തിരുവനന്തപുരം: പാലക്കാട് മഞ്ചക്കണ്ടിയില്‍ മാവോവാദികളെ വധിച്ച സംഭവത്തില്‍ സര്‍ക്കാരിനും പോലീസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. മാതൃഭൂമി ന്യൂസ് പ്രൈം ടൈമിലായിരുന്നു ജയശങ്കറിന്റെ പ്രതികരണം. പിണറായി വിജയന്‍ രക്തദാഹിയായ ഒരു ഭരണാധികാരിയാണെന്ന് അദ്ദേഹം പറഞ്ഞു.
ജയശങ്കറിന്റെ വാക്കുകള്‍...
ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത് നരനായാട്ടാണ്. കരുണാകരന്റെ കാലത്തുപോലും ഇത്രയധികം പോലീസ് അതിക്രമങ്ങള്‍ ഈ നാട്ടില്‍ നടന്നിട്ടില്ല. ഇതിപ്പോള്‍ ഏഴ് മനുഷ്യജീവികളെയാണ് വെടിവെച്ചു കൊന്നത്. സര്‍ക്കാര്‍ അധികാരമേറ്റ് ഒരു കൊല്ലത്തിനുള്ളില്‍ കരുളായി വനത്തില്‍ കുപ്പുദേവരാജിനെയും അജിതയെയും വെടിവെച്ചു കൊന്നു. കഴിഞ്ഞ വര്‍ഷം ജലീലിനെ വെടിവെച്ചു കൊന്നു. ഈ വര്‍ഷം നാലുപേരെ വെടിവെച്ചു കൊന്നു. അങ്ങനെ അരിത്തമറ്റിക് പ്രോഗ്രഷനില്‍ ഇത് ഇങ്ങനെ കയറിക്കൊണ്ടിരിക്കുകയാണ്. അടുത്തവര്‍ഷം എത്രപേരെ കൊല്ലുമെന്ന് ആര്‍ക്കും അറിഞ്ഞുകൂട. മാവോയിസ്റ്റാണെന്ന് ആരോപിച്ച് ആരെയും വെടിവെച്ചു കൊല്ലാം.
25 കൊല്ലത്തിനകത്ത് മാവോയിസ്റ്റുമായി ബന്ധപ്പെട്ട് ഒരു പെറ്റി കേസുപോലും കേരളത്തിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.മാവോയിസ്റ്റുകളുടെ ഒരു ആക്രമണവും കേരളത്തില്‍ നടന്നിട്ടില്ല. ഛത്തീസ്ഗഢില്‍ നടന്നിട്ടുണ്ട്. അവിടെ ലാന്‍ഡ് മൈന്‍ പൊട്ടിച്ച് ആളുകളെ കൊന്നിട്ടുണ്ട്. തെലങ്കാനയില്‍ നടന്നിട്ടുണ്ട്. മറ്റു പല സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്. ഇല്ലെന്നല്ല പറയുന്നത്. അവരുടെ തീവ്രവാദ ആശയത്തോട് യാതൊരു യോജിപ്പും ഇല്ലാത്തയാളാണ് ഞാന്‍. പക്ഷെ ഇവര്‍ കമ്യൂണിസ്റ്റുകാരാണ്.
പിണറായി വിജയന്‍ കമ്യൂണിസ്റ്റാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഇവിടെ ഡി.വൈ. എഫ്.ഐക്കാര്‍ ചെഗുവേരയുടെ പടമുള്ള ടീ ഷര്‍ട്ടും തൊപ്പിയും വെച്ച് വിപ്ലവകാരികളായി അഭിനയിച്ച് നടക്കുകയാണ്. നാണമാവില്ലേ ഇവര്‍ക്ക്? ബൊളീവിയന്‍ കാടുകളില്‍ വെടിയേറ്റു മരിച്ച ചെഗുവേരയെ പറ്റി പറയുന്നു. ഇവിടെ അതേസമയം ഇതേ സര്‍ക്കാര്‍ മാവോയിസ്റ്റുകളെന്ന് പറഞ്ഞ് ചില മനുഷ്യരെ വെടിവെച്ചു കൊല്ലുന്നു. ഏഴാളുകളെ വെടിവെച്ചു കൊന്നു കഴിഞ്ഞു. ഈ സര്‍ക്കാരിന്റ ഭരണകാലാവധി കഴിഞ്ഞു കഴിയുമ്പോള്‍ എത്രപേര്‍ മരിച്ചിട്ടുണ്ടാവും? നമുക്ക് പറയാനാവില്ല. പതിനഞ്ചാളാകാം ഇരുപതാളാകാം. ഇനിയങ്ങോട്ട് ചിലപ്പോള്‍ മാലപ്പടക്കം പോലെ വെടിപൊട്ടാന്‍ സാധ്യതയുണ്ട്.
കൂത്തുപറമ്പ് രക്തസാക്ഷികളെയൊക്കെ പറ്റി പറഞ്ഞ് കോരിത്തരിക്കുന്നവരാണ് ഇവര്‍. കൂത്തുപറമ്പിലെന്താണുണ്ടായത്? ഒരു മന്ത്രി, ഒരു സഹകരണ ബാങ്കിന്റെ ഉദ്ഘാടനത്തിനു വന്നപ്പോള്‍ അദ്ദേഹത്തെ ശാരീരികമായി തടയുകയും വലിയ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പോലീസുകാര്‍ നിവൃത്തിയില്ലാതെ വെടിവെക്കുകയും ചെയ്ത സംഭവമാണ്. അങ്ങനെയാണ് അഞ്ച് രക്തസാക്ഷികളെ കിട്ടിയത്. പിന്നെ പുഷ്പനെ കിട്ടി. അങ്ങനെ അത് ഒരു വലിയ മൂലധനമായി എടുത്തു, പാര്‍ട്ടി.
ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഏഴുപേരെ കൊന്നുകഴിഞ്ഞു. കുപ്പുദേവരാജും അജിതയും പനിപിടിച്ച് അവശരായിരുന്നു.അവര്‍ക്ക് ഇരുന്നിടത്തുനിന്ന് എഴുന്നേല്‍ക്കാന്‍ പറ്റില്ല. അപ്പോഴാണ് വെടിപൊട്ടുന്നത്. മാരാകായുധങ്ങളുമായി ഒളിവില്‍ കഴിഞ്ഞ ആ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നു. കഴിഞ്ഞദിവസം മൂന്നുപേരെ കൊന്നു. മൂന്നാളെ കൊന്നുവെന്ന വാര്‍ത്തയുടെ ഞെട്ടലില്‍നിന്ന് വിമുക്തരാകുന്നതിനു മുമ്പ് ദാ ഒരാളെ കൂടി കൊല്ലുന്നു. ഇനി എത്രയാളെ കൊല്ലും?
ഇതൊക്കെ തികഞ്ഞ ധാര്‍ഷ്ട്യമാണ്. രക്തദാഹമാണ്. രക്തദാഹിയായ ഒരു ഭരണാധികാരിയാണ് പിണറായി വിജയനെന്നു പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല, പേടിയുമില്ല. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റില്ല. ഇവിടെ പ്രതിപക്ഷം ഇതുവരെ നാണിച്ച് നാണിച്ച് നഖം കടിച്ചു നില്‍ക്കുകയായിരുന്നു. പക്ഷെ ഇന്നലെ രമേശ് ചെന്നിത്തല പത്രസമ്മേളനം നടത്തി ഇതിനെ അപലപിക്കുന്നത് കേട്ടപ്പോള്‍ എനിക്ക് ചെറിയൊരു ആശ്വാസം തോന്നി. അദ്ദേഹത്തില്‍നിന്ന് അത്രയും പ്രതീക്ഷിച്ചതല്ല. അതുപോലെ എം.എല്‍.എ ഷംസുദ്ദീന്‍ നിയമസഭയില്‍ ഒരു അടിയന്തര പ്രമേയം അവതരിപ്പിച്ചു. ഇറങ്ങിപ്പോക്കൊന്നും നടത്തിയില്ല. നിയമസഭ ബഹിഷ്‌കരിച്ചുമില്ല. എന്നാലും സഭാതലത്തില്‍ ഈ വികാരം അദ്ദേഹം പ്രകടിപ്പിച്ചു. മാവോയിസ്റ്റുകളോട് യാതൊരു ആനുകൂല്യവുമില്ലാത്തയാളാണ് ഷംസുദ്ദീന്‍. ഞാനും അതു തന്നെ.
പക്ഷെ, ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ഇന്ന് മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നു.നാളെ ഏതു കൂട്ടരെ വേണമെങ്കിലും വെടിവെച്ചു കൊല്ലാം. പോലീസിന്റെ കയ്യില്‍ തോക്കുണ്ട്. ഇദ്ദേഹം ലൈസന്‍സും കൊടുത്തിട്ടുണ്ട്. നിങ്ങള്‍ കൊല്ലുവിന്‍ കൊല്ലുവിന്‍ കൊല്ലുവിന്‍. മാത്രമല്ല വാളയാര്‍ പോലെ അസുഖകരമായ കാര്യങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാം. ഇന്നിപ്പോള്‍ വാളയാര്‍ വിഷയം ചര്‍ച്ച ചെയ്യേണ്ട സമയത്ത് ദാ മാതൃഭൂമി ചാനല്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന കാര്യം ചര്‍ച്ച ചെയ്യുന്നു. മുഖ്യമന്ത്രി വിജയിച്ചു. ഒരു പരിധിവരെ വിജയിച്ചു. ഇത് ശരിക്കും അതിനു പിന്നിലുള്ള അജണ്ടയും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. എന്തിന് ഈ സമയത്ത് മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നു? എ.കെ 47 കളൊന്നും കൊണ്ടുനടക്കുന്നവരാണ് മാവോയിസ്റ്റുകളെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെയാണെങ്കില്‍ അത് ഉപയോഗിക്കാന്‍ അറിയുന്നവരാകണം അവര്‍. എങ്കില്‍ കേരളാ പോലീസിന്റെ പൊടിപോലും കിട്ടുമോ? ഒരു പോലീസുകാരന് പോറലുപോലും പറ്റിയിട്ടില്ല. കാട്ടിലൂടെ നടക്കുമ്പോള്‍ കാലുതട്ടിവീണ് മുട്ടെങ്കിലും പൊട്ടണ്ടേ? ഒന്നും സംഭവിച്ചിട്ടില്ല. അപ്പോള്‍ ഇത് പ്ലാന്‍ഡ് ആയിട്ടുള്ള മര്‍ഡറാണ്. യാതൊരു സംശയവുമില്ല. പ്ലാന്‍ഡ് മര്‍ഡറാണ്. പ്ലാന്റ് ചെയ്ത ആയുധങ്ങളാണ്-എനിക്ക് യാതൊരു സംശയവുമില്ല.
content highlights: adv jayasankar criticises pinarayi vijayan and police in connection with palakkad maoist ecounter