കാബൂൾ: കാബൂളിൽ തോക്കു ചൂണ്ടി അഫ്ഗാൻ വംശജനായ ഇന്ത്യക്കാരനെ തട്ടിക്കൊണ്ടു പോയി. 50 വയസുകാരനായ ബൻസുരി ലാൽ അരന്ദയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയതായി ഇന്ത്യൻ വേൾഡ് ഫോറം പ്രസിഡന്റ് പുനീത് സിങ് വ്യക്തമാക്കി.

കാബൂളിൽ മെഡിക്കൽ ഷോപ്പ് നടത്തിവരികയായിരുന്നു ബൻസുരി ലാൽ അരന്ദ. ഇന്നലെ രാവിലെ സാധാരണ പോലെത്തന്നെ കട തുറക്കാനെത്തിയതായിരുന്നു. കൂടെ അദ്ദേഹത്തിന്റെ ജീവനക്കാരനും ഉണ്ടായിരുന്നു. എന്നാൽ കടയുടെ അടുത്തുവെച്ച് രണ്ടു പേരെയും തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ബൻസുരി ലാലിന്റെ കുടുംബം ഡൽഹിയിലാണ് താമസിക്കുന്നത്.

വിദേശകാര്യമന്ത്രാലയത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും വിഷയത്തിൽ എത്രയും വേഗത്തിൽ ഇടപെടൽ ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചതായി പുനീത് സിങ് പറഞ്ഞു. സംഭവം സംബന്ധിച്ച് അഫ്ഗാനിസ്താനിലെ ഹിന്ദു - സിഖ് സമുദായക്കാർക്ക് വിവരങ്ങൾ നൽകിയതായും പുനിത് സിങ് പറഞ്ഞു. ബൻസുരി ലാലിന്റെ ജീവനക്കാരന്‍ ഇവരുടെ കൈയിൽ നിന്ന് രക്ഷപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. 

അഞ്ച് പേരടങ്ങുന്ന സംഘമാണ് കാബൂളിലെ കർതെ പർവാൻ പ്രദേശത്തുനിന്ന് ബൻസുരി ലാലിനെ തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമാക്കി അകാലിദൾ ദേശീയ വക്താവ് മഞ്ജീന്ദർ സിങ് സിർസ രംഗത്തെത്തി. കാബൂളിലെ ഹിന്ദു - സിഖ് കുടുംബങ്ങളെ ബന്ധപ്പെട്ടിരുന്നുവെന്നും അവർ ഭീതിയോടെയാണ് കഴിയുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്ത വീഡിയോയിൽ വ്യക്തമാക്കി. 

Content highlights: Afghan origin Indian national abducted in Kabul at gunpoint