എ.എ. റഹീം, അടൂർ പ്രകാശ് എം.പി. | Photo: മാതൃഭൂമി
തിരുവനന്തപുരം: വെഞ്ഞാറമ്മൂടിലെ ഇരട്ടക്കൊലപാതകത്തിൽ താൻ ഉന്നയിച്ച കാര്യങ്ങൾ കോടതി കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് അടൂർ പ്രകാശ് എം.പി. ഇരട്ടക്കൊലക്കേസിൽ വാദി വിഭാഗത്തിനും പ്രോസിക്യൂഷനും അനുകൂലമായി സാക്ഷികളായ 7 പേരെ, പ്രതികളാക്കി നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഫെയ്സ്ബുക്കിൽ കൂടിയുള്ള അദ്ദേഹത്തിന്റെ പ്രതികരണം. കേസിലെ ഒന്നാം പ്രതി സജീബിന്റെ മാതാവ് കോടതിയിൽ നൽകിയ പരാതിയിലായിരുന്നു സമൻസ്.
എന്തിന് കൊന്നു റഹീമേ എന്ന ചോദ്യത്തോടെയായിരുന്നു അടൂർ പ്രകാശിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. രണ്ട് യുവാക്കളെ തമ്മിലടിപ്പിച്ചു അതിക്രൂരമായി വെട്ടി കൊന്നതിന് ശേഷം അത് ഞാൻ ആസൂത്രണം ചെയ്തതെന്ന് ആരോപണം നടത്തി കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയും കേരളത്തിലെ നൂറ് കണക്കിന് കോൺഗ്രസ് ഓഫിസുകൾ അടിച്ചു തകർക്കാൻ ആഹ്വാനം നടത്തുകയും ചെയ്ത ഡി.വൈ.എഫ്.ഐ. നേതാവ് ഇതിന് സമാധാനം പറയേണ്ടിവരുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
എന്തിന് കൊന്നു റഹീമേ? വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടതിനെ സർക്കാർ തടസ്സപ്പെടുത്തിയത് യഥാർഥ കൊലപാതകം നടത്തിയവരും ആസൂത്രണം ചെയ്തവരും കുടുങ്ങും എന്നതിനാലാണ്. എന്നാൽ ഞാൻ ഉന്നയിച്ച കാര്യങ്ങൾ ഇപ്പോൾ ബഹു. കോടതി കണ്ടെത്തിയതിൽ സന്തോഷമുണ്ട്.
വെഞ്ഞാറമ്മൂടിൽ തിരുവോണ തലേന്ന് നാടിനെ നടുക്കിയ ഇരട്ട കൊലപാതകത്തിലെ യഥാർഥ പ്രതികളെയും അതിന് നേതൃത്വം നൽകിയവരെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ വാങ്ങി നൽകുന്നതിനാണ് ഞാൻ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടത്. ഈ കേസ് ക്രിമിനൽ പശ്ചാത്തലം കാരണം സർവ്വീസിൽ പിരിച്ചു വിടാൻ ശുപാർശ ചെയ്യപ്പെട്ട സി.പി.എം. നേതാക്കളുടെ വിശ്വസ്തനായ തിരുവനന്തപുരം റൂറൽ എസ്.പിയുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്ന് ഞാൻ അന്നേ ഉന്നയിച്ച കാര്യമാണ്. അതേ കാര്യമാണ് ഇപ്പോൾ ബഹു. കോടതിയും കണ്ടെത്തിയിരിക്കുന്നത്.

ഡി.വൈ.എഫ്.ഐ.- സി.പി.എം. നേതാക്കൾ തമ്മിലുള്ള വ്യക്തി വൈരാഗ്യവും പാര്‍ട്ടിയിലെ വിഭാഗീയതയുമാണ് വിവിധ പാർട്ടികളിൽ ഉൾപ്പെട്ട സംഘങ്ങൾ നടത്തിയ സംഘട്ടനവും അത് ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചതും. ഇരട്ട കൊലപാതകം നടന്ന ഉടനെ അന്നത്തെ ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വെഞ്ഞാറമ്മൂട് പോലീസ് സ്റ്റേഷനിൽ എത്തി പ്രതികളെയും സാക്ഷികളെയും തീരുമാനിച്ചത് ഇതിന് തെളിവാണ്. രണ്ട് യുവാക്കളെ തമ്മിലടിപ്പിച്ചു അതിക്രൂരമായി വെട്ടി കൊന്നതിന് ശേഷം അത് ഞാൻ ആസൂത്രണം ചെയ്തതെന്ന് ആരോപണം നടത്തി കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയും കേരളത്തിലെ നൂറ് കണക്കിന് കോൺഗ്രസ് ഓഫിസുകൾ അടിച്ചു തകർക്കാൻ ആഹ്വാനം നടത്തുകയും ചെയ്ത ഡി.വൈ.എഫ്.ഐ. നേതാവ് ഇതിന് സമാധാനം പറയേണ്ടിവരും..
Content Highlights: adoor prakash mp post about venjaramoodu twin murder court decision
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..