Photo: Mathrubhumi
- 134 പന്നികളെക്കൂടി കൊല്ലും
- പയ്യമ്പള്ളി കുറുക്കൻമൂലയിലാണ് രോഗം സ്ഥിരീകരിച്ചത്
- മുപ്പതോളം പന്നികൾ രോഗം ബാധിച്ച് ചത്തെന്ന് പ്രാഥമികവിവരം
ഫാമിലെ പന്നികൾ ചത്തതിനെത്തുടർന്ന് സാംപിൾ ശേഖരിച്ച് ബെംഗളൂരുവിലെ സതേൺ റീജണൽ ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ പരിശോധനയ്ക്കയച്ചിരുന്നു. റിപ്പോർട്ട് പോസിറ്റീവായതിനെത്തുടർന്നാണ് ഈ ഫാമിൽ ശേഷിക്കുന്ന ഒമ്പതുപന്നികളെ കൊല്ലാൻ തീരുമാനിച്ചത്. ഫാമിലെ മുപ്പതോളം പന്നികൾ രോഗം ബാധിച്ച് ചത്തതായാണ് പ്രാഥമികവിവരം.
രോഗപ്രതിരോധത്തിന്റെ ഭാഗമായി സമീപത്തുള്ള പുതുച്ചിറ ഹൗസിൽ പി.പി. ജോൺസണിന്റെ 81 പന്നികളെയും വടക്കേതോട്ടത്തിൽ ഹൗസിൽ വി.സി. അജീഷിന്റെ ഫാമിലെ 34 പന്നികളെയും തിങ്കളാഴ്ച വൈകീട്ട് ആറരയോടെ കൊന്നൊടുക്കി. കിഴക്കേടത്ത് ഹൗസിൽ ആലിക്കുട്ടിയുടെ 55 പന്നികളെയും മഞ്ഞൂറാൻ വത്സയുടെ 70 പന്നികളെയും ബൈജു മാത്യുവിന്റെ ഒമ്പതുപന്നികളെയും കൊല്ലാൻ തീരുമാനിച്ചിട്ടുണ്ട്.
രാത്രി ഏറെവൈകിയും ദൗത്യസംഘം ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയാണ്. പള്ളിക്കുന്ന് സീനിയർ വെറ്ററിനറി സർജൻ ഡോ. കെ.എസ്. സുനിൽ, മാനന്തവാടി വെറ്ററിനറി സർജൻ ഡോ. കെ. ജവഹർ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
കഴിഞ്ഞ ജൂലായിലാണ് സംസ്ഥാനത്ത് ആദ്യമായി പന്നിപ്പനി സ്ഥിരീകരിച്ചത്. തവിഞ്ഞാൽ കരിമാനി കൊളങ്ങോട്ടിലെ മുല്ലപ്പറമ്പിൽ എം.വി. വിൻസെന്റിന്റെ ഫാമിലാണ് ആദ്യം രോഗം റിപ്പോർട്ടുചെയ്തത്.
എടവക ഗ്രാമപ്പഞ്ചായത്തിലെ എള്ളുമന്ദത്താണ് ജില്ലയിൽ മുമ്പ് അവസാനമായി ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ടുചെയ്തത്. രോഗം സ്ഥിരീകരിച്ച ഫാമിലെയും സമീപഫാമുകളിലേതുമായി 136 പന്നികളെയാണ് കഴിഞ്ഞ 12-ന് കൊന്നൊടുക്കിയത്.
ജില്ലയിൽഇതുവരെ കൊന്നത് 989 പന്നികളെ
ഇതുവരെ 989 പന്നികളെയാണ് ആഫ്രിക്കൻ പന്നിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ കൊന്നൊടുക്കിയത്. ശേഷിക്കുന്ന 134 പന്നികളെക്കൂടി കൊല്ലുന്നതോടെ ഇത് 1123 ആകും.
Content Highlights: African swine flu spreading, 115 pigs has been killed for precaution
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..