പോലിസ് പുറത്തുവിട്ട പ്രതികളുടെ ചിത്രം | Screengrab: Mathrubhumi News
കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. രണ്ട് പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞെന്നാണ് സൂചന. കഴിഞ്ഞ ദിവസം പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കേസില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടായത്.
ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ ചിലര്‍ പോലീസിന് വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രതികള്‍ മലപ്പുറം സ്വദേശികളാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. സൈബല്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ച് സംശയിക്കുന്നവര്‍ തന്നെയാണ് പ്രതികളെന്ന് സ്ഥിരീകരിച്ച് അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസിന്റെ നീക്കം.
വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കുടുംബത്തോടൊപ്പം കൊച്ചിയിലെ മാളില്‍ എത്തിയ തന്നെ രണ്ട് ചെറുപ്പക്കാര്‍ അപമാനിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചശേഷം പിന്തുടര്‍ന്നുവെന്നും നടി സാമൂഹിക മാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെ അന്വേഷണം നടത്താന്‍ കളമശ്ശേരി പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.
പ്രതികള്‍ എറണാകുളം ഭാഗത്തു നിന്ന് മാളിലേക്ക് എത്തിയതായാണ് പോലീസ് കരുതുന്നത്. ശേഷം ഇവര്‍ ഇതേ ഭാഗത്തേക്ക് പോയതാണ് പോലീസിന്റെ നിഗമനം. മാളിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് പ്രതികള്‍ മാസ്‌ക് ധരിച്ചാണ് മാളിനുള്ളില്‍ പ്രവേശിച്ചതെന്ന് കണ്ടെത്തിയിരുന്നു. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം മാളിനുള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ പേരും ഫോണ്‍ നമ്പറും എഴുതി നല്‍കേണ്ടതുണ്ട്. എന്നാല്‍, ഇവര്‍ ഇത് രേഖപ്പെടുത്താന്‍ കൂട്ടാക്കിയിരുന്നില്ല.
വ്യാഴാഴ്ച വൈകീട്ട് 5.15-ന് മാളില്‍ കടന്ന പ്രതികള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലാണ് പ്രവേശിച്ചത്. അവിടെ കറങ്ങിനടന്നതല്ലാതെ സാധനങ്ങളൊന്നും വാങ്ങിയില്ല. ശേഷം 8.30-ന് മെട്രോയില്‍ മടങ്ങുകയായിരുന്നു. ഇവര്‍ മെട്രോയില്‍ നിന്ന് ഇറങ്ങി റെയില്‍വേ സ്റ്റേഷനിലെത്തിയതായും പോലീസിന് വിവരമുണ്ട്. അവിടെ തീവണ്ടിയില്ല എന്നു കണ്ടതോടെ റോഡ് മാര്‍ഗം ഇവിടെനിന്ന് കടന്നതായാണ് കരുതുന്നത്. ഇതിനാല്‍ത്തന്നെ പ്രതികള്‍ ജില്ലയ്ക്കു പുറത്തുനിന്നുള്ളവരാണെന്നാണ് പോലീസ് കരുതുന്നത്.
പോലീസിന് പുറമേ വനിതാ കമ്മിഷനും യുവജന കമ്മിഷനും സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. നടിയുടെ മൊഴി ശനിയാഴ്ച എടുക്കാന്‍ വനിതാ കമ്മിഷന്‍ തീരുമാനിച്ചിരുന്നെങ്കിലും നടി ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സ്ഥലത്തില്ലാത്തതിനാല്‍ മൊഴിയെടുക്കാന്‍ സാധിച്ചില്ല. ഷൂട്ടിങ് കഴിഞ്ഞ് എത്തിയാല്‍ നേരിട്ട് കണ്ട് മൊഴിയെടുക്കുമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ അറിയിച്ചു.
content highlights: actress molested in shopping mall, police identified culprits
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..