അനുപമ, പിണറായി വിജയൻ
തിരുവനന്തപുരം: അനുപമയുമായി ബന്ധപ്പെട്ട ദത്ത് വിവാദം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നുവെന്ന സൂചന നല്‍കിക്കൊണ്ടുള്ള ഫോണ്‍ സംഭാഷണം പുറത്ത്. പരാതിക്കാരി അനുപമയും സിപിഎം നേതാവ് പി.കെ ശ്രീമതിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.
അനുപമയും മാതാപിതാക്കളും തമ്മിലുള്ള വിഷയമാണ് ഇത്, നമുക്ക് വിഷയത്തില്‍ റോളില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി പി.കെ ശ്രീമതി പറയുന്നത് ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാണ്. മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്തുവരുന്നതിനു മുന്‍പ് ഇരുവരും തമ്മില്‍ നടത്തിയ ഫോണ്സംഭാഷമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. താന്‍ ഈ വിഷയം പരിഹരിക്കാന്‍ ഇടപെടല്‍ നടത്തിയിരുന്നു. എന്നാല്‍ പരിഹാരമുണ്ടായില്ല. വിഷയത്തില്‍ ഇടപെടാന്‍ താന്‍ നിസ്സഹായയാണ്. തന്റെ ജില്ലയിലുള്ള വിഷയമല്ല ഇത്. താന്‍ മുഖ്യമന്ത്രിയോട് സംസാരിച്ചു. ആ കുട്ടിയും അച്ഛനും അമ്മയുമായി ബന്ധപ്പെട്ട വിഷയമാണ്. നമുക്കതില്‍ റോളില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ശ്രീമതി പറഞ്ഞു.
അച്ഛനും അമ്മയും പാര്‍ട്ടി മെമ്പറല്ലേ, പാര്‍ട്ടിക്കൊന്നും അവര്‍ക്കെതിരേ ചെയ്യാന്‍ പറ്റില്ലേ എന്ന് അനുപമ ചോദിക്കുമ്പോള്‍ 'നിന്റെ അച്ഛനും അമ്മയുമായതുകൊണ്ടാണ്, വേറെ ആരെങ്കിലും ആണെങ്കില്‍ ചെയ്തേനെ' എന്ന് ശ്രീമതി മറുപടി പറയുന്നതായി കേള്‍ക്കാം.
അനുപമ പരാതിയറിയച്ചതു പ്രകാരം സിപിഎം നേതാവ് വൃന്ദ കാരാട്ട് കോടിയേരി ബാലകൃഷ്ണനുമായി വിഷയം സംസാരിച്ചിരുന്നുവെന്നും ശ്രീമതി പറയുന്നുണ്ട്. മാധ്യമങ്ങളിലൂടെയാണ് മുഖ്യമന്ത്രിയും നേതാക്കളും ഈ വിഷയം അറിഞ്ഞത് എന്ന പ്രതികരണമായിരുന്നു നേരത്തെ സിപിഎം ഈ വിഷയത്തില്‍ നടത്തിയത്. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന സൂചനയാണ് ഫോണ്‍ സംഭാഷണത്തിലുളളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..