മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം എ.ജി മാധ്യമങ്ങളെ കാണുന്നു | Screengrab: മാതൃഭൂമി ന്യൂസ്
കൊച്ചി: സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ എ.ജി - മുഖ്യമന്ത്രി കൂടിക്കാഴ്ച. ചാന്‍സലര്‍ പദവി ഒഴിയുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സര്‍ക്കാര്‍ നിലപാടും തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയുമായി നടത്തിയത് സാധാരണ കൂടിക്കാഴ്ച മാത്രമാണെന്നും ഗവര്‍ണര്‍ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നുമാണ് അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ് പ്രതികരിച്ചത്.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ വൈസ് ചാന്‍സലറുടെ കാലാവധി നീട്ടി നല്‍കി ഫയലില്‍ ഒപ്പുവെച്ചത് സര്‍ക്കാരുമായുള്ള സംഘര്‍ഷം ഒഴിവാക്കാനാണെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താന്‍ എ.ജിയോട് നിയമോപദേശം ചോദിച്ചിട്ടില്ലെന്ന ഗവര്‍ണറുടെ പ്രതികരണത്തോട് ഗവര്‍ണര്‍ക്ക് നിയമോപദേശം നല്‍കിയിട്ടില്ലെന്നും സര്‍ക്കാരിനാണ് നിയമോപദേശം നല്‍കിയതെന്നായിരുന്നു എ.ജിയുടെ പ്രതികരണം.
20 മിനിറ്റോളം എജി - മുഖ്യമന്ത്രി കൂടിക്കാഴ്ച നീണ്ടു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എ.ജി ആവര്‍ത്തിച്ച് പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഗവര്‍ണര്‍ പരസ്യമായി പ്രതികരിച്ചതും വിഷയത്തില്‍ താന്‍ സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് തുറന്ന് പറഞ്ഞതും സര്‍ക്കാരിനേയും ചൊടിപ്പിച്ചിട്ടുണ്ട്. ഗവര്‍ണര്‍ ആശയവിനിമയം നടത്തുമ്പോള്‍ മാന്യമായ ഭാഷ ഉപയോഗിക്കണം എന്നാണ് ഇടത് നേതാക്കള്‍ പ്രതികരിച്ചത്.
സമ്മര്‍ദ്ദം ചെലുത്തിയല്ല തീരുമാനമെങ്കില്‍ എന്തിനാണ് സര്‍ക്കാര്‍ എ.ജിയുടെ അഭിപ്രായം ആരാഞ്ഞതെന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു. ഈ വിഷയം ചൂണ്ടിക്കാണിച്ചപ്പോള്‍ കൃത്യമായ ഒരു പ്രതികരണത്തിന് എ.ജി തയ്യാറായില്ല. സര്‍ക്കാരിന് വിവിധ വിഷയങ്ങളില്‍ നിയമോപദേശം നല്‍കേണ്ടിവരുമെന്നും അതെല്ലാം മാധ്യമങ്ങളോട് പങ്കുവയ്ക്കാന്‍ കഴിയില്ലെന്നും പറഞ്ഞ് ഗോപാലകൃഷ്ണക്കുറുപ്പ് ഒഴിഞ്ഞ് മാറുകയായിരുന്നു.
Content Highlights: advocate general meets cm amid vice chancellor issues with governor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..