അഡ്വ.യു.ടി രാജൻ
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍മേയര്‍ യു.ടി. രാജന്‍ (70) അന്തരിച്ചു. ഹൃദ്രോഗബാധയെത്തുടര്‍ന്ന് സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ 1. 52നാണ് അന്തരിച്ചത്. അഭിഭാഷകന്‍, രാഷ്ട്രീയനേതാവ്, സാംസ്‌കാരികപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. എരഞ്ഞിപ്പാലം ചൈത്രം വീട്ടിലായിരുന്നു താമസം.
സ്വാതന്ത്ര്യസമരസേനാനിയായ യു.ടി. അപ്പുവൈദ്യരുടേയും ചിരുതക്കുട്ടിയുടേയും മകനാണ്. കെ.എസ്.യു. വിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയത്. കോഴിക്കോട് ഗവ. ലോ കോളേജില്‍ നിയമവിദ്യാര്‍ഥിയായിരിക്കെ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ ഭാരവാഹിയായിരുന്നു.
കോര്‍പ്പറേഷന്‍ കൗണ്‍സിലറായും മരാമത്ത് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ഇടതുമുന്നണി ഭൂരിപക്ഷം നേടിയപ്പോള്‍ കോണ്‍ഗ്രസ്-എസ് പാര്‍ട്ടിലീഡറായി തിരഞ്ഞെടുക്കപ്പെട്ട രാജന്‍ 1990 ഫെബ്രുവരി അഞ്ചിനാണ് മേയറായി ചുമതലയേറ്റത്. ഇടതുമുന്നണിയിലെ ധാരണയനുസരിച്ച് കോണ്‍ഗ്രസ് എസിന് മേയര്‍പദവി ലഭിച്ചപ്പോഴാണ് രാജന്‍ നഗരപിതാവായത്. ഒരു വര്‍ഷം ആ പദവിയിലിരുന്നു.
1991-ല്‍ ന്യൂയോര്‍ക്കില്‍നടന്ന ലോക പരിസ്ഥിതിസമ്മേളനത്തില്‍ അദ്ദേഹം കോഴിക്കോട് കോര്‍പ്പറേഷനെ പ്രതിനിധീകരിച്ചു. യു.കെ., യു.എസ്.എ., കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പിന്നീട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ രാജന്‍ 2019-ല്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു.
പ്രമുഖ അഭിഭാഷകന്‍ എം. രത്നസിങ്ങിന്റെ കീഴിലാണ് അഭിഭാഷകനായി പ്രവര്‍ത്തനം തുടങ്ങിയത്. അകാലത്തില്‍ മരിച്ച മകന്റെ സ്മരണയ്ക്കായി തുടങ്ങിയ യു.ടി. തിഥിന്‍രാജ് ട്രസ്റ്റിന്റെ പ്രസിഡന്റായിരുന്നു. ഭാര്യ: പി.പി. സുശീല (അഡ്വക്കറ്റ് നോട്ടറി, കോഴിക്കോട് ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാരഫോറം മുന്‍ അംഗം). മറ്റുമക്കള്‍: രുക്മരാജ് (ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്, കണ്ണൂര്‍), ഡോ. ആത്മ എസ്. രാജ് (ബദര്‍ അല്‍സമ ഹോസ്പിറ്റല്‍, അല്‍ ഖൗദ്, മസ്‌കറ്റ്). മരുമക്കള്‍: രാമു രമേശ് ചന്ദ്രഭാനു (സബ് ജഡ്ജ്, തലശ്ശേരി), ജയശങ്കര്‍ (അഭിഭാഷകന്‍, ഹൈക്കോടതി)
സഹോദരങ്ങള്‍: യു.ടി. ഷണ്‍മുഖന്‍ (കോണ്‍ട്രാക്ടര്‍), യു.ടി. രഘുവരന്‍ (കെ.എസ്.ആര്‍.ടി.സി.), വിശാലാക്ഷി, ഉഷാകുമാരി, പരേതരായ യു.ടി. അശോകന്‍, യു.ടി. ശിവരാജന്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..