ആന്റണി രാജു |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകള്‍ നാളെമുതല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എഐ ക്യാമറകളുടെ പരിധിയില്‍ നിന്ന് വിഐപികളെ ഒഴിവാക്കുമോ എന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം.
എഐ ക്യാമറ വന്നതിന് ശേഷം പുതുതായി ഒരു നിയമവും കേരളത്തില്‍ വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. എഐ ക്യമാറകളില്‍ നിന്ന് ആരേയും ഒഴിവാക്കാന്‍ കഴിയില്ല. ഒഴിവാക്കപ്പെടേണ്ട വാഹനങ്ങള്‍ ഏതൊക്കെയെന്ന് കേന്ദ്രനിയമത്തില്‍ പറഞ്ഞിട്ടുണ്ട്. അത് അതുപോലെ തന്നെ നടപ്പാക്കും. ഇപ്പോഴും അങ്ങനെയാണ് പോകുന്നതെന്നും മന്ത്രി പറഞ്ഞു.
'നിയമം ലംഘിച്ചാലേ എഐ ക്യാമറ അത് കണ്ടെത്തുകയുള്ളൂ. അത് കണ്ടെത്തിയാല്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കും. ഞാന്‍ മന്ത്രിയായ ശേഷം എനിക്കും ലഭിച്ചിട്ടുണ്ട് പിഴ', ആന്റണി രാജു പറഞ്ഞു.
എമര്‍ജന്‍സി അല്ലാത്ത ഘട്ടത്തില്‍ താന്‍ എപ്പോഴും കുറഞ്ഞ വേഗതയിലാണ് യാത്രചെയ്യാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. എഐ ക്യാമറയുടെ മുന്നില്‍ വിഐപി എന്നോ അല്ലാത്തവരെന്നോ ഒരു കാറ്റഗറിയില്ല. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് മാത്രമാണ് ഇളവുകള്‍ ഉള്ളത്. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന് വിഐപികളെ ഇതില്‍ നിന്ന് ഒഴിവാക്കാന്‍ പറ്റില്ല. എല്ലാം ഓഡിറ്റിന് വിധേയമാണ്. റോഡില്‍ നിന്ന് ചെയ്യുന്നതുപോലെ ഉദ്യോഗസ്ഥര്‍ക്ക് അത്ര എളുപ്പത്തില്‍ എഐ ക്യാമറയില്‍ ഇളവ് അനുവദിക്കാന്‍ സാധിക്കില്ല. സുതാര്യമായും വിവേചനരഹിതമായും കാര്യങ്ങള്‍ ചെയ്യുന്നതിന് കൂടിയാണ് ഈ സംവിധാനം കൊണ്ടുവന്നത്.
അതേസമയം, 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ മുതിര്‍ന്ന രണ്ടു പേര്‍ക്കൊപ്പം ഇരുചക്ര വാഹനത്തില്‍ യാത്രചെയ്താല്‍ തത്കാലം പിഴ ഈടാക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച് നിയമഭേദഗതിക്ക് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ടെന്നും അതിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ 12 വയസ്സിനും നാല് വസ്സിനും ഇടയിലുള്ള എല്ലാ കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണെന്നും മന്ത്രി അറിയിച്ചു.
നിയമങ്ങള്‍ പാലിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്. പൊതുവികാരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് താത്കാലികമായി 12 വസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇളവ് അനുവദിച്ചിതെന്നും ആന്റണി രാജു പറഞ്ഞു.
എഐ ക്യാമറ പദ്ധതിയില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണവും മന്ത്രി തള്ളി. പ്രതിപക്ഷം എന്തുകൊണ്ടാണ് ആരോപണം നിയമപരമായി നേരിടാത്തതെന്ന് അദ്ദേഹം ചോദിച്ചു. മുന്‍പും ഇപ്പോഴുമുള്ള രണ്ട് പ്രതിപക്ഷ നേതാക്കള്‍ തമ്മിലുള്ള അടിയുടെ ഭാഗമാണ് ഈ ആരോപണങ്ങളെന്നും മന്ത്രി പറഞ്ഞു.
Content Highlights: ai camera-minister antony raju-vvip exemption


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..