
താരിഖ് അൻവർ | സാബു സ്കറിയ|മാതൃഭൂമി
ന്യൂഡൽഹി: കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചു. ജില്ല, മണ്ഡലം, ബ്ലോക്ക് തലങ്ങളിൽ പുനഃസംഘടന വേണമെന്നാണ് റിപ്പോർട്ടിലുള്ളത്. യുഡിഎഫിന്റെ പരമ്പരാഗത വോട്ട് ബാങ്ക് തിരിച്ചുപിടിക്കണം, രാഹുൽ ഗാന്ധി കേരളത്തിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കണം തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ ദിവസമാണ് താരിഖ് അൻവർ സോണിയാ ഗാന്ധിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം 0.9 ശതമാനം മാത്രമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ടുതന്നെ കേരളത്തിൽ യുഡിഎഫിന് അനുകൂലമായ സാഹചര്യം ഇപ്പോഴും നിലവിലുണ്ട്. പരമ്പരാഗത വോട്ട് ബാങ്കുകൾ യുഡിഎഫിൽനിന്ന് അകന്നുപോയിട്ടുണ്ട്. അത് തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികൾ കോൺഗ്രസ് നേതൃത്വം എടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിൽ ഇനി കോൺഗ്രസിന് കൂട്ടായ നേതൃത്വം വേണം, സംഘടനാ തലത്തിലും തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾ മുന്നോട്ടുവരണം എന്നീ നിർദേശങ്ങളും താരിഖ് അൻവർ മുന്നോട്ടുവെക്കുന്നു. കൃസ്ത്യൻ മുസ്ലിം വോട്ട് ബാങ്കുകൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പല കാരണങ്ങളാൽ യുഡിഎഫിൽ നിന്നും അകന്നുപോയിരിക്കുന്നു. അവരെ മടക്കിക്കൊണ്ടുവരുന്നതിനുള്ള നടപടികൾ സംഘടനാ തലത്തിൽ സ്വീകരിക്കണം.
ജില്ലാ തലങ്ങളിലും മണ്ഡലം, ബ്ലോക്ക് തലങ്ങളിലും അഴിച്ചുപണി വേണം. എത്രയും പെട്ടെന്നുതന്നെ ഈ നടപടികൾക്ക് തുടക്കം കുറിക്കണം. വയനാട്ടിലെ എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി കേരളത്തിലെ രാഷ്ട്രീയ കാര്യങ്ങളിൽ കുറച്ചുകൂടി ശ്രദ്ധ പതിപ്പിക്കണം. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽതന്നെ ഇതിനുള്ള നടപടികൾ സ്വീകരിക്കണം. ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ സജീവമായി രംഗത്തുവരണമെന്നും താരിഖ് അൻവറിന്റെ റിപ്പോർട്ടിൽ നിർദേശമുണ്ട്.
Content Highlights:aicc general secretary tariq anwar report to high command
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..