിള്ളല്‍ വീണത് പൈലറ്റുമാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്നാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തിരമായി തിരിച്ചിറക്കിയത്.

കോവിഡ് മൂലം അന്താരാഷ്ട്ര യാത്രകള്‍ക്ക് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നത് കാരണം വിമാനത്തില്‍ യാത്രക്കാരില്ലായിരുന്നു. ചരക്കുമായി യാത്രതിരിച്ച വിമാനത്തില്‍ എട്ട് ജീവനക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൈലറ്റുമാര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് തിരുവനന്തപുരം എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.വി.രവീന്ദ്രന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

Content Highlights: Air India Express flight makes emergency landing in Thiruvananthapuram due to cracked windshield