ആഭ്യന്തര സെക്രട്ടറി വി.വേണുവും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടപ്പോൾ
കായംകുളം/പത്തനംതിട്ട: ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി. വേണുവും ഭാര്യയും തദ്ദേശവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ശാരദാ മുരളീധരനും അപകടത്തില്‍പ്പെട്ടത് ഇവരുടെ കാര്‍ റോഡില്‍ വലത്തേക്കു നീങ്ങിയതിനാലെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ റിപ്പോര്‍ട്ട്. കായംകുളം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് ചൊവ്വാഴ്ച ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്തിനു നല്കി.
കാര്‍ റോഡിന്റെ വലതുവശത്തേക്കു നീങ്ങിയാണ് സഞ്ചരിച്ചത്. ലോറിയില്‍ ഇടിച്ചതിനുശേഷമാണു ഡ്രൈവര്‍ ബ്രേക്കിട്ടത്. ഡ്രൈവറുടെ കൈയില്‍നിന്നു കാര്‍ പാളിപ്പോയതാകാനാണു സാധ്യത. ലോറി സാധാരണവേഗത്തില്‍ ശരിയായ ദിശയിലാണ് ഓടിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുവാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുമുണ്ട്.
തിങ്കളാഴ്ച ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ അപകടസ്ഥലത്തെത്തിയിരുന്നു. ദേശീയപാതയില്‍ എം.എസ്.എം. കോളേജിനു വടക്ക് തിങ്കളാഴ്ച പുലര്‍ച്ചേ പന്ത്രണ്ടരയോടെയായിരുന്നു അപകടം. കൊച്ചി ബിനാലെ കണ്ട് തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു വേണുവും കുടുംബവും.
മകന് ശബരി (22), ഡ്രൈവര്‍ അഭിലാഷ് (44), ഗണ്മാന് സുഭാഷ് (49), ശബരിയുടെ സുഹൃത്തുക്കളായ പ്രണവ് (22), സൗരവ് (22) എന്നിവരടക്കം ഏഴുപേര്‍ക്കാണ് പരിക്കേറ്റത്. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലുള്ള വി. വേണുവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനാല്‍ ബുധനാഴ്ച മുറിയിലേക്കു മാറ്റും. മറ്റുള്ളവരുടെ സ്ഥിതി നേരത്തേ മെച്ചപ്പെട്ടിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ 65-ാം നമ്പര്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ലോറി ഡ്രൈവറായ തെങ്കാശി സ്വദേശി കണ്ണന്, ക്ലീനര്‍ ഇസാക്കി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചിരുന്നു. ഇരുവര്‍ക്കും പരിക്കില്ല.
Content Highlights: Additional Chief Secretaries accident incident- lorry in right direction
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..