.
അടിമാലി: നാടകീയമായിരുന്നു എല്ലാം. യു.ഡി.എഫ്. നല്‍കിയ അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്ന തിങ്കളാഴ്ച രാവിലെതന്നെ ഇടത്-വലതുമുന്നണി പ്രവര്‍ത്തകര്‍ അടിമാലി പഞ്ചായത്ത് ഓഫീസിന് മുന്‍പിലുണ്ടായിരുന്നു. പ്രമേയത്തെ അനുകൂലിക്കുന്നവരെ ഒരുകൂട്ടര്‍ തടയുമെന്ന അഭ്യൂഹവുമുണ്ടായി.
എന്നാല്‍, അതിനും മണിക്കൂറുകള്‍ക്കുമുമ്പ് സിനിമയെ വെല്ലുന്ന ട്വിസ്റ്റ് നടന്നിരുന്നു. പുലര്‍ച്ചെ മൂന്നുമണിക്കുതന്നെ പഞ്ചായത്ത് ഓഫീസിന്റെ പിന്‍വാതിലിലൂടെ അകത്തുകടന്ന യു.ഡി.എഫും പ്രമേയത്തെ പിന്തുണയ്ക്കുന്ന മറ്റ് രണ്ട് അംഗങ്ങളും കാത്തിരിക്കുകയായിരുന്നു. സമയമായപ്പോള്‍ പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തു. അത് പാസായതോടെ എല്‍.ഡി.എഫിന്റെ ഭരണവും പോയി.
പ്രസിഡന്റ് ഷേര്‍ലി മാത്യു, വൈസ് പ്രസിഡന്റ് മേരി തോമസ് എന്നിവര്‍ക്കെതിരേയുള്ള അവിശ്വാസമാണ് പാസായത്. സ്വതന്ത്രന്റെയും സി.പി.ഐ. ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച പഞ്ചായത്തംഗത്തിന്റെയും പിന്തുണയോടെയാണ് യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം പാസായത്.
ഒരാഴ്ച മുമ്പ് ആദ്യ ട്വിസ്റ്റ്
21-അംഗ ഭരണസമിതിയില്‍ എല്‍.ഡി.എഫ്.-11, യു.ഡി.എഫ്.-ഒന്‍പത്, സ്വതന്ത്രന്‍-ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. സ്വതന്ത്രനായി ജയിച്ച വി.ടി.സന്തോഷും എല്‍.ഡി.എഫിന് പിന്തുണ നല്‍കി. എല്‍.ഡി.എഫ്. ഭരണനേതൃത്വത്തിനെതിരേ മേയ് 23-നാണ് യു.ഡി.എഫ്. അവിശ്വാസ പ്രമേയത്തിന് കത്തുനല്‍കിയത്.
ഇതിനുപിന്നാലെ മന്നാംകാല വാര്‍ഡില്‍നിന്ന് സി.പി.ഐ.യുടെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച സനിതാ സജി പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. ഇതായിരുന്നു ആദ്യ ട്വിസ്റ്റ്. ഇവര്‍ കുറച്ചുനാളായി പാര്‍ട്ടിയുമായി അകന്നു നില്‍ക്കുകയായിരുന്നു. ഇതോടെ, യു.ഡി.എഫ്. സനിതയുമായി ചര്‍ച്ച നടത്തി. സ്വതന്ത്രനെ പാളയത്തില്‍ എത്തിക്കാനും യു.ഡി.എഫിനായി. ഇതോടെ അവിശ്വാസം പാസാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നു.
ഫൈനല്‍ ട്വിസ്റ്റ്
അവിശ്വാസത്തെ അനുകൂലിക്കുന്ന 11 അംഗങ്ങള്‍ തിങ്കളാഴ്ച പുലര്‍ച്ചെ പഞ്ചായത്ത് ടൗണ്‍ഹാളിന്റെ പിന്‍വാതിലിലൂടെ ഹാളിലെത്തി നിലയുറപ്പിച്ചിരുന്നു. ഒന്‍പതുമണിയോടെയാണ് ഈ വിവരം പുറത്തറിയുന്നത്.
11 അംഗങ്ങള്‍ ടൗണ്‍ഹാളില്‍ എത്തിയെന്നറിഞ്ഞതോടെ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ ഗേറ്റിന് മുന്‍പില്‍നിന്ന് പിരിഞ്ഞുപോയി. തങ്ങളെത്തിയാലും അവിശ്വാസം പാസാകും എന്ന് മനസ്സിലായതോടെ ഇടതുമുന്നണി അംഗങ്ങള്‍ അവിശ്വാസ ചര്‍ച്ചയില്‍നിന്ന് വിട്ടുനിന്നു.
എന്നാല്‍, ക്വാറം തികഞ്ഞതോടെ അടിമാലി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കുകയായിരുന്നു.
പഞ്ചായത്തിലെ പ്രസിഡന്റുസ്ഥാനം വനിതയ്ക്ക് സംവരണം ചെയ്തിരിക്കുകയാണ്. സി.പി.ഐ.യില്‍നിന്നെത്തിയ സനിത യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. കാഞ്ഞിരവേലി ഡിവിഷനില്‍നിന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച സന്തോഷ് വൈസ് പ്രസിഡന്റുസ്ഥാനത്തേക്ക് മത്സരിക്കുമെന്നും സൂചനയുണ്ട്.
അടിമാലി പഞ്ചായത്ത് ഓഫീസ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നും പഞ്ചായത്തിലെ വികസന പദ്ധതികള്‍ പലതും എല്‍.ഡി.എഫ്. ഭരണസമിതി അട്ടിമറിക്കുന്നുവെന്നും ആരോപിച്ചാണ് യു.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശ പ്രകാരം അംഗങ്ങള്‍ക്ക് ഏഴുദിവസം മുമ്പ് നോട്ടീസ് നല്‍കി വരണാധികാരിയുടെ സാന്നിധ്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് അടിമാലി ബി.ഡി.ഒ. പ്രവീണ്‍ വാസു അറിയിച്ചു.
Content Highlights: Adimali Grama Panchayath-ldf-udf


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..