തൃശ്ശൂര്‍: സി.പി.എം. ഗുരുവായൂര്‍ തൈക്കാട് വെസ്റ്റ് ബ്രാഞ്ച് സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ നടി നവ്യാനായരും. കഴിഞ്ഞദിവസം നടന്ന കുടുംബസംഗമത്തിലാണ് നവ്യാനായര്‍ പങ്കെടുത്തത്. 

കമ്മ്യൂണിസത്തെ സംബന്ധിച്ചും മാര്‍ക്സിസത്തെക്കുറിച്ചും കൂടുതല്‍ പറയാന്‍ അറിയില്ലെങ്കിലും ചുവപ്പുകൊടി ഒരു ആവേശമാണെന്ന് നവ്യാ നായര്‍ പറഞ്ഞു.  വീടും കിടപ്പാടവും വിറ്റ് പ്രവര്‍ത്തിച്ചവരുടെ പാര്‍ട്ടിയെയാണ് ഇഷ്ടപ്പെടുന്നത്. അത് ഒരിക്കലും മരിക്കരുതേ എന്നാണ് ആഗ്രഹം. കഷ്ടപ്പെടുന്നവന്റെ വേദന മനസിലാക്കുന്നവന്റെ കാലം എന്നും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. ഇടയ്ക്ക് ചില വിഷമങ്ങള്‍ ഉണ്ടാകാറുണ്ട്. അത് ഒരിക്കലും ഉണ്ടാവരുതേ എന്ന് ആഗ്രഹിക്കുന്നതായും നവ്യാ നായര്‍ പറഞ്ഞു. 

വേദിയിലേക്ക് കയറിവന്ന ഒരു ചുമട്ടുതൊഴിലാളി ചെരിപ്പ് അഴിച്ചിട്ടാണ് കയറിയത്. അദ്ദേഹം അത് ചെയ്തപ്പോള്‍ താന്‍ ശ്രദ്ധിച്ചെന്നും എല്ലാ വേദിയിലും തൊഴുതിട്ടാണ് കയറാറുള്ളതെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് ഇന്ന് അങ്ങനെ ചെയ്തില്ലെന്ന് പറഞ്ഞ നവ്യാനായര്‍ വേദിയെ തൊട്ടുതൊഴുകയും ചെയ്തു. ലാല്‍സലാം പറഞ്ഞ് നടി പ്രസംഗം അവസാനിപ്പിച്ചെങ്കിലും കവിത ആലപിക്കണമെന്ന അഭ്യര്‍ഥനയെ തുടര്‍ന്ന് വീണ്ടും മൈക്കിന് മുന്നിലെത്തി. വയലാറിന്റെ അശ്വമേധം എന്ന കവിതയിലെ ഏതാനും വരികളാണ് നവ്യ ആലപിച്ചത്. 

ഏരിയാ സെക്രട്ടറി എം. കൃഷ്ണദാസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. പി. ശങ്കുണ്ണി രാജ് അധ്യക്ഷനായി. കെ.ആര്‍. സൂരജ്, കെ.എന്‍. രാജേഷ്, എ.വി. പ്രശാന്ത്, ബൈജു എന്നിവര്‍ പ്രസംഗിച്ചു.

 

Content Highlights: actress navya nair speech in cpm thaikkad branch committee family meet thrissur