തിരുവനന്തപുരം: എസ്എഫ്ഐ പ്രവര്‍ത്തകയായിരുന്ന അനുപമയുടെ കുട്ടിയെ അനധികൃതമായി ദത്തുനല്‍കിയ വിഷയത്തില്‍ ശിശുക്ഷേമ സമിതി കുടുക്കിലേക്ക്. വിഷയത്തില്‍ ബാലാവകാശ കമ്മീഷന്‍ അന്വേഷണം നടത്തും.  അനുപമ ജന്മം നല്‍കിയ ആണ്‍കുട്ടിയെ പ്രസവിച്ച് മൂന്നുദിവസത്തിനിടെ ബലമായി ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുകയായിരുന്നു. ദത്തുനല്‍കാന്‍ നിയമവിരുദ്ധമായ രീതിയില്‍ അനുപമയില്‍ നിന്ന് സമ്മത പത്രം വാങ്ങിയാണ് പേരൂര്‍ക്കട ജയചന്ദ്രന്‍ എന്ന സിപിഎം നേതാവ് മകളില്‍ നിന്ന് കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ചതെന്നാണ് ആരോപണം.

2020 ഒക്ടോബര്‍ 19നാണ് അനുപമ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അജിത്തുമായി അനുപമ പ്രണയത്തിലായിരുന്നു. വിവാഹിതനായിരുന്ന അജിത്തുമായുള്ള ബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതേതുടര്‍ന്നാണ് പ്രസവിച്ച് മുന്നുദിവസം കഴിഞ്ഞതോടെ കുഞ്ഞിനെ അനുപമയില്‍ നിന്ന് ബലമായി വേര്‍പ്പെടുത്തിയത്.

2020 ഒക്ടോബര്‍ 22 നാണ് കുഞ്ഞിനെ അനുപമയുടെ അമ്മയും അച്ഛനും ചേര്‍ന്ന് ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുന്നത്. കുഞ്ഞിനെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ച വിവരം കുറച്ച് മാസങ്ങള്‍ക്ക് മുമ്പുമാത്രമാണ് അച്ഛന്‍ ജയചന്ദ്രന്‍ വെളിപ്പെടുത്തിയത്. കുഞ്ഞിനെ കടത്തിയതില്‍ ശിശുക്ഷേമ സമിതിക്കും പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

ഒക്ടോബര്‍ 22 ന് രാത്രിയിലാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ ഏല്‍പ്പിച്ചതെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. കുട്ടിയെ ഏല്‍പ്പിച്ചുവെന്ന് പറയുന്ന ദിവസം അമ്മത്തൊട്ടില്‍ പ്രവര്‍ത്തിച്ചിരുന്നില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ശിശുക്ഷേമ സമിതി തലപ്പത്തുള്ളവര്‍ അറിഞ്ഞുകൊണ്ട് തന്നെയാണ് കുഞ്ഞിനെ അവിടെ ജയചന്ദ്രന്‍ എത്തിച്ചതെന്നാണ് വിവരം. 

സഹോദരിയുടെ വിവാഹം കഴിഞ്ഞ് കുഞ്ഞിനെ തിരിച്ച് തരാമെന്ന് പറഞ്ഞിരുന്ന സമയം കഴിഞ്ഞിട്ടും കുട്ടിയെ കിട്ടാതെ വന്നതോടെയാണ് അനുപമ നിയമ വഴിയിലേക്ക് കടന്നത്. എന്നാല്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടായിരുന്നതിനാല്‍ പോലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങി. പ്രശ്നം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് പാര്‍ട്ടിയും ശിശുക്ഷേമ സമിതിയും പ്രതിരോധത്തിലായത്.

പോലീസിന് പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൊടുത്തുവെന്ന് അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ അതിനിടെ തന്നെ കുഞ്ഞിനെ ആന്ധ്രാപ്രദേശിലുള്ള ദമ്പതികള്‍ക്ക് ദത്ത് നല്‍കിയിരുന്നു. ദത്ത് നല്‍കിയെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മാത്രമല്ല കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് ലഭിച്ച ദിവസം കിട്ടിയത് ആണ്‍കുട്ടിയല്ല പെണ്‍കുട്ടിയെന്നാണ് രേഖപ്പെടുത്തിയത്. അന്നേദിവസം മറ്റൊരു കുട്ടിയെകൂടി ലഭിച്ചിരുന്നു. അത് അനുപമയുടെ കുട്ടിയല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. അപ്പോള്‍ ദത്ത് നല്‍കിയത് അനുപമയുടെ കുട്ടിയാണെന്ന് വ്യക്തം. ഒടുക്കം പാര്‍ട്ടിയും ശിശുക്ഷേമ സമിതിയും കുടുക്കിലാകുമെന്ന് കണ്ടതോടെയാണ് അന്വേഷണം ഊര്‍ജിതമാകുന്നതും കാര്യങ്ങള്‍ ദ്രുതഗതിയിലേക്ക് പോകുന്നതും. പോലീസ് അന്വേഷണത്തിനെതിരെയും ആക്ഷേപങ്ങളുണ്ട്.

കുഞ്ഞിനെ തട്ടിയെടുത്ത അച്ഛനെതിരെ പരാതി നല്‍കിയിട്ടും കുട്ടിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്താത്തതും ഗുരുതരമായ ക്രിത്യവിലോപമാണ്. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ശിശുക്ഷേമ സമിതി പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം ഒരു കുടുംബ വിഷയത്തില്‍ വ്യക്തമായ പക്ഷപാതം കാട്ടിയെന്നത് ഗുരുതരമായ സ്ഥിതി വിശേഷമാണ് നിലനില്‍ക്കുന്നത്. 

കുട്ടിയെ ആന്ധ്രാപ്രദേശിലുള്ള ദമ്പതികള്‍ക്ക് ദത്ത് നല്‍കിയത് രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ്. കുഞ്ഞിന് വേണ്ടി അനുപമ പരാതിയുമായി പോലീസിനും അധികാരികള്‍ക്കും മുമ്പില്‍ കയറി ഇറങ്ങി നടക്കുന്ന സമയത്താണ് അനധികൃത ദത്ത് നല്‍കല്‍ ഉണ്ടായിരിക്കുന്നത്. അതിനാല്‍ കൃത്യമായ അന്വേഷണം നടന്നാല്‍ ശിശുക്ഷേമ സമിതിയും പോലീസും ഇടപ്പെട്ട നേതാക്കളും കുടുങ്ങും.