കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ്ജിനെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി നോട്ടീസ് നല്‍കും. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നാളെയാണ് അന്വേഷണ സംഘം പിസി ജോര്‍ജ്ജിന് നോട്ടീസ് നല്‍കുക. തെളിവുകളുമായി ഹാജരാകണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടും.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടന്‍ ദീലീപിനെതിരായി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ദിലീപിനെ പിന്തുണച്ച് പി.സി ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു. കൂടാതെ, ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നതായും പി.സി ജോര്‍ജ് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പിസി ജോര്‍ജ്ജിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥന്‍ എ.വി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ദിലീപിനെ കുടുക്കിയത് ജയില്‍ സൂപ്രണ്ടാണെന്ന് പി സി ജോര്‍ജ് ആരോപിച്ചിരുന്നു. ജയിലില്‍നിന്ന് പണമാവശ്യപ്പെട്ടുകൊണ്ടുള്ള പള്‍സര്‍ സുനിയുടെ കത്ത് പുറത്തുവന്നത് സൂപ്രണ്ടിന്റെ അനുമതിയോടെയാണ്. കത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചതിലും ദുരൂഹതയുണ്ടെന്നും പി.സി ജോര്‍ജ് ആരോപിച്ചിരുന്നു.