മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് പാറപൊട്ടിക്കലിനും ഖനനത്തിനും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണംനീക്കി. സംസ്ഥാനത്ത് മഴ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണം ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. 

അതേസമയം, മലപ്പുറം ഉള്‍പ്പെടെ പ്രളയവും ഉരുള്‍പൊട്ടലും വന്‍നാശനഷ്ടമുണ്ടാക്കിയ പ്രദേശങ്ങളില്‍ നിയന്ത്രണം തുടരുമെന്നാണ് അറിയിപ്പ്. ഇവിടങ്ങളില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് നിയന്ത്രണം പിന്‍വലിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. ഇതനുസരിച്ച് മലപ്പുറത്തെ നിയന്ത്രണം ഒരാഴ്ച കൂടി നീട്ടാനാണ് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ മലപ്പുറം ജില്ലാ കളക്ടറുടെ തീരുമാനം. 

ഓഗസ്റ്റ് ഒമ്പതിനാണ് പാറപൊട്ടിക്കലിനും ഖനനത്തിനും സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിറക്കിയത്. കനത്തമഴയും പ്രളയവും ഉണ്ടായ സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു തീരുമാനം. എന്നാല്‍ മഴ മാറിയതിന് പിന്നാലെ ഈ നിയന്ത്രണം സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

Content Highlights: after flood season, government withdraws mining regulation in kerala