കൊച്ചി: വ്യാജരേഖ ഉപയോഗിച്ച് കൊച്ചി കപ്പല്‍ശാലയില്‍ ജോലി ചെയ്തിരുന്ന അഫ്ഗാന്‍ പൗരന്‍ അറസ്റ്റില്‍. കാബൂള്‍ സ്വദേശിയായ ഈദ് ഗുള്‍ (22) ആണ് അറസ്റ്റിലായത്. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ബോ ബസാറില്‍നിന്ന് എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ വൈ. നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്. കൊച്ചിയിലെത്തിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു. ചോദ്യം ചെയ്യലുകള്‍ക്കായി പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. അസം സ്വദേശി അബാസ് ഖാന്‍ എന്ന പേരില്‍ വ്യാജ തിരിച്ചറിയല്‍ രേഖകളുണ്ടാക്കി കഴിഞ്ഞ ജൂണ്‍ മുതലാണ് ഇയാള്‍ കപ്പല്‍ശാലയില്‍ ജോലി ചെയ്തിരുന്നത്. 

രേഖകളിലെ പേരിലുള്ള വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞമാസം ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കൊച്ചി കപ്പല്‍ശാല പുനഃപരിശോധിച്ചു. അതിനിടെ ഈദ് ഗുള്‍ കൊച്ചിയില്‍നിന്ന് മുങ്ങി. തുടര്‍ന്ന് ഈ വിഷയം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നുവെന്ന് കൊച്ചി കപ്പല്‍ശാല അധികൃതര്‍ പറഞ്ഞു.സൗത്ത് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിസ കാലയളവ് കഴിഞ്ഞിട്ടും അനധികൃതമായി ഇന്ത്യയില്‍ തുടരുക, വിസാച്ചട്ടങ്ങള്‍ ലംഘിക്കുക എന്നിവയാണ് നിലവില്‍ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍.

രണ്ടുവര്‍ഷം മുന്‍പ് ഇന്ത്യയിലെത്തിയ ഈദ് ഗുള്‍ മെഡിക്കല്‍ വിസയുടെ കാലാവധി കഴിഞ്ഞിട്ടും ഇവിടെ തുടര്‍ന്നു. മൂന്നുമാസമായിരുന്നു കാലാവധി. ഈദ് ഗുളിന്റെ പിതാവ് അഫ്ഗാന്‍ പൗരനാണ്. മാതാവ് അസം സ്വദേശിയും. അപേക്ഷ നല്‍കിയിരുന്നെങ്കിലും വിസ കാലയളവ് നീട്ടി നല്‍കിയില്ല. അസമിലുള്ള അമ്മൂമ്മയുടെ നിര്‍ദേശമനുസരിച്ചാണ് ഒരു അമ്മാവന്‍ ഈദ് ഗുളിനെ കൊച്ചിയിലേക്ക് ജോലിക്കായി കൊണ്ടുവന്നത്.പുറംജോലി കരാര്‍ കൊടുത്ത സബ് കോണ്‍ട്രാക്ടറുടെ തൊഴിലാളികളില്‍ ഒരാളാണിതെന്നും കപ്പല്‍ശാലയ്ക്ക് ഇതുമായി ബന്ധമില്ലെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം

നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയ സംഭവം എന്‍ഐഎ അന്വേിക്കുന്നുണ്ട്. ഈ കേസില്‍ രണ്ട് ഉത്തരേന്ത്യന്‍ തൊഴിലാളികളെയാണ് പിടികൂടിയത്. ഇപ്പോള്‍ വിദേശ പൗരന്‍ വ്യാജരേഖയുണ്ടാക്കി കപ്പല്‍ശാലയില്‍ എത്തിയതും രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാല്‍ ഇതും എന്‍ഐഎ അന്വേഷണ പരിധിയില്‍ വരാനാണ് സാധ്യത.

Content highlights: Afghan Citizen arrested by Kochi police for creating fake documents