AN Shamseer / File Photo: Screengrab of Mathrubhumi News
തിരുവനന്തപുരം: കെ റെയിലിന്റെ തൂണ് പറിച്ചാല്‍ ഇനിയും അടികിട്ടുമെന്ന് എ.എന്‍. ഷംസീര്‍ എംഎല്‍എ. സില്‍വര്‍ ലൈന്‍ സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് സംസാരിക്കുമ്പോഴായിരുന്നു ഷംസീറിന്റെ പ്രസ്താവന. കെ റെയിലിന്റെ പേരില്‍ കേരള പോലീസിന്റെ ഗുണ്ടായിസമാണ് നടക്കുന്നതെന്ന പി.സി വിഷ്ണുനാഥിന്റെ പരാമര്‍ശത്തിനുള്ള മറുപടിയായിട്ടാണ് ഷംസീര്‍ ഇങ്ങനെ പറഞ്ഞത്. കേരളത്തിന്റെ സമ്പദ് ഘടന മെച്ചപ്പെടുത്താന്‍ കേരളത്തിനുള്ള സാധ്യത ടൂറിസമാണെന്നും അതിന് അനിവാര്യമാണ് കെ റെയിലെന്നും ഷംസീര്‍ പറഞ്ഞു. കെ റെയിലിന് എതിരെ ഇപ്പോള്‍ നടക്കുന്നത് ഇവന്റ് മാനേജ്മെന്റ് സമരമാണെന്നും ഷംസീര്‍ ആരോപിച്ചു.
തൂണ് പറിക്കുമ്പോള്‍ കുറച്ച് അടിയൊക്കെ കിട്ടും. ഞങ്ങള്‍ പറയുന്നു, ഇനി പറിച്ചാല്‍ ഇനിയും കിട്ടും. ഇടതുപക്ഷം നടത്തുന്ന വികസനത്തിന് തടസ്സംനില്‍ക്കാന്‍ ആര് ശ്രമിച്ചാലും സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകും, ഷംസീർ പറഞ്ഞു.
കേരളത്തിന്റെ സമ്പദ് ഘടന മെച്ചപ്പെടുത്താന്‍ കേരളത്തിനുള്ള സാധ്യത ടൂറിസമാണ്. അതിനുള്ള മാര്‍ഗമാണ് കെ റെയില്‍. വിദേശ ടൂറിസ്റ്റുകള്‍ വരുന്നതിന് ഏറ്റവും അത്യാവശ്യം കണക്ടിവിറ്റിയാണ്. വിദേശികള്‍ക്ക് വരാനും മടങ്ങിപ്പോകാനും അതിവേഗ റെയില്‍പാത അത്യാവശ്യമാണ്. ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും വര്‍ധിച്ചുവരികയാണ്. കേരളത്തില്‍ ഓടുന്ന ട്രയിനുകളുടെ പരമാവധി വേഗത 52 കിമീ ആണ്. ഇതൊക്കെക്കൊണ്ടാണ് സില്‍വര്‍ ലൈനിലേക്ക് സര്‍ക്കാര്‍ എത്തിയത്.
പരിസ്ഥിതിയേക്കുറിച്ച് ഏറ്റവും മികച്ച കാഴ്ചപ്പാടുള്ളത് ഇടതുപക്ഷത്തിനാണ്. കെ റെയില്‍ വന്നാല്‍ ഉരുള്‍ പൊട്ടുമെന്നാണ് ചിലര്‍ പറയുന്നത്. ഉരുള്‍ എല്ലായിടത്തും പൊട്ടില്ലേ. പ്രളയം ഉണ്ടാകാതെ ചാലുകീറി വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഉണ്ടാക്കാം. വെള്ളത്തിന്റെ ഒഴുക്ക് എവിടെയും തടയപ്പെടുന്നില്ല. 537 കിലോമീറ്റര്‍ കെ റെയിലില്‍ 137 കിലോമീറ്റര്‍ തൂണുകളിലൂടെയും ടണലുകളിലൂടെയുമാണ്. ഒരുതരത്തിലും പരിസ്ഥിതിയെ ബാധിക്കുന്നില്ല. കന്നുകാലിയോ മറ്റു ജീവികളോ പ്രവേശിക്കാതിരിക്കുന്നതിനാണ് ഫെന്‍സിങ്.
ഗ്രാമങ്ങളില്‍ നാലിരട്ടിയും പട്ടണങ്ങളില്‍ രണ്ടിരട്ടിയും വിലനിശ്ചയിച്ചാണ് നഷ്ടപരിഹാരം കൊടുക്കുന്നത്. എല്ലാ തരത്തിലും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇവിടെ ഇപ്പോള്‍ നടക്കുന്നത് ഇവന്റ് മാനേജ്മെന്റ് സമരമാണ്. ദേശീയപാതയെയും ഉള്‍നാടന്‍ ജലഗതാഗതത്തെയും കെറെയിലിനെയും എല്ലാം എതിര്‍ക്കുന്നത് ഇവന്റ് മാനേജ്മെന്റാണ്. ആ ഇവന്റ് മാനേജ്മെന്റില്‍ ഒരു ടീമാണ് കോണ്‍ഗ്രസും ലീഗും അടങ്ങുന്ന യുഡിഎഫും പിന്നെ ബിജെപിയും സാമുദായിക മൗദൂദിസ്റ്റുകളുമെന്നും ഷംസീര്‍ പറഞ്ഞു.
Content Highlights: Adjournment Motion Silverline project at Kerala Assembly- a n shamseer speech
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..