Vijay Babu. Photo: Instagram/actor_vijaybabu
കൊച്ചി: യുവനടിയെ ബലാത്സംഗംചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുത്തു. ഈ ഫ്ളാറ്റില്‍വെച്ചും വിജയ് ബാബു തന്നെ പീഡിപ്പിച്ചതായി യുവനടി പരാതിയില്‍ പറഞ്ഞിരുന്നു. കൊച്ചി സൗത്ത് പോലീസ് വെള്ളിയാഴ്ച വൈകീട്ടോടെയാണ് പ്രതിയെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
വിജയ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരേ പോലീസ് അടുത്തദിവസം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നുണ്ട്. ഈ ഘട്ടത്തില്‍ കൂടുതല്‍ തെളിവുകള്‍ സുപ്രീംകോടതിക്ക് മുന്നില്‍ എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിജയ് ബാബുവിനെ മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലെത്തിച്ചും തെളിവെടുപ്പ് നടത്തിയത്. കടവന്ത്രയിലെ ഫ്ളാറ്റിലെത്തിച്ചും നേരത്ത തെളിവെടുത്തിരുന്നു.
പീഡനം നടന്ന ദിവസം ഫ്ളാറ്റുകളില്‍ വിജയ് ബാബു എത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന സാക്ഷി മൊഴികള്‍, സിസിടിവി ദൃശ്യങ്ങള്‍, ടവര്‍ ലൊക്കേഷന്‍ എന്നിവ അടക്കമുള്ള വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചുവരുകയാണ്. മൂന്നാം തിയതി വരെ പോലീസിന് മുന്നില്‍ വിജയ് ബാബു ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇതിനുള്ളില്‍ ചോദ്യംചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കാനാണ് പോലീസ് ശ്രമം.
വിജയ് ബാബു കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ശേഖരിച്ചതായി നേരത്തെ കൊച്ചി ഡിസിപി സൂചിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി കൂടിയാണ് കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ എത്തിക്കാനുള്ള നീക്കം പോലീസ് ഊര്‍ജിതമാക്കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..