പിണറായി വിജയൻ, കെ. സുരേന്ദ്രൻ | Photo: Mathrubhumi
തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മിണ്ടാത്തത് അഴിമതിയില്‍ അദ്ദേഹത്തിന്റെ ഓഫീസിനും പങ്കുള്ളതുകൊണ്ടാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുടെ ബന്ധുവുമായിട്ടുള്ള ബന്ധം പുറത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് ഉറപ്പിക്കാം. പ്രസാഡിയോ ഡയറക്ടര്‍ പ്രകാശ്ബാബുവുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം അദ്ദേഹം തുറന്നു പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
പ്രസാഡിയോ കമ്പനിയുടെ സമീപകാലത്തെ സമ്പത്തിക വളര്‍ച്ച ഞെട്ടിക്കുന്നതാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. എ.കെ. ബാലന്‍ സംസാരിക്കുന്നത് കവലച്ചട്ടമ്പിയുടെ ഭാഷയിലാണ്. അല്‍ഹിന്ദ് കമ്പനി കരാറില്‍നിന്ന് പിന്‍മാറിയത് പ്രസാഡിയോ വലിയ അഴിമതി നടത്തുന്നതുകൊണ്ടാണെന്ന് വ്യക്തമായ സ്ഥിതിക്ക് സര്‍ക്കാര്‍ മറുപടി പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ബന്ധു ഡയറക്ടറായ പ്രസാഡിയോ കമ്പനിയാണ് അഴിമതിക്ക് ചുക്കാന്‍ പിടിച്ചതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. വിജിലന്‍സ് അന്വേഷണം അഴിമതിയുടെ തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണ്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ അഴിമതിയുടെ തെളിവുകള്‍ നശിപ്പിക്കാനാണ് വിജിലന്‍സ് ശ്രമിച്ചത്. സര്‍ക്കാരിന്റെ അഴിമതികള്‍ക്ക് ചൂട്ടുപിടിക്കുന്ന പണിയാണ് വിജിലന്‍സിനുള്ളതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കരാര്‍ റദ്ദാക്കി ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. അല്ലെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറണം. ഇന്ത്യയിലെ മറ്റ് പല നഗരങ്ങളിലും സുതാര്യമായ രീതിയില്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ അഴിമതിക്ക് വേണ്ടിയാണ് എ.ഐ. ക്യാമറകള്‍ സ്ഥാപിക്കുന്നതെന്ന് വ്യക്തമാണ്. 2019-ല്‍ തന്നെ ട്രോയ്‌സ് ക്യാമറയുടെ ടെസ്റ്റ് റണ്‍ നടത്തിയത് കരാര്‍ കിട്ടുമെന്ന ബോധ്യമുള്ളത് കൊണ്ടാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. പിണറായി വിജയന്‍- ശിവശങ്കരന്‍ ടീമിന്റെ തീവെട്ടിക്കൊള്ളയുടെ മറ്റൊരു അധ്യായമാണ് എ.ഐ. ക്യാമറ തട്ടിപ്പെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
Content Highlights: ai camera controversy k surendran slams chief minister pinarayi vijayan ak balan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..